World

ഹാഫിസ് സഈദിനെ 11 വര്‍ഷം തടവിന് ശിക്ഷിച്ച് പാക് കോടതി

ഓരോ കേസിലും അഞ്ചരവര്‍ഷം വീതം തടവും 15,000 രൂപ പിഴയുമാണ് ഹാഫിസിന് കോടതി വിധിച്ചത്. രണ്ടുകേസുകളിലെയും തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ ആറുകേസുകളാണ് ഹാഫിസ് സഈദിനെതിരേ ഉണ്ടായിരുന്നത്.

ഹാഫിസ് സഈദിനെ 11 വര്‍ഷം തടവിന് ശിക്ഷിച്ച് പാക് കോടതി
X

ഇസ്‌ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ജമാഅത്തുദ്ദഅ്‌വ തലവന്‍ ഹാഫിസ് സഈദിനെ പാക് കോടതി 11 വര്‍ഷം തടവിന് ശിക്ഷിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിച്ചെന്ന കുറ്റത്തിന് ലാഹോറിലെ ഭീകരവിരുദ്ധകോടതിയാണ് ഹാഫിസ് സഈദിനെ ശിക്ഷിച്ചതെന്ന് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. പാകിസ്താനിലെ ലാഹോറിലും ഗുജറന്‍വാലയിലുമായി രജിസ്റ്റര്‍ ചെയ്ത രണ്ടുകേസുകളിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കിയെന്നതാണ് ഈ കേസുകള്‍. രണ്ടുകേസുകളിലായി 20 ഓളം സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഡിസംബര്‍ 11ന് ഹാഫിസ് സഈദിനെതിരെയും ഇയാളുടെ കൂട്ടാളിക്കെതിരെയും കോടതി കുറ്റം ചുമത്തിയിരുന്നു.

ഓരോ കേസിലും അഞ്ചരവര്‍ഷം വീതം തടവും 15,000 രൂപ പിഴയുമാണ് ഹാഫിസിന് കോടതി വിധിച്ചത്. രണ്ടുകേസുകളിലെയും തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ ആറുകേസുകളാണ് ഹാഫിസ് സഈദിനെതിരേ ഉണ്ടായിരുന്നത്. ഈ കേസുകളെല്ലാം ഒന്നിച്ച് പരിഗണിക്കണമെന്ന സയിദിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. നേരത്തെ വിവിധ കേസുകളില്‍ 16 തവണ ഹാഫിസ് പാകിസ്താനില്‍ അറസ്റ്റിലായെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഭീകരവിരുദ്ധ കോടതി ജഡ്ജി അര്‍ഷാദ് ഹുസൈന്‍ ഭട്ടാണ് നിര്‍ണായകമായ കേസില്‍ വിധി പറഞ്ഞത്.

ലാഹോറില്‍നിന്ന് ഗുജറന്‍വാളിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹാഫിസ് അറസ്റ്റിലായത്. കേസിലുള്‍പ്പെട്ട 13 പേര്‍ക്കെതിരേ 23 എഫ്‌ഐആറുകളാണ് കേസില്‍ ഫൈല്‍ ചെയ്തത്. ഇതില്‍ 11 എഫ്‌ഐആറുകളില്‍ ഹാഫിസ് സഈദ് കുറ്റക്കാരനാണെന്ന് വ്യക്തമാക്കിയിരുന്നു. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹാഫിസിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കൂടുതല്‍ തെളിവുകള്‍ ഇന്ത്യ, പാകിസ്താന് കൈമാറുകയും ചെയ്തു. 2008ലാണ് മുംബൈയെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. 166 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ ആവശ്യപ്രകാരം യുഎന്‍ രക്ഷാസമിതി ഹാഫിസ് സഈദിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it