World

അഫ് ഗാനുമായുള്ള ചര്‍ച്ചകള്‍ക്ക് 20 അംഗ പ്രത്യേകസംഘത്തെ നിയോഗിച്ച് താലിബാന്‍

അമേരിക്കയും താലിബാനും ഫെബ്രുവരി 29നാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്. താലിബാനുവേണ്ടി മുല്ല അബ്ദുല്‍ ഘാനി ബരാദനും യുഎസ് പ്രതിനിധിയുമായി ഖത്തറിലെ താലിബാന്റെ രാഷ്ട്രീയ കാര്യാലയ ആസ്ഥാനത്തുവച്ചായിരുന്നു കരാര്‍ ഒപ്പിടല്‍. അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനും അഫ് ഗാന്‍ അന്തര്‍ദേശീയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയതായിരുന്നു കരാര്‍.

അഫ് ഗാനുമായുള്ള ചര്‍ച്ചകള്‍ക്ക് 20 അംഗ പ്രത്യേകസംഘത്തെ നിയോഗിച്ച് താലിബാന്‍
X

ഇസ്‌ലാമാബാദ്: അഫ് ഗാന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് 20 പേരടങ്ങുന്ന പ്രത്യേകസംഘത്തെ സജ്ജമാക്കി താലിബാന്‍. കൗണ്‍സിലിലെ അംഗങ്ങളില്‍ 13 പേരും താലിബാന്‍ നേതൃസമിതിയില്‍നിന്നുള്ളവരാണ്. മൗലവി ഹിബാത്തുല്ല അഖുന്‍സദയാണ് സംഘത്തെ തിരഞ്ഞെടുത്തത്. അജണ്ടകള്‍ നിശ്ചയിക്കാനും തന്ത്രങ്ങള്‍ തീരുമാനിക്കാനും കാബൂളിലെ അഫ് ഗാന്‍ സര്‍ക്കാര്‍ രാഷ്ട്രീയനേതൃത്വവുമായി കരാറുകളില്‍ ഒപ്പുവയ്ക്കാനും ചര്‍ച്ചാസംഘത്തിന് അധികാരമുണ്ടായിരിക്കുമെന്ന് താലിബാന്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഇതൊരു ശക്തമായ സംഘമാണെന്നും തീരുമാനമെടുക്കാനുള്ള എല്ലാ അധികാരങ്ങളും ചര്‍ച്ചാസംഘത്തിന്റേതാണെന്നും സ്റ്റാനിക്‌സായ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും താലിബാനും ഫെബ്രുവരി 29നാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്. താലിബാനുവേണ്ടി മുല്ല അബ്ദുല്‍ ഘാനി ബരാദനും യുഎസ് പ്രതിനിധിയുമായി ഖത്തറിലെ താലിബാന്റെ രാഷ്ട്രീയ കാര്യാലയ ആസ്ഥാനത്തുവച്ചായിരുന്നു കരാര്‍ ഒപ്പിടല്‍. അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനും അഫ് ഗാന്‍ അന്തര്‍ദേശീയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയതായിരുന്നു കരാര്‍. സ്ഥിരമായ വെടിനിര്‍ത്തല്‍, ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍, ഭരണഘടനാപരമായ മാറ്റങ്ങള്‍ എന്നിവ കരാറിലുള്‍പ്പെടുന്നു.

സമാധാന കരാറിലെ നിര്‍ണായക വ്യവസ്ഥയായ താലിബാനും അഫ് ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള തുടര്‍ചര്‍ച്ചകള്‍ ആഗസ്ത് 20ന് ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ല. ഈമാസം ആദ്യം നടന്ന ചര്‍ച്ചകളുടെ ഭാഗമായി അഫ് ഗാന്‍ സര്‍ക്കാര്‍ കസ്റ്റഡിയിലുള്ള താലിബാന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പരമ്പരാഗത ഉന്നതതല സമിതി അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, താലിബാന്റെ കസ്റ്റഡിയിലുള്ള തങ്ങളുടെ 22 കമാന്‍ഡോകളെ മോചിപ്പിക്കാതെ അവരുടെ തടവുകാരെ മോചിപ്പിക്കാനാവില്ലെന്ന് അഫ് ഗാന്‍ നിലപാടെടുക്കുകയും ഉന്നതതല സമിതിയുടെ തീരുമാനം തള്ളുകയും ചെയ്തതോടെ ചര്‍ച്ചകള്‍ വഴിമുട്ടി.

ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്ന് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് പ്രതികരിച്ചു. ന്യായീകരണം അവസാനിപ്പിച്ച് എത്രയുംവേഗം തടവുകാരെ വിട്ടയച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്ന് അഫ് ഗാന്‍ അധികാരികളെ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം അമേരിക്കയോട് അഭ്യര്‍ഥിച്ചു. അമേരിക്കയും താലിബാനുമായി ഒപ്പുവച്ച കരാര്‍ അനുസരിച്ച് അഫ് ഗാന്‍ സര്‍ക്കാര്‍ 5,000 താലിബാന്‍ തടവുകാരെ മോചിപ്പിക്കും. പകരം അഫ് ഗാന്‍ സര്‍ക്കാരിന്റെ ആയിരം സൈനികരെ താലിബാന്‍ വിട്ടയക്കണം. താലിബാന്‍ വാഗ്ദാനം ചെയ്ത ആയിരം തടവുകാരെ ഇതിനകം മോചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ പറയുന്ന കമാന്‍ഡോകളെക്കുറിച്ച് തനിക്കറിയില്ലെന്ന് താലിബാന്റെ രാഷ്ട്രീയ ഓഫിസ് വക്താവ് സുഹൈല്‍ ഷഹീന്‍ വിശദീകരിച്ചു.

Next Story

RELATED STORIES

Share it