World

യുദ്ധം പൂര്‍ണമായി അവസാനിക്കുകയും ശാശ്വതമായ സമാധാനം കൈവരിക്കുകയും ചെയ്യുന്നതുവരെ ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം തുടരുമെന്ന് ഇറാന്‍

യുദ്ധം പൂര്‍ണമായി അവസാനിക്കുകയും ശാശ്വതമായ സമാധാനം കൈവരിക്കുകയും ചെയ്യുന്നതുവരെ ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം തുടരുമെന്ന് ഇറാന്‍
X

തെഹ്റാന്‍: യുദ്ധം പൂര്‍ണമായി അവസാനിക്കുകയും ശാശ്വതമായ സമാധാനം കൈവരിക്കുകയും ചെയ്യുന്നതുവരെ ഹോര്‍മുസ് കടലിടുക്കില്‍ കര്‍ശനമായ നിരീക്ഷണവും നിയന്ത്രണവും തുടരുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷ കൗണ്‍സില്‍. നാവിക ഉപരോധം പോലുള്ള നടപടികള്‍ വെടിനിര്‍ത്തല്‍ ലംഘനമായി കണക്കാക്കുകയും പരിമിതമായ തുറന്നുകൊടുക്കല്‍ പോലും തടയുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ ലെബ്‌നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഹോര്‍മുസ് തുറക്കുകയും യുഎസ് നാവിക ഉപരോധം പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് 24 മണിക്കൂറിനകം അടയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

അമേരിക്കയുടെ ചര്‍ച്ചകള്‍ക്കുള്ള അഭ്യര്‍ത്ഥനകളെയും തുടര്‍ന്ന്, പാകിസ്താന്‍ വഴിയുള്ള മധ്യസ്ഥതയിലൂടെ, ഒരു കരട് ചട്ടക്കൂടിനെ അടിസ്ഥാനമാക്കി സംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ ചര്‍ച്ചകള്‍ക്ക് സമ്മതിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. ചര്‍ച്ചയില്‍ പ്രധാന നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തങ്ങള്‍ വാദിച്ചു. ഇറാന്‍ തള്ളിക്കളഞ്ഞ അധിക ആവശ്യങ്ങള്‍ ഉന്നയിച്ചതിനാലാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതെന്നും ഇറാന്‍ വ്യക്താക്കി.

പാകിസ്താന്‍ വഴിയുള്ള മധ്യസ്ഥതയിലൂടെ പുതിയ നിര്‍ദ്ദേശങ്ങള്‍ അടുത്തിടെ ലഭിച്ചതായും അവ നിലവില്‍ പരിശോധിച്ച് വരികയാണെന്നും രണ്ടാംഘട്ട ചര്‍ച്ചയെ സൂചിപ്പിച്ച് പ്രസ്താവനയില്‍ അറിയിച്ചു. 'താത്കാലിക വെടിനിര്‍ത്തല്‍ സ്വീകരിക്കുന്നതിനുള്ള പ്രധാന മുന്‍വ്യവസ്ഥകളില്‍ ഒന്ന്, ലെബ്‌നാനില്‍ ഉള്‍പ്പെടെ വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്നതായിരുന്നു. എന്നാല്‍, സയണിസ്റ്റ് ഭരണം തുടക്കം മുതലേ ലെബ്‌നാനും ഹിസ്ബുള്ളയ്ക്കും നേരെ ക്രൂരമായ ആക്രമണങ്ങള്‍ നടത്തി ഇതിനെ ലംഘിച്ചു. സയണിസ്റ്റ് ഭരണകൂടം പിന്നീട് ലെബ്‌നാനില്‍ വെടിനിര്‍ത്തലിന് സമ്മതിച്ചു. വെടിനിര്‍ത്തല്‍ മാനിക്കുകയാണെങ്കില്‍, ഹോര്‍മുസ് കടലിടുക്ക് താത്കാലികമായും വ്യവസ്ഥാപിതമായും വാണിജ്യ കപ്പലുകള്‍ക്ക് മാത്രമായി തുറന്നുകൊടുക്കും. സൈനിക കപ്പലുകള്‍ക്കോ ശത്രു രാജ്യങ്ങളുടെ സൈനികേതര കപ്പലുകള്‍ക്കോ ഇതില്‍ പ്രവേശനമുണ്ടാകില്ല. ഇറാന്‍ സായുധ സേനയുടെ നിയന്ത്രണത്തിലും അനുമതിയോടെയും ഇറാന്‍ നിശ്ചയിച്ച പാതകളിലൂടെയും മാത്രമായിരിക്കും കപ്പലുകളുടെ സഞ്ചാരം.

പേര്‍ഷ്യന്‍ ഗള്‍ഫിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുള്ള ലോജിസ്റ്റിക്സ് സഹായത്തിന്റെ ഭൂരിഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തിലൂടെയാണ് നല്‍കുന്നത്, ഇത് ഇറാന്റെ ദേശീയ സുരക്ഷയ്ക്കും ഈ മേഖലയ്ക്കും ഭീഷണിയാണെന്ന് കണക്കാക്കുന്നു. യുദ്ധത്തിന്റെ പൂര്‍ണമായ അവസാനം ഈ കടലിടുക്കിലൂടെയുള്ള ഗതാഗതത്തില്‍ മേല്‍നോട്ടവും നിയന്ത്രണവും നടപ്പാക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണ്', ഇറാന്‍ സുപ്രിം കൗണ്‍സില്‍ അറിയിച്ചു.

കപ്പലുകള്‍ക്ക് എന്തെല്ലാം നിയന്ത്രണങ്ങളാണ് ഉണ്ടാകുകയെന്നും പ്രസ്താവനയില്‍ വിവരിച്ചിട്ടുണ്ട്. കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് പൂര്‍ണമായ വിവരങ്ങള്‍ ശേഖരിക്കും, ഇറാന്റെ ചട്ടങ്ങള്‍ക്ക് അനുസൃതമായി യുദ്ധകാല സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള യാത്രാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും, സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ അടയ്ക്കേണ്ടിവരും, ഇറാന്‍ നിശ്ചയിച്ച പാതകളിലൂടെ മാത്രമാകും കപ്പലുകള്‍ക്ക് പോകാനാകുക തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക.

എന്നാല്‍, കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയോ നാവിക ഉപരോധം പോലുള്ള നടപടികള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നിടത്തോളം കാലം, അതിനെ വെടിനിര്‍ത്തല്‍ ലംഘനമായി കണക്കാക്കുമെന്നും ഹോര്‍മുസ് അടച്ചിടുമെന്നും ഇറാന്‍ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.





Next Story

RELATED STORIES

Share it