Photo Stories

ഭക്ഷ്യക്ഷാമം, വിലക്കയറ്റം; കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരേ ക്യൂബന്‍ ജനത തെരുവില്‍ (ചിത്രങ്ങളിലൂടെ)

ഭക്ഷ്യ ദൗര്‍ലഭ്യം, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, സാമ്പത്തിക തകര്‍ച്ച, വ്യക്തിസ്വാതന്ത്ര്യം ഹനിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി തലസ്ഥാനമായ ഹവാനയിലടക്കം അസാധാരണമായ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്.

ഭക്ഷ്യക്ഷാമം, വിലക്കയറ്റം; കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരേ ക്യൂബന്‍ ജനത തെരുവില്‍ (ചിത്രങ്ങളിലൂടെ)
X
ഹവാന: മഹാമാരിയായ കൊറോണ വൈറസ് വ്യാപനം ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്കിടെ ക്യൂബയില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് എതിരേ പതിനായിരങ്ങള്‍ തെരുവിലിറങ്ങി. ഭക്ഷ്യ ദൗര്‍ലഭ്യം, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, സാമ്പത്തിക തകര്‍ച്ച, വ്യക്തിസ്വാതന്ത്ര്യം ഹനിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി തലസ്ഥാനമായ ഹവാനയിലടക്കം അസാധാരണമായ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്.

കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകളും ഉയര്‍ത്തിക്കാട്ടിയ പ്രക്ഷോഭകര്‍ വാക്‌സിന്‍ അതിവേഗം ലഭ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴങ്ങി. പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ക്യൂബയില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തെ വെല്ലുവിളിച്ച് ജനം തെരുവിലിറങ്ങുന്നത്.


ഇതാദ്യമായാണ് ഒരു നഗരത്തില്‍ നിന്നാരംഭിച്ച പ്രക്ഷോഭം കാട്ടുതീപോലെ ക്യൂബയില്‍ പടര്‍ന്നത്.തലസ്ഥാനമായ ഹവാനയ്ക്ക് തെക്കുപടിഞ്ഞാറു കിടക്കുന്ന സാന്‍ അന്‍േറാണിയോ ഡെ ലോസ് ബനാസ് എന്ന നഗരത്തിലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ആദ്യം തുടക്കമായത്. പിന്നാലെ പ്രക്ഷോഭം രാജ്യവ്യാപകമായി പടരുകയായിരുന്നു.


ജനക്കൂട്ടം നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കടകള്‍ ആക്രമിക്കുകയും ചെയ്തു. തലസ്ഥാനത്ത് ഉച്ചതിരിഞ്ഞ് നിരവധി യുവാക്കളാണ് പ്രക്ഷോഭ സമരത്തില്‍ പങ്കാളികളായത്. പോലിസ് ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.


സ്വാതന്ത്ര്യം, മതി, ഒന്നിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രക്ഷോഭകര്‍ ഉയര്‍ത്തി.


ക്യൂബയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ആശങ്കാജനകമാണെന്ന് ലാറ്റിനമേരിക്കയിലെ അമേരിക്കന്‍ സ്ഥാനപതി ജൂലി ചുംഗ് ട്വീറ്റ് ചെയ്തു. ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള ക്യൂബന്‍ പൗരന്‍മാരുടെ അവകാശത്തെ അമേരിക്ക പിന്തുണയ്ക്കുമെന്നും അവര്‍ പറഞ്ഞു.


ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധവും കൊവിഡ് വ്യാപനവും ക്യൂബന്‍ സാമ്പത്തിക മേഖലയെ താളംതെറ്റിച്ചിരിക്കുകയാണ്.


ക്യൂബ സാമ്പത്തിക രംഗം ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സമ്പദ് വ്യവസ്ഥയില്‍ കഴിഞ്ഞ വര്‍ഷം 11 ശതമാനം ഇടിവ് സംഭവിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച. ഈ പശ്ചാത്തലത്തിലാണ്, അസംതൃപ്തരായ ഒരു വിഭാഗം ജനങ്ങള്‍ തെരുവുകളിലേക്ക് ഇറങ്ങിയത്. പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ രാജി വയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.


അതിനിടെ, സര്‍ക്കാറിനെ പിന്തുണച്ചും ആയിരക്കണക്കിന് പേര്‍ രംഗത്തിറങ്ങി. അമേരിക്കയാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് വിളിച്ചു പറഞ്ഞായിരുന്നു സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങള്‍. 1950ലെ കമ്യൂണിസ്റ്റ് വിപ്ലവത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് പ്രസിഡന്റ് മിഗുവല്‍ ഡയസ് ടെലിവിഷനിലൂടെ ആഹ്വാനം ചെയ്തതിനു പിന്നാലെയായിരുന്നു സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങള്‍.


പ്രതിഷേധം വ്യാപിച്ചതിനു തൊട്ടുപിന്നാലെ, പോലിസും സുരക്ഷാ സൈന്യവും തെരുവിലിറങ്ങി. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്ന് ആരോപിച്ച് പോലിസ് പ്രക്ഷോഭകര്‍ക്കുനേരെ ബലം പ്രയോഗിച്ചു.ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച പോലിസ് സമരക്കാരെ ബലമായാണ് നീക്കിയത്.


രാജ്യത്തെ തകര്‍ക്കാനുള്ള അമേരിക്കന്‍ ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധമെന്ന് ടെലിവിഷനില്‍ നടത്തിയ പ്രസ്താവനയില്‍ പ്രസിഡന്റ് അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it