World

മാനനഷ്ടക്കേസില്‍ കോടതി മുറിയില്‍ ഏറ്റുമുട്ടി ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിമാര്‍

ബെഞ്ചമിന്‍ നെതന്യാഹുവും കുടുംബവും എഹുദ് ഓള്‍മെര്‍ട്ടിനെതിരെ നല്‍കിയ മാനനഷ്ടകേസിന്റെ വാദം നടന്നുകൊണ്ടിരിക്കെയാണ് കോടതി മുറിയില്‍ ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്.

മാനനഷ്ടക്കേസില്‍ കോടതി മുറിയില്‍ ഏറ്റുമുട്ടി ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിമാര്‍
X

ജറൂസലം: മാനനഷ്ടക്കേസില്‍ കോടതിമുറിയില്‍ ഏറ്റുമുട്ടി ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിമാരായ എഹൂദ് ഓല്‍മര്‍ട്ടും ബെഞ്ചമിന്‍ നെതന്യാഹുവും. ബെഞ്ചമിന്‍ നെതന്യാഹുവും കുടുംബവും എഹുദ് ഓള്‍മെര്‍ട്ടിനെതിരെ നല്‍കിയ മാനനഷ്ടകേസിന്റെ വാദം നടന്നുകൊണ്ടിരിക്കെയാണ് കോടതി മുറിയില്‍ ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്.

തങ്ങള്‍ മാനസികരോഗികളാണെന്ന ഓള്‍മെര്‍ട്ടിന്റെ പരാമര്‍ശത്തിനെതിരേയാണ് നെതന്യാഹുവും ഭാര്യ സാറയും അവരുടെ മൂത്തമകന്‍ യേറും 269,000 ഡോളര്‍ (198,000 യൂറോ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. 2021ലെ ഇസ്രായേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു പിന്നാലെയാണ് നെതന്യാഹുവിനെതിരേ ഓല്‍മര്‍ട്ട് രംഗത്തെത്തിയത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ വിശ്വാസലംഘനം, കൈകൂലി വാങ്ങല്‍ എന്നിവയുടെ പേരില്‍ വിചാരണ നേരിടുകയും സ്ഥാനമൊഴിയാന്‍ വിസമ്മതിക്കുകയും ചെയ്തതോടെയാണ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ ഓള്‍മെര്‍ട്ട് കടുത്ത വിമര്‍ശനം അഴിച്ചുവിട്ടത്.

കഴിഞ്ഞ ഏപ്രിലില്‍ രണ്ട് ഇസ്രായേലി ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാണ് ഓള്‍മെര്‍ട്ട് നെതന്യാഹുവിനെ മാനസിക രോഗിയെന്ന് വിളിച്ചത്. ശരിപ്പെടുത്താന്‍ കഴിയാത്തത് പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും മാനസിക രോഗമാണെന്നായിരുന്നു ഓള്‍മെര്‍ട്ടിന്റെ പരാമര്‍ശങ്ങളിലൊന്ന്. ചാനല്‍ 12നുള്ള രണ്ടാമത്തെ അഭിമുഖത്തില്‍, അവകാശവാദം പിന്‍വലിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും തനിക്കെതിരെ കേസെടുക്കുമെന്ന നെതന്യാഹുവിന്റെ മുന്നറിയിപ്പിനെ ചിരിച്ച് തള്ളുകയും ചെയ്തു.

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയായ എഹൂദ് ഓല്‍മര്‍ട്ടിനെതിരായ കേസുമായി ബന്ധപ്പെട്ട് നെതന്യാഹുവും ഭാര്യയും മകനും തിങ്കളാഴ്ച തെല്‍അവീവിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായിരുന്നു.

അതേസമയം, തന്റെ പരാമര്‍ശം സത്യമായതിനാല്‍ അപകീര്‍ത്തികരമല്ലെന്നും താന്‍ വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഓള്‍മെര്‍ട്ട് കോടതിയില്‍ വാദിച്ചു.

എന്നാല്‍, 'അസൂയയും അഗാധമായ നിരാശയും കാരണം പൊതുസ്ഥലത്ത് തങ്ങളുടെ സല്‍ പേര് നശിപ്പിക്കാനുള്ള ഭ്രാന്തമായ ശ്രമങ്ങള്‍' ആണ് ഓള്‍മെര്‍ട്ട് നടത്തിയതെന്ന് നെതന്യാഹു ആരോപിച്ചു.

'താന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പിന്തുടര്‍ന്നു, കുടുംബത്തിന്റെ മൊഴികള്‍ കേട്ടു, അവരുമായി ബന്ധപ്പെട്ടവരും അവരെ നന്നായി അറിയുന്നവരുമായ വിദഗ്ധരുമായും ജനങ്ങളുമായും സംസാരിച്ചു, 'അസ്വാഭാവികവും ഭ്രാന്തവുമായ പെരുമാറ്റമായി ജനം വിലയിരുത്തുന്ന ഇവരുടെ പെരുമാറ്റങ്ങളെക്കുറിച്ചാണ് അവര്‍ എന്നോട് വിവരിച്ചത്'-എന്ത് അടിസ്ഥാനമാക്കിയാണ് താങ്കള്‍ ഈ അഭിപ്രായ പ്രകടനം നടത്തിയതെന്ന ജഡ്ജി അമിത് യാരിവിന്റെ ചോദ്യത്തിന് മറുപടിയായി ഓള്‍മെര്‍ട്ട് പറഞ്ഞു.

'ഇവിടെ ഇരിക്കുന്ന ഈ കുടുംബം, തന്റെ കണ്ണില്‍ ഇസ്രായേലിലെ ഏറ്റവും മികച്ച ഒന്നാണ്. ശുദ്ധമായ ഭൂതകാലമില്ലാത്ത ഒരു മുന്‍ പ്രധാനമന്ത്രി അവരെ മാനസിക രോഗികളെന്ന് വിളിക്കുന്നത് അവര്‍ കേള്‍ക്കേണ്ടതുണ്ടോയെന്ന് നെതന്യാഹുവിന്റെ അഭിഭാഷകന്‍ യോസി കോഹന്‍ ചോദിച്ചു. മറ്റൊരു രാജ്യത്തായിരുന്നുവെങ്കില്‍ ഓള്‍മെര്‍ട്ട് അറസ്റ്റിലാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'തന്റെ അഭിപ്രായങ്ങള്‍ ഒരു അഭിപ്രായമാണെന്നും അവ സത്യമാണോ അല്ലയോ എന്ന് തനിക്ക് അറിയില്ലെന്നും' ഓള്‍മെര്‍ട്ട് രേഖപ്പെടുത്തണമെന്ന് ജഡ്ജി യാരിവ് നിര്‍ദ്ദേശിച്ചു. അവ ശരിയാണെന്ന് അദ്ദേഹം വാദിക്കുന്നത് തുടര്‍ന്നാല്‍, കൂടുതല്‍ തെളിവ് ആവശ്യമായി വരുമെന്ന് ജഡ്ജി മുന്നറിയിപ്പ് നല്‍കി.

മാനസികരോഗം പോലെയുള്ള വേദനാജനകമായ വിഷയം എടുത്ത് സര്‍ക്കസാക്കി മാറ്റുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ജഡ്ജി ഇരുവശത്തേക്കും പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം വാദം കേള്‍ക്കുന്നത് മാറ്റിവച്ചു.

Next Story

RELATED STORIES

Share it