World

കൊവിഡ് വ്യാപനം തുടരുന്നു; ഫ്രാന്‍സില്‍ ലോക്ക് ഡൗണ്‍ മെയ് 11 വരെ നീട്ടി

മെയ് 11നുശേഷം സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, റെസ്റ്റോറന്റുകളും കഫേകളും അടഞ്ഞുകിടക്കും. കൂടുതല്‍ അറിയിപ്പുണ്ടാവുന്നതുവരെ യൂറോപ്യന്‍ ഇതര രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ അടച്ചിടേണ്ടിവരും.

കൊവിഡ് വ്യാപനം തുടരുന്നു; ഫ്രാന്‍സില്‍ ലോക്ക് ഡൗണ്‍ മെയ് 11 വരെ നീട്ടി
X

പാരീസ്: കൊവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഫ്രാന്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ശനമായ ലോക്ക് ഡൗണ്‍ മെയ് 11 വരെ നീട്ടി. ഫ്രാന്‍സ് പ്രസിഡന്റ്് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൊവിഡ് വൈറസ് വ്യാപനം ഇപ്പോഴും തുടരുകയാണെന്നും സാധാരണനിലയിലേക്ക് മടങ്ങിവരാനാവുമെന്നാണ് പ്രതീക്ഷയെന്നും രാജ്യത്തെ ജനങ്ങളെ അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. നാം ഉത്തരവാദിത്തമുള്ള നല്ല പൗരന്‍മാരായി തുടരുകയും നിയമങ്ങളെ അനുസരിക്കുകയും ചെയ്താല്‍ മാത്രമേ ലോക്ക് ഡൗണ്‍ ലഘൂകരിക്കാന്‍ കഴിയൂ. അപ്പോള്‍ മാത്രമേ വൈറസ് വ്യാപനവും മന്ദഗതിയിലാവൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മെയ് 11നുശേഷം സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, റെസ്റ്റോറന്റുകളും കഫേകളും അടഞ്ഞുകിടക്കും. കൂടുതല്‍ അറിയിപ്പുണ്ടാവുന്നതുവരെ യൂറോപ്യന്‍ ഇതര രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ അടച്ചിടേണ്ടിവരും. ഫ്രാന്‍സില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെയും രോഗബാധ കണ്ടെത്തുന്നവരുടെയും എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടായ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ടുള്ള മാക്രോണിന്റെ പ്രഖ്യാപനമുണ്ടായത്. ഫ്രാന്‍സില്‍ കൊവിഡ് ബാധിച്ച് 14,967 പേരാണ് മരിച്ചത്. 1,36,779 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 27,718 പേര്‍ മാത്രമാണ് രോഗവിമുക്തി നേടിയത്. 6,821 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

മെയ് 11 പുരോഗമനപരമായ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായിരിക്കും. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും പോലെ തങ്ങള്‍ക്കും പോരായ്മകളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന് ഞങ്ങള്‍ക്ക് വസ്ത്രങ്ങള്‍, കൈയുറകള്‍, ജെല്‍ എന്നിവ ഇല്ലായിരുന്നു. ആവശ്യമായ മാസ്‌കുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. മെയ് 11 മുതല്‍ ഫ്രാന്‍സിലെ ഓരോ വ്യക്തിക്കും മാസ്‌കുകള്‍ ഉറപ്പാക്കാന്‍ സംസ്ഥാനത്തിന് കഴിയും. മെയ് 11 മുതല്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ഓരോ വ്യക്തിയെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കും. പകര്‍ച്ചവ്യാധി തടയുന്നതിന് ഒരേയൊരു പരിഹാരം വാക്‌സിന്‍ മാത്രമാണെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it