World

ഇന്ത്യയില്‍നിന്ന് 10 ദശലക്ഷം ആസ്ട്രാസെനെക കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ യുകെയിലേയ്ക്ക്

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ എസ്‌ഐഐ ഡസന്‍ കണക്കിന് ദരിദ്ര, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനെക വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

ഇന്ത്യയില്‍നിന്ന് 10 ദശലക്ഷം ആസ്ട്രാസെനെക കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ യുകെയിലേയ്ക്ക്
X

ലണ്ടന്‍: സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) നിര്‍മിച്ച 10 ദശലക്ഷം ആസ്ട്രാസെനെക കൊവിഡ് 19 വാക്‌സിന്‍ ഡോസുകള്‍ അടിയന്തരമായി വാങ്ങാനൊരുങ്ങി ബ്രിട്ടന്‍. അസ്ട്രാസെനെകയുടെ 100 ദശലക്ഷം ഡോസുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. അതില്‍ 10 ദശലക്ഷം ഡോസുകള്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍നിന്ന് ഉടന്‍ വരും- യുകെ സര്‍ക്കാര്‍ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ എസ്‌ഐഐ ഡസന്‍ കണക്കിന് ദരിദ്ര, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനെക വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

അതേസമയം, ദരിദ്ര്യരാജ്യങ്ങളുടെ ചെലവില്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ വന്‍തോതില്‍ കൈമാറുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ബംഗ്ലാദേശ് മുതല്‍ ബ്രസീല്‍ വരെയുള്ള താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അസ്ട്രാസെനെക, കൊവിഷീല്‍ഡ് വാക്‌സിനുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് അസ്ട്രാസെനെകയുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം, ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും യുകെയ്ക്ക് ഡോസുകള്‍ നല്‍കുന്നത് ഇതിനെ ബാധിക്കില്ലെന്നുമാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉറപ്പ്. അതനുസരിച്ചാണ് കരാറുണ്ടാക്കിയത്. കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പ്രക്രിയയില്‍ ബ്രിട്ടന്‍ മുന്നിലാണ്. ഇതുവരെ 20.5 ദശലക്ഷം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ നല്‍കിയെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരിയില്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) എസ്‌ഐഐയിലെ നിര്‍മാണ പ്രക്രിയകള്‍ ഓഡിറ്റുചെയ്യുന്നുണ്ടെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ടാം പാദത്തില്‍ 180 ദശലക്ഷം ആസ്ട്രാസെനെക വാക്‌സിന്‍ ഡോസുകള്‍ യൂറോപ്യന്‍ യൂനിയന് എത്തിക്കാമെന്നാണ് കരാര്‍.

Next Story

RELATED STORIES

Share it