World

കോറോണ ഭീതി; ഹോങ്കോങ്ങിലും ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു

കപ്പലിലെ മൂന്നുപേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കപ്പലിലുള്ളവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

കോറോണ ഭീതി; ഹോങ്കോങ്ങിലും ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു
X

ഹോങ്കോങ് സിറ്റി: കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ഹോങ്കോങ്ങിലും ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു. വേള്‍ഡ് ഡ്രീം എന്ന കപ്പലാണ് പിടിച്ചിട്ടിരിക്കുന്നത്. ഇതിലെ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ 3,688 പേരില്‍ 78 പേര്‍ ഇന്ത്യക്കാരാണ്. കപ്പലിലെ മൂന്നുപേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കപ്പലിലുള്ളവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച ഉച്ചവരെ നടത്തിയ പരിശോധനയില്‍ 35 ജീവനക്കാരുടെയും ഒമ്പത് യാത്രക്കാരുടെയും ഫലം നെഗറ്റീവ് ആണെങ്കിലും അവര്‍ക്ക് ശ്വാസകോശസംബന്ധമായ അണുബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. അതുകൊണ്ട് ചൊവ്വാഴ്ചയോടെ എല്ലാവരുടെയും പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം കപ്പല്‍ വിടാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഹോങ്കോങ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടില്ല. കൊറോണ ഭീതിയെത്തുടര്‍ന്ന് കപ്പല്‍ പിടിച്ചിട്ടതുമൂലം കുടുങ്ങിയ വിവരം പലരും വാട്‌സ് ആപ്പ് മെസേജിലൂടെ പുറംലോകത്തെത്തിച്ചത്. എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നും ആശങ്കയുണ്ടെന്നും പലരും പറയുന്നു. ഈമാസം ആറിനാണ് കപ്പല്‍ ഹോങ്കോങ്ങില്‍ പിടിച്ചിട്ടത്. കപ്പലില്‍ യാത്രക്കാര്‍ക്ക് എല്ലാവിധ സൗകര്യവും സുരക്ഷിതത്വവും പരിശോധനയും ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

കപ്പലിലെ മൂന്നുപേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തലാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്താനുള്ള നടപടികള്‍. കൊറോണ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത് തടയുന്നതിന്റെ ഭാഗമായാണ് കപ്പലിലും യാത്രക്കാര്‍ക്ക് കൂടുതല്‍ പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. അതിനിടെ, ജപ്പാനിലെ യോകോഹാമ കടലില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലില്‍ 160 ഇന്ത്യക്കാരാണുള്ളതെന്ന് സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സസ് എന്നു പേരുള്ള കപ്പലിലെ ഏതാനും യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. വിദേശകാര്യമന്ത്രാലയം കപ്പലിലെ ഇന്ത്യക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി ആശയവിനിമയം നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it