World

വൈഗൂര്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം; ചൈനീസ് എംബസിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

വൈഗൂര്‍ സ്ത്രീകളുടെ മനസ് 'മോചിപ്പിക്കപ്പെട്ടു', ഇനി 'കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങള്‍' അല്ലെന്നും എന്ന വിവാദ ട്വീറ്റാണ് നടപടിക്ക് കാരണമായിരിക്കുന്നത്. നീക്കം ചെയ്യപ്പെടാതെ കിടന്ന പോസ്റ്റ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.

വൈഗൂര്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം; ചൈനീസ് എംബസിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍
X

കാലഫോര്‍ണിയ: ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ വൈഗൂര്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശമടങ്ങിയ ട്വീറ്റ് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അമേരിക്കയിലെ ചൈനീസ് എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി. വൈഗൂര്‍ സ്ത്രീകളുടെ മനസ് 'മോചിപ്പിക്കപ്പെട്ടു', ഇനി 'കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങള്‍' അല്ലെന്നും എന്ന വിവാദ ട്വീറ്റാണ് നടപടിക്ക് കാരണമായിരിക്കുന്നത്. നീക്കം ചെയ്യപ്പെടാതെ കിടന്ന പോസ്റ്റ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ജനുവരി ഏഴിന് പങ്കുവച്ച ഈ ട്വീറ്റ് അക്കൗണ്ട് ഉടമ തന്നെ നീക്കം ചെയ്താലെ അക്കൗണ്ട് തിരികെ ലഭിക്കുകയുള്ളൂ. @ChineseEmbinUS എന്ന അക്കൗണ്ടാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്.

ജനുവരി ഒമ്പതിനുശേഷം ഒന്നും തന്നെ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്യപ്പെട്ടിട്ടില്ല. ഒരു കൂട്ടം ആളുകളുടെ മതം, വംശം, ജാതി, പ്രായം, വൈകല്യം എന്നിവ അടിസ്ഥാനമാക്കി മനുഷ്യത്വരഹിതമായ പരാമര്‍ശം നടത്തുന്നത് ഞങ്ങള്‍ നിരോധിച്ചിരിക്കുന്നു- ട്വിറ്റര്‍ വക്താവ് ആര്‍സ് പറഞ്ഞു. ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ വൈഗൂര്‍ മുസ്‌ലിംകള്‍ ഭരണകൂടത്തില്‍നിന്ന് നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പടെയുള്ള ക്രൂരതകള്‍ നേരിട്ടുവരികയാണ്. ഇതിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് അമേരിക്കയിലെ ചൈനീസ് എംബസിയുടെ ട്വീറ്റ് പുറത്തുവന്നത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രകോപനം സൃഷ്ടിക്കുകയും വൈഗൂര്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേ ചൈനീസ് സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടപടിയാണ് സ്വീകരിക്കുന്നതെന്നും പോസ്റ്റ് ട്വിറ്റര്‍ നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

മാനുഷികവല്‍ക്കരണ നയങ്ങള്‍ ട്വീറ്റ് ലംഘിച്ചതായി മൈക്രോബ്ലോഗിങ് സൈറ്റ് അറിയിച്ചതായി ആര്‍സ് ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ചൈനീസ് എംബസി ഇതുവരെയായും പ്രതികരിച്ചിട്ടില്ല. കുറഞ്ഞത് ഒരുദശലക്ഷം വൈഗൂര്‍ മുസ് ലിംകളെയും അല്ലാത്ത മുസ്‌ലിംകളെയും ക്യാംപുകളില്‍ ചൈനീസ് ഭരണകൂടം തടങ്കലില്‍ വച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ പാനല്‍ കണ്ടെത്തിയത്. അതേസമയം, വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന വംശഹത്യ ആരോപണം ചൈന നിഷേധിക്കുകയാണ് ചെയ്തുവരുന്നത്.

Next Story

RELATED STORIES

Share it