World

മാര്‍പ്പാപ്പയുടെ കുര്‍ബാന: അബൂദബിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

രാവിലെ 10നു അബൂദബിയിലെ സായിദ് സ്‌പോട്‌സ് സിറ്റിയില്‍ നടക്കുന്ന കുര്‍ബാനയില്‍ 1.35 ലക്ഷം പേരാണ് പങ്കെടുക്കുന്നത്

മാര്‍പ്പാപ്പയുടെ കുര്‍ബാന: അബൂദബിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
X

അബൂദബി: കാത്തോലിക്കാ സഭയുടെ മേധാവി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചൊവ്വാഴ്ച നടക്കുന്ന കുര്‍ബാനയ്ക്കായി അബൂദബിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10നു അബൂദബിയിലെ സായിദ് സ്‌പോട്‌സ് സിറ്റിയില്‍ നടക്കുന്ന കുര്‍ബാനയില്‍ 1.35 ലക്ഷം പേരാണ് പങ്കെടുക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് 6 മുതല്‍ ചൊവ്വാഴ്ച വൈകീട്ട് 6 വരെയാണ് ഗതാഗത നിയന്ത്രണം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച അബൂദബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ മാര്‍പ്പാപ്പയെയും സംഘത്തെയും അബൂദബി കിരീടാവകാശിയും സായുധസേനാ ഉപസര്‍വ്വ സൈന്യാധിപനുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്‌യാന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചിരുന്നത്. പിന്നീട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അര്‍ധരാത്രി മുതല്‍ സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലേക്കുള്ള എല്ലാ റോഡുകളും അടക്കും. ചടങ്ങില്‍ പങ്കെടുക്കുന്ന ക്രിസ്തുമത വിശ്വാസികളെ കൊണ്ടുവരാനായി ആയിരക്കണക്കിന് ബസ്സുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അബൂദബിയിലെ സായിദ് ഗ്രാന്റ് മോസ്‌കില്‍ വച്ച് മുസ്‌ലിം കൗണ്‍സില്‍ അംഗങ്ങളുമായും മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തും. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അബൂദബി, ദുബയ്, ഷാര്‍ജ എന്നീ എമിറേറ്റുകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ തങ്ങളുടെ സഹോദര രാജ്യമെന്ന നിലയ്ക്കാണ് സന്ദര്‍ശനം നടത്തിയതെന്ന് മാര്‍പ്പാപ്പ സോഷ്യല്‍ മീഡയയില്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് മലങ്കര കാത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാത്തോലിക്ക ബാവാ, കാന്തപുരം അബുബക്കര്‍ മുസ്‌ല്യാര്‍, ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, മാാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃത സ്വരൂപാനന്ദപുരി എന്നിവരും മാര്‍പ്പാപ്പ പങ്കെടുക്കുന്ന ചടങ്ങിലേക്ക് എത്തിയിട്ടുണ്ട്.




Next Story

RELATED STORIES

Share it