World

ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ വ്യോമതാവളം അമേരിക്കയ്ക്ക് വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍

ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ വ്യോമതാവളം അമേരിക്കയ്ക്ക് വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍
X

മാഡ്രിഡ്: ഇറാനെതിരായ സൈനിക നീക്കത്തിന് തങ്ങളുടെ വ്യോമതാവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന നിലപാടില്‍ സ്‌പെയിന്‍. ഇറാനെതിരായ യുഎസ്- ഇസ്രായേല്‍ സംയുക്ത ആക്രമണത്തേയും സ്‌പെയിന്‍ അപലപിച്ചു. സ്‌പെയിന്‍ അനുമതി നിഷേധിച്ചതോടെ യുഎസ് യുദ്ധവിമാനങ്ങള്‍ രാജ്യം വിട്ടു. സ്‌പെയിനിന്റെ ഈ കര്‍ശന നിലപാട് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്കയുടെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ആക്രമണം അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും ന്യായീകരിക്കാനാവാത്തതുമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24 പ്രകാരം, 15 യുഎസ് വിമാനങ്ങള്‍ തെക്കന്‍ സ്പെയിനിലെ താവളങ്ങളില്‍ നിന്ന് പോയിട്ടുണ്ട്. റോട്ട, മൊറോണ്‍ താവളങ്ങളില്‍ നിന്നാണ് 15 അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പിന്‍വാങ്ങിയത്. കുറഞ്ഞത് ഏഴ് വിമാനങ്ങളെങ്കിലും ജര്‍മനിയിലെ റാംസ്‌റ്റൈന്‍ എയര്‍ബേസില്‍ ഇറങ്ങിയതായും ഫ്‌ലൈറ്റ് റഡാറില്‍ കാണിക്കുന്നു. സ്‌പെയിനിന്റെ വ്യോമാതിര്‍ത്തിയും താവളങ്ങളും ആക്രമണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ഹോസെ മാനുവല്‍ അല്‍ബാരെസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളേയും സ്‌പെയിന്‍ അപലപിച്ചു.

തങ്ങളുടെ പരമാധികാരത്തിലുള്ള സൈനിക താവളങ്ങള്‍ മറ്റൊരു രാജ്യത്തിന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിക്കാന്‍ അനുവാദം നല്‍കില്ലെന്നാണ് സ്‌പെയിനിന്റെ നിലപാട്. ഇറാനെതിരായ സൈനിക നടപടിയെ സ്‌പെയിന്‍ നേരത്തെ തന്നെ അപലപിച്ചിരുന്നു. ഇറാനെതിരായ ആക്രമണത്തിന് ബ്രിട്ടന്‍ ആദ്യം തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് ആസ്തികളേയും ഗള്‍ഫ് മേഖലയിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്‍ പ്രത്യാക്രമണങ്ങളോടെ ഞായറാഴ്ച, പ്രധാനമന്ത്രി സ്റ്റാര്‍മര്‍ അവ ഉപയോഗിക്കാന്‍ അനുമതി നല്‍കി.

സ്‌പെയിനില്‍ പ്രധാനമായും രണ്ട് വലിയ സൈനിക കേന്ദ്രങ്ങളാണ് അമേരിക്കയ്ക്കുള്ളത്. റോട്ട നേവല്‍ ബേസും മോറോണ്‍ എയര്‍ ബേസും. ഇവ രണ്ടും സ്പാനിഷ് സേനയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. സ്‌പെയിനിലെ കാഡിസ് എന്ന സ്ഥലത്താണ് റോട്ട നേവല്‍ ബേസ് സ്ഥിതി ചെയ്യുന്നത്. അമേരിക്കന്‍ നാവികസേനയുടെ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട താവളങ്ങളില്‍ ഒന്നാണിത്. സെവിയ്യക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന മോറോണ്‍ എയര്‍ ബേസ് അമേരിക്കന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനും മറ്റ് ലോജിസ്റ്റിക് ആവശ്യങ്ങള്‍ക്കുമായാണ് ഉപയോഗിക്കുന്നത്.

Next Story

RELATED STORIES

Share it