World

കൊടും തണുപ്പും ഇരുട്ടും; യുഎസ്- കാനഡ അതിര്‍ത്തിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍

കൊടും തണുപ്പും ഇരുട്ടും; യുഎസ്- കാനഡ അതിര്‍ത്തിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍
X

ന്യൂയോര്‍ക്ക്: യുഎസ്- കാനഡ അതിര്‍ത്തിയില്‍ നവജാത ശിശുവടങ്ങുന്ന നാലംഗ ഇന്ത്യന്‍ കുടുംബത്തെ മഞ്ഞില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കനേഡിയന്‍ അതിര്‍ത്തി ഭാഗത്തായിരുന്നു മൃതദേഹങ്ങള്‍. മനുഷ്യക്കടത്തുകാര്‍ക്ക് വേണ്ടി നടത്തിയ ഓപറേഷനിലാണ് നാല് പേരുടെ മൃതദേഹങ്ങള്‍ മഞ്ഞില്‍ മരവിച്ച നിലയില്‍ കണ്ടെത്തിയത്. അനധികൃതമായി യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മഞ്ഞില്‍ തണുത്തുറഞ്ഞാവാം ഇവര്‍ മരിച്ചതെന്നാണ് കരുതുന്നത്. പ്രതികൂല കാലാവസ്ഥയില്‍ 11 മണിക്കൂറോളം ഇവര്‍ നടന്നിട്ടുണ്ടാവാമെന്ന് ഇവരെ കണ്ടെത്തിയ മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലിസ് പറഞ്ഞു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഹൃദയഭേദകമായ ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാനഡ- യുഎസ് അതിര്‍ത്തിയില്‍ ഒരു ശിശു ഉള്‍പ്പെടെ നാല് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന റിപോര്‍ട്ട് ഞെട്ടിച്ചു. യുഎസിലെയും കാനഡയിലെയും ഞങ്ങളുടെ അംബാസഡര്‍മാരോട് ഈ സാഹചര്യത്തോട് അടിയന്തരമായി പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്- വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. മരിച്ച നാല് പേരും കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരുടെ സംഘത്തിന്റെ ഭാഗമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഇവര്‍ക്കൊപ്പം ഒമ്പത് പേരോളമുണ്ടായിരുന്നതായാണ് വിവരം. കൂടുതലും ഗുജറാത്തില്‍നിന്നുള്ള ഇന്ത്യക്കാരാണ്. മരിച്ചവരും ഗുജറാത്ത് സ്വദേശികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച സ്റ്റീവ് ഷാന്‍ഡ് (47) എന്ന അമേരിക്കന്‍ പൗരനെ വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ക്കെതിരേ മനുഷ്യക്കടത്ത് കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ യുഎസ്സിലും കാനഡയിലും അന്വേഷണം നടക്കുന്നുണ്ട്. നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്ന മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലിസ് അസിസ്റ്റന്‍ കമ്മീഷണര്‍ ജെയിന്‍ മക്ലാച്ചിയാണ് വ്യാഴാഴ്ച മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവച്ചത്.

ഹൃദയഭേദകമായ ദുരന്തമാണുണ്ടായിട്ടുള്ളതെന്ന് മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തണുത്തുറഞ്ഞ കാലാവസ്ഥയോട് പൊരുതാനാവാതെയാണ് നാല് പേരും മരിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. യുഎസ് അതിര്‍ത്തിയുടെ ഭാഗത്തുനിന്ന് പിടിയിലായവരുമായി മരിച്ച നാല് പേര്‍ക്കും ബന്ധമുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതിര്‍ത്തിയില്‍നിന്ന് 12 മീറ്റര്‍ മാത്രം അകലത്തിലായിരുന്നു ഇവര്‍. ഒരു ഹിമപാതത്തിന് നടുവില്‍ നാലംഗ സംഘം ഒറ്റപ്പെട്ടുപോയി. അതികഠിനമായ തണുപ്പ് മാത്രമല്ല. നോക്കെത്താ ദൂരത്തിലുള്ള വയലുകളും കനത്ത മഞ്ഞുവീഴ്ചയും പൂര്‍ണമായ ഇരുട്ടും ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്.

തണുത്ത കാറ്റിനൊപ്പം മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളയിടത്തുനിന്നാണ് നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്- ജെയിന്‍ മക്ലാച്ചി പറഞ്ഞു. മരിച്ച നാല് പേരുടെയും ഐഡന്റിറ്റി ഞങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്- റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലിസ് വക്താവ് ജൂലി കോര്‍ചെയിന്‍ ഇ- മെയില്‍ വഴി ദി ഹിന്ദുവിനോട് പറഞ്ഞു. പോലിസ് നടത്തിയ തിരച്ചിലില്‍ പുരുഷനും സ്ത്രീയുമുള്‍പ്പെടെ രണ്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പോലിസ് അറിയിച്ചു. ഇതില്‍ പുരുഷനെ ഡിസ്ചാര്‍ജ് ചെയ്ത് യുഎസ് അധികാരികളുടെ കസ്റ്റഡിയിലാണ്. സ്ത്രീയെ മിനസോട്ടയിലെ സെന്റ് പോള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ജെയിന്‍ മക്ലാച്ചി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it