Kerala

അതിമാരക മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയില്‍

അതിമാരക മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയില്‍
X

കോഴിക്കോട്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും സഹിതം യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മടവൂര്‍ പുല്ലാളൂര്‍ മേലെ മീത്തില്‍ ഉഷസ് നിവാസില്‍ രജിലേഷ് എന്ന അപ്പു(27) വിനെയാണ് ടൗണ്‍ എസ്‌ഐ ബിജിത്തിന്റെ നേതൃത്വത്തിലുള്ള പോലിസും ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ പി സി ഹരിദാസന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും(ഡന്‍സാഫ്) ചേര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഇന്റര്‍നാഷനല്‍ ലോഡ്ജില്‍ നിന്നു അറസ്റ്റ് ചെയ്തത്. വില്‍പനയ്ക്കു കൊണ്ടുവന്ന ആറുഗ്രാം ക്രിസ്റ്റല്‍ മാതൃകയിലുള്ള എംഡിഎംഎയും 35 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നു കണ്ടെടുത്തതായി പോലിസ് അറിയിച്ചു.

നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കാന്‍ വേണ്ടിയാണ് എത്തിച്ചതെന്നാണ് പോലിസിനോടു പറഞ്ഞത്. ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ ഡിജെ പാര്‍ട്ടികളിലും മറ്റും പങ്കെടുക്കന്നവരാണ് ഇത്തരം ലഹരി മരുന്നുകള്‍ ജില്ലയില്‍ എത്തിക്കുന്നതെന്നാണ് പോലിസ് പറയുന്നത്. ചെറിയ ഓവര്‍ഡോസ് പോലും മരണത്തിനു കാരണമായേക്കാവുന്ന ലഹരി വസ്തുവായ എംഡിഎംഎ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ലൗ പില്‍ എന്ന പേരിലും ഉപയോഗിക്കുന്നുണ്ടെന്ന് പോലിസ് വ്യക്തമാക്കി. കോഴിക്കോട് നഗരത്തിലെ ചില ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നിശാപാര്‍ട്ടികള്‍ നടക്കുന്നതായും അതുവഴി ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതായും വിവരം ലഭിച്ചതായി ടൗണ്‍ സിഐ ഉമേഷ് അറിയിച്ചു. ടൗണ്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ബിജിത്ത്, എഎസ്‌ഐ സുബ്രഹ്മണ്യന്‍, സീനിയര്‍ സിപിഒ പ്രകാശന്‍, സിപിഒമാരായ ഷബീര്‍, ശ്രീലിന്‍സ്, സജീഷ് ഡന്‍സാഫ് അംഗങ്ങളായ എം മുഹമ്മദ് ഷാഫി, എം സജി, കെ അഖിലേഷ്, കെ എ ജോമോന്‍, എന്‍ നവീന്‍, പി സോജി, എം കെ രതീഷ്, രജിത്ത് ചന്ദ്രന്‍, എം ജിനേഷ്, എ വി സുമേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.


Next Story

RELATED STORIES

Share it