World

മെക്‌സിക്കോയില്‍ മയക്കുമരുന്ന് മാഫിയാസംഘം ഒമ്പതുപേരെ കൊലപ്പെടുത്തി

ലോസ് വിയാഗ്ര സംഘം മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന വിനോദകേന്ദ്രത്തിലാണ് വെടിവയ്പുണ്ടായതെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. എതിരാളികളായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലാണ് കൂട്ടക്കുരുതി നടത്തിയതെന്നാണ് അന്വേഷണത്തില്‍നിന്ന് വ്യക്തമായത്.

മെക്‌സിക്കോയില്‍ മയക്കുമരുന്ന് മാഫിയാസംഘം ഒമ്പതുപേരെ കൊലപ്പെടുത്തി
X

മെക്‌സിക്കോ സിറ്റി: പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ മയക്കുമരുന്ന് മാഫിയാ സംഘം നാലുകുട്ടികള്‍ ഉള്‍പ്പടെ ഒമ്പതുപേരെ വെടിവച്ചു കൊലപ്പെടുത്തി. ലോസ് വിയാഗ്ര സംഘം മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന വിനോദകേന്ദ്രത്തിലാണ് വെടിവയ്പുണ്ടായതെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. എതിരാളികളായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലാണ് കൂട്ടക്കുരുതി നടത്തിയതെന്നാണ് അന്വേഷണത്തില്‍നിന്ന് വ്യക്തമായത്. ഉറുവാപാനിലെ കേന്ദ്രത്തിലേക്ക് ലോസ് വിയാഗ്ര സംഘത്തിലെ രണ്ടുപേരെ അന്വേഷിച്ചെത്തിയ അക്രമികള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 65 ബുള്ളറ്റുകള്‍ സ്ഥലത്തുനിന്ന് പോലിസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

സുരക്ഷാസേനയ്ക്ക് നേരേ വെടിവയ്പ്പ് നടത്തിയ സംഭവത്തില്‍ ലോസ് വിയാഗ്രയിലെ പ്രാദേശിക നേതാവ് ലൂയിസ് ഫെലിപ്പ് ബരാഗനെ പോലിസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് സംഘവും പോലിസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നേതാവിനെ കസ്റ്റഡിയിലെടുത്തതിന്റെ പരില്‍ സംഘത്തില്‍പ്പെട്ടവര്‍ കാറുകളും ട്രക്കുകളും ഉപയോഗിച്ച് പ്രാദേശിക റോഡുകളിലെ ഗതാഗതം തടയുകയും വെടിവയ്പ്പ് നടത്തുകയും ചെയ്യുകയായിരുന്നു. ഇതില്‍ രണ്ട് പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെക്‌സിക്കോയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

Next Story

RELATED STORIES

Share it