World

മ്യാന്‍മറില്‍നിന്ന് ഹൃദയഭേദകമായ കാഴ്ച; ജനക്കൂട്ടത്തെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് മുട്ടുകുത്തി അപേക്ഷിച്ച് കന്യാസ്ത്രീ

പട്ടാളക്കാര്‍ക്കും പ്രക്ഷോഭകരുടെയും മധ്യത്തിലായി നടുറോഡില്‍ മുട്ടുകുത്തിനില്‍ക്കുന്ന സിസ്റ്റര്‍ ആന്‍ റോസയുടെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമമാണ് പുറത്തുവിട്ടത്. പ്രതിഷേധിക്കുന്ന മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞാണ് സ്വന്തം സുരക്ഷ അവഗണിച്ച് പട്ടാളത്തിന്റെ അടുത്തേയ്ക്ക് പോയതെന്ന് സിസ്റ്റര്‍ ആന്‍ റോസ മാധ്യമങ്ങളോട് പ്രതികരിച്ചു.

മ്യാന്‍മറില്‍നിന്ന് ഹൃദയഭേദകമായ കാഴ്ച; ജനക്കൂട്ടത്തെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് മുട്ടുകുത്തി അപേക്ഷിച്ച് കന്യാസ്ത്രീ
X

നേപിഡോ: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിക്കെതിരേ മ്യാന്‍മറില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കുനേരേ പട്ടാളം നടത്തിക്കൊണ്ടിരിക്കുന്ന വെടിവയ്പ്പിനിടയില്‍ ഹൃദയഭേദകമായൊരു ദൃശ്യം. ജനക്കൂട്ടത്തിന് നേരേ വെടിവയ്ക്കരുതെന്ന് മ്യാന്‍മര്‍ പട്ടാളത്തോട് മുട്ടുകുത്തിനിന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രീയുടെ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. സിസ്റ്റര്‍ ആന്‍ റോസയാണ് ജനക്കൂട്ടത്തിന്റെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പട്ടാളത്തിന് മുന്നിലേക്ക് അപേക്ഷയുമായി ഇറങ്ങിച്ചെന്നത്.

പട്ടാളക്കാര്‍ക്കും പ്രക്ഷോഭകരുടെയും മധ്യത്തിലായി നടുറോഡില്‍ മുട്ടുകുത്തിനില്‍ക്കുന്ന സിസ്റ്റര്‍ ആന്‍ റോസയുടെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമമാണ് പുറത്തുവിട്ടത്. ഫെബ്രുവരി 28ന് വടക്കന്‍ മ്യാന്‍മറിലെ മൈറ്റ്കിന നഗരത്തിലാണ് ജനക്കൂട്ടത്തെ നേരിടാന്‍ സജ്ജമായി നില്‍ക്കുന്ന പട്ടാളത്തിന് മുമ്പില്‍ കന്യാസ്ത്രീ എത്തിയത്. നിമിഷങ്ങള്‍ക്കകംതന്നെ സംഭവം ലോകത്താകമാനം പ്രചരിക്കുകയും സജീവമായ ചര്‍ച്ചാവിഷയമാവുകയും ചെയ്തിരിക്കുകയാണ്. പ്രതിഷേധിക്കുന്ന മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞാണ് സ്വന്തം സുരക്ഷ അവഗണിച്ച് പട്ടാളത്തിന്റെ അടുത്തേയ്ക്ക് പോയതെന്ന് സിസ്റ്റര്‍ ആന്‍ റോസ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിഷേധക്കാര്‍ക്ക് നേരേ വെടിയുതിര്‍ക്കുന്നതായി കേട്ടപ്പോള്‍ താന്‍ ഒരു ക്ലിനിക്കില്‍ ജോലിചെയ്യുകയായിരുന്നുവെന്ന് കന്യാസ്ത്രീയെ ഉദ്ധരിച്ച് യുകെയുടെ സ്‌കൈ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഞാന്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്നിടത്തേക്ക് ഓടുകയായിരുന്നു. ഈ ക്ലിനിക്കിന് മുന്നിലാണ് അത് സംഭവിച്ചത്. അത് ഒരു യുദ്ധം പോലെയായിരുന്നു. ധാരാളം ആളുകള്‍ക്ക് പകരം ഞാന്‍ മരിക്കുന്നതാണ് നല്ലതെന്ന് കരുതി. എന്റെ തൊണ്ട പൊട്ടുമാറ് ഞാന്‍ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു. ആളുകളെ രക്ഷപ്പെടാനും സുരക്ഷാസേനയെ തടയാനും സഹായിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. ജനങ്ങളെ അറസ്റ്റുചെയ്യുന്നത് തുടരരുതെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു. അവരോട് യാചിക്കുകയായിരുന്നു. ആ സമയത്ത് എനിക്കൊന്നിനെയും ഭയമുണ്ടായിരുന്നില്ല.

സൈന്യത്തിന് മുന്നില്‍ ജനങ്ങള്‍ യാതൊരു പ്രതിരോധവും തീര്‍ത്തിരുന്നില്ല. പക്ഷേ, നമ്മുടെ ആളുകള്‍ സ്വയം പ്രതിരോധിക്കണം. സൈന്യം ഇഷ്ടപ്പെടാത്തവരെ അറസ്റ്റുചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നു. അവര്‍ അവരെ കൊല്ലുന്നു. മ്യാന്‍മര്‍ ജനങ്ങളെ സംരക്ഷിക്കാന്‍ ആരുമില്ല. ആളുകള്‍ സ്വയം പ്രതിരോധിക്കുകയും പരസ്പരം സഹായിക്കുകയും വേണമെന്ന് സിസ്റ്റര്‍ ആന്‍ റോസ കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞ കുറച്ചുനാളുകളായി സുരക്ഷാസേന നടത്തിയ മൃഗീയമായ ആക്രമണത്തില്‍ മ്യാന്‍മറിലുടനീളം 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ മനുഷ്യാവകാശ ഓഫിസ്് പുറത്തുവിട്ടിട്ടുണ്ട്. യുഎന്‍ മനുഷ്യാവകാശ ഓഫിസിന് ലഭിച്ച വിശ്വസനീയമായ വിവരമനുസരിച്ച് രാജ്യത്തുടനീളം നടന്ന പ്രതിഷേധ സമരങ്ങള്‍ക്കുനേരേ പോലിസും സൈന്യവും നടത്തിയ വെടിവയ്പില്‍ കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെടുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യാങ്കൂണ്‍, ഡാവെ, മാന്‍ഡലെ, മൈക്ക്, ബാഗോ, പോക്കോക്കു എന്നീ നഗരങ്ങളിലാണ് വെടിവയ്പ് നടന്നത്. ഗ്രനേയ്ഡുകളും കണ്ണീര്‍വാതകവും ഉള്‍പ്പെടെയുള്ളവയും പ്രക്ഷോഭകാരികള്‍ക്കു നേരേ പ്രയോഗിച്ചതായാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it