World

കുവൈത്തില്‍ സ്വകാര്യ ക്ലിനിക്കുകള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തനാനുമതി

ഫോണ്‍ വഴി മാത്രമായിരിക്കും കൂടിക്കാഴ്ചക്കുള്ള സമയം നിര്‍ണയിക്കുക. ഇതില്‍ അടിയന്തിര പ്രാധാന്യമെന്ന് നിര്‍ണയിക്കപ്പെടുന്ന രോഗികള്‍ക്ക് മാത്രമേ ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നല്‍കാന്‍ പാടുള്ളൂ.

കുവൈത്തില്‍ സ്വകാര്യ ക്ലിനിക്കുകള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തനാനുമതി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ ക്ലിനിക്കുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ മുതലായവയുടെ പ്രവര്‍ത്തനം ബുധനഴ്ച്ച മുതല്‍ നിബന്ധനകളോടെ പുനരാരംഭിക്കുവാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. കാലത്ത് 11 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയാണു ഇവ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

ഫോണ്‍ വഴി മാത്രമായിരിക്കും കൂടിക്കാഴ്ചക്കുള്ള സമയം നിര്‍ണയിക്കുക. ഇതില്‍ അടിയന്തിര പ്രാധാന്യമെന്ന് നിര്‍ണയിക്കപ്പെടുന്ന രോഗികള്‍ക്ക് മാത്രമേ ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നല്‍കാന്‍ പാടുള്ളൂ.

പൊണ്ണത്തടി , ചര്‍മ്മരോഗം , പ്ലാസ്റ്റിക് സര്‍ജ്ജറി മുതലായ അത്യാവശ്യമല്ലാത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള സേവനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഡെന്റല്‍, ഡെര്‍മ്മറ്റോളോജി മുതലായ വിഭാഗങ്ങളുടെ സേവനം ഞായര്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ മാത്രമാക്കി പരിമിതപ്പെടുത്തി. കര്‍ശനമായ ആരോഗ്യ പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ സര്‍വ്വീസ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫാത്തിമ അല്‍ നജ്ജാര്‍ വ്യക്തമാക്കി. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് 22 മുതലാണ് സ്വകാര്യ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ആരോഗ്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. രോഗാണു വിമുക്തമാക്കല്‍ ഉള്‍പ്പെടെയുള്ള ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ക്ലിനിക്കുകളില്‍ സജ്ജീകരിക്കണം. കര്‍ഫ്യൂ നിയമങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ചികില്‍സ തേടി എത്തുന്ന രോഗികളുടെ ശരീരോഷ്മാവ് , യാത്രാ വിവരങ്ങള്‍ ശ്വസന സംബന്ധമായ ലക്ഷണങ്ങള്‍ , സമ്പര്‍ക്ക ചരിത്രം മുതാലായ വിവരങ്ങള്‍ ക്ലിനിക്ക് അധികൃതര്‍ രേഖപ്പെടുത്തേണ്ടതാണ്.

രോഗികളുടെ കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാകാന്‍ പാടുള്ളതല്ല. പരിശോധനക്കായി കാത്തിരിക്കുന്ന രോഗികളെ അവരുടെ ഊഴം അനുസരിച്ച് ഫോണ്‍ വഴി വിളിച്ച് അറിയിക്കേണ്ടതാണ്. അത് വരെ രോഗികള്‍ ആശുപത്രിക്ക് പുറത്തുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളിലോ അല്ലെങ്കില്‍ സമീപത്തെ സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലോ വേണം കാത്തിരിക്കേണ്ടത് എന്നും ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

Next Story

RELATED STORIES

Share it