World

കൊറോണ: ചൈനയില്‍ മരണസംഖ്യ 425 ആയി; 20,400 പേര്‍ക്ക് വൈറസ് ബാധ

ഹുബെ പ്രവിശ്യയില്‍ തിങ്കളാഴ്ച മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു. ചൈനയില്‍ വൈറസ് അതിവേഗം പടരുന്നതായാണ് ആരോഗ്യകമ്മീഷന്റെ വിലയിരുത്തല്‍. അടുത്ത ദിവസങ്ങളായി 2,345 കേസുകളാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്.

കൊറോണ: ചൈനയില്‍ മരണസംഖ്യ 425 ആയി; 20,400 പേര്‍ക്ക് വൈറസ് ബാധ
X

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി. 20,400 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹുബെ പ്രവിശ്യയില്‍ തിങ്കളാഴ്ച മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു. ചൈനയില്‍ വൈറസ് അതിവേഗം പടരുന്നതായാണ് ആരോഗ്യകമ്മീഷന്റെ വിലയിരുത്തല്‍. അടുത്ത ദിവസങ്ങളായി 2,345 കേസുകളാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്. വൈറസ് പടരുന്നതിനു തടയുന്നതു സംബന്ധിച്ച് ബെയ്ജിങ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പ്രാദേശിക ഉദ്യോഗസ്ഥര്‍ കഠിനശിക്ഷ നേരിടേണ്ടിവരുമെന്നു പ്രസിഡന്റ് ഷി ചിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗതാഗതം, ടൂറിസം, ഹോട്ടലുകള്‍, തിയറ്ററുകള്‍, വിനോദമേഖല തുടങ്ങി ബിസിനസിന്റെ മിക്ക മേഖലകളും സ്തംഭനത്തിലേക്കു നീങ്ങുകയാണ്.

വൈറസ് നിയന്ത്രണാതീതമായതിനാല്‍ ശസ്ത്രക്രിയാ മാസ്‌കുകള്‍, സംരക്ഷണ സ്യൂട്ടുകള്‍ എന്നിവ അടിയന്തിരമായി ആവശ്യമാണെന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായ ആഘാതം താല്‍ക്കാലികമാണെന്ന് ദേശീയ വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ലിയാന്‍ വെയ്‌ലിങ് പറഞ്ഞു. 24 രാജ്യങ്ങളിലേക്ക് വൈറസ് രോഗം പടര്‍ന്നിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. കൊറോണ വൈറസ് ബാധയെക്കുറിച്ച് അമേരിക്ക പരിഭ്രാന്തി പരത്തുകയാണെന്നു ചൈനീസ് സര്‍ക്കാര്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചൈന സന്ദര്‍ശിച്ചവര്‍ക്ക് അമേരിക്ക വിസ നിഷേധിച്ച സംഭവത്തിലാണ് രൂക്ഷവിമര്‍ശനവുമായി ചൈന രംഗത്തെത്തിയത്. അമേരിക്ക ആശങ്ക പടര്‍ത്തുകയാണെന്ന് ചൈന ആരോപിച്ചു. ആഗോള തലത്തില്‍ വ്യാജവാര്‍ത്തകള്‍ തടയാന്‍ ലോകാരോഗ്യ സംഘടന അടിയന്തരനടപടിയെടുത്തു.

കോറോണ വൈറസിനെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് ലോകാരോഗ്യസംഘടന നല്‍കുന്ന വിവരങ്ങള്‍ തന്നെ ആദ്യംകിട്ടാന്‍ ഗൂഗിളുമായി ധാരണയായി. വിവിധ സമൂഹമാധ്യമങ്ങളും ആപ്പുകളും വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയില്‍ മൂന്ന് കൊറോണ കേസുകള്‍ പുതുതായി റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11 ആയി. ഫിലിപ്പീന്‍സില്‍ ഒരാള്‍ മരണപ്പെട്ടിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയുമായുള്ള അതിര്‍ത്തിയിലെ 13 പാതകളില്‍ 10 ഉം ഹോങ്കോങ് അടച്ചു. വൈറസ് അതിവേഗം പടരുന്നതിനാല്‍ ചൈനയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it