World

ആശങ്കയുണര്‍ത്തി പുതിയ കൊവിഡ് കേസുകള്‍; ഒരു കോടി ജനങ്ങളില്‍ പരിശോധന നടത്താനൊരുങ്ങി വുഹാന്‍

കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ വുഹാനിലെ ഏഴ് പ്രവിശ്യകളിൽ പുതിയ കേസുകൾ റിപോർട്ട് ചെയ്തിട്ടുണ്ടെന്നും കേസുകൾ വർധിച്ചേക്കാമെന്ന സാഹചര്യം കണക്കിലെടുത്താണ് വ്യാപക പരിശോധന

ആശങ്കയുണര്‍ത്തി പുതിയ കൊവിഡ് കേസുകള്‍; ഒരു കോടി ജനങ്ങളില്‍ പരിശോധന നടത്താനൊരുങ്ങി വുഹാന്‍
X

ബീജിങ്: പുതിയ കൊവിഡ് കേസുകൾ റിപോർട്ട് ചെയ്യുന്നതിൽ വർധന ഉണ്ടായ പശ്ചാത്തലത്തിൽ വുഹാനിലെ മുഴുവൻ ജനങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനൊരുക്കി ചൈന. പത്ത് ദിവസത്തിനുള്ളിൽ 1.10 കോടി ജനങ്ങളെ പരിശോധിക്കാനാണ് തീരുമാനം. വുഹാനിലെ ഓരോ ജില്ലയിലേയും മുഴുവൻ ആളുകളേയും പരിശോധിക്കുന്നത് സംബന്ധിച്ചുള്ള പദ്ധതി സമർപ്പിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.

10 ദിവസത്തിനുള്ളിൽ എല്ലാവരിലും ന്യൂക്ലിക് ആസിഡ് പരിശോധന നടത്തണമെന്നാണ് നിർദേശം. പരിശോധന നടത്തുമ്പോൾ രോഗബാധ ഉണ്ടാവാൻ സാധ്യത കൂടുതലുള്ളവർ (പ്രായമേറിയവർ, ഗുരുതരരോഗമുള്ളവർ, കുട്ടികൾ), രോഗപ്പകർച്ചയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും നിർദേശമുണ്ട്.

കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ വുഹാനിലെ ഏഴ് പ്രവിശ്യകളിൽ പുതിയ കേസുകൾ റിപോർട്ട് ചെയ്തിട്ടുണ്ടെന്നും കേസുകൾ വർധിച്ചേക്കാമെന്ന സാഹചര്യം കണക്കിലെടുത്താണ് വ്യാപക പരിശോധന തീരുമാനിച്ചതെന്നും ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് മി ഫെങ് പ്രതികരിച്ചു.

പ്രാദേശിക വ്യാപനമെന്ന് സംശയിക്കുന്ന ആറ് കേസുകൾ മെയ് 10, 11 തീയതികളിൽ വുഹാനിൽ റിപോർട്ട് ചെയ്തിരുന്നു. ഏപ്രിൽ എട്ടിന്‌ ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷം കൊവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കത്തിലൂടെ പടർന്ന കേസുകളാണ് ഇത്. ഇവർ ലക്ഷണങ്ങളൊന്നും ഇല്ലാതെ തന്നെ നിരീക്ഷണത്തിലായിരുന്നു. ആറ് കേസുകളും ഒറു റസിഡൻഷ്യൽ മേഖലയിൽ നിന്നും വന്നതാണെന്നാണ് നിഗമനം.

കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23 മുതൽ ഏപ്രിൽ 8 വരെ വുഹാനിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നു. പിന്നാലെ കൊവിഡ് കേസുകൾ കുറയ്ക്കാനും സാധിച്ചു. എന്നാൽ വീണ്ടും കേസുകൾ റിപോർട്ട് ചെയ്യുന്നത് വൈറസ് വ്യാപനം വീണ്ടും ഗുരുതരമാവുകയാണോ എന്ന ആശങ്ക ഉയർത്തുകയാണ്.

Next Story

RELATED STORIES

Share it