World

48 മണിക്കൂര്‍ താല്‍കാലിക വെടിനിര്‍ത്തലിന് സമ്മതിച്ച് പാകിസ്താനും അഫ്ഗാനിസ്താനും

48 മണിക്കൂര്‍ താല്‍കാലിക വെടിനിര്‍ത്തലിന് സമ്മതിച്ച് പാകിസ്താനും അഫ്ഗാനിസ്താനും
X

കാബൂള്‍: നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ ഏറ്റുമുട്ടലിനു പിന്നാലെ 48 മണിക്കൂര്‍ താത്കാലിക വെടിനിര്‍ത്തലിന് സമ്മതിച്ച് പാകിസ്താനും അഫ്ഗാനിസ്താനും. ബുധനാഴ്ച വൈകുന്നേരം ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടന്ന അക്രമണത്തില്‍ ആറ് പാകിസ്താന്‍ സൈനികര്‍ക്കും 15-ഓളം അഫ്ഗാന്‍ പൗരന്‍മാര്‍ക്കും ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചത്. ഇന്ത്യന്‍ സമയം വൈകീട്ട് 6.30-ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.

സങ്കീര്‍ണ്ണവും എന്നാല്‍, പരിഹരിക്കാവുന്നതുമായ പ്രശ്നത്തിന് ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഇരുപക്ഷവും ചര്‍ച്ചയിലൂടെ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുമെന്ന് പാകിസ്താന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി പാകിസ്താന്‍ അവകാശപ്പെട്ടു. എന്നാല്‍, വെടിനിര്‍ത്തലിനെക്കുറിച്ചോ ഏറ്റുമുട്ടല്‍ താത്കാലികമായി നിര്‍ത്താന്‍ ആരാണ് ആവശ്യപ്പെട്ടത് എന്നതിനെക്കുറിച്ചോ അഫ്ഗാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഫ്ഗാനിസ്താന്റെ തെക്കന്‍ കാണ്ഡഹാറിലെ അതിര്‍ത്തി പ്രദേശത്ത് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായും നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇവിടെ സാധാരണക്കാരെ ലക്ഷ്യവച്ച് ആക്രമണം നടത്തിയെന്ന ആരോപണം പാകിസ്താന്‍ നിഷേധിച്ചു.

പാക് സൈന്യത്തിന്റെ ഒരു അതിര്‍ത്തി ഔട്ട്‌പോസ്റ്റും ഒരു ടാങ്കും തകര്‍ത്തതായി താലിബാന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു. അഫ്ഗാനിസ്താന്‍ തങ്ങളുടെ പ്രദേശത്ത് ആക്രമണം നടത്തുന്നവരെ പിന്തുണയ്ക്കുന്നു എന്നതാണ് പാകിസ്താന്റെ ആരോപണം. താലിബാന്‍ അധികാരം പിടിച്ചെടുത്ത 2021 മുതല്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചതായും പാകിസ്താന്‍ പറയുന്നു. എന്നാല്‍, പാകിസ്താന്റെ ഇത്തരം ആരോപണങ്ങള്‍ താലിബാന്‍ പൂര്‍ണമായും നിഷേധിച്ചു.

അഫ്ഗാന്‍ - പാക് അതിര്‍ത്തിയായ ഡ്യൂറന്‍ഡ് ലൈനിനോടു ചേര്‍ന്നുള്ള പാക് ജില്ലയായ ചമന്‍, അഫ്ഗാന്‍ ജില്ലയായ സ്പിന്‍ ബോള്‍ദക് എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഏറ്റുമുട്ടല്‍. ഏകദേശം 200-ഓളം അഫ്ഗാന്‍ സൈനികരെ വധിച്ചതായി പാക് സൈന്യം നേരത്തേ അവകാശപ്പെട്ടിരുന്നു. തങ്ങളുടെ 23 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായും പാകിസ്താന്‍ പറഞ്ഞു. അതേസമയം, അഫ്ഗാന്‍ ഭാഗത്ത് 12 പേര്‍ കൊല്ലപ്പെട്ടതായും 100-ലേറെ പേര്‍ക്ക് പരിക്കേറ്റതായുമാണ് താലിബാന്‍ അവകാശപ്പെടുന്നത്.






Next Story

RELATED STORIES

Share it