Kerala

അറിയുക... സര്‍ഫാസി നിയമം

നവലിബറല്‍ സാമ്പത്തിക നയത്തിന്റെ വര്‍ത്തമാനകാലത്ത് ഇന്ത്യന്‍ ബാങ്കിങ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ധന വിപണിയിലെ കഴുത്തറപ്പന്‍ മൽസരങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങള്‍ വച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുന്നത്.

അറിയുക... സര്‍ഫാസി നിയമം
X

2002ലാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍ഫാസി എന്ന പേരില്‍ അറിയപ്പെടുന്ന സെക്യുരിറ്റൈസഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് എന്‍ഫൊഴ്‌സ്‌മെന്റ് ഓഫ് സെക്യുരിറ്റി ഇന്‍ട്രസ്റ്റ് ആക്റ്റ് പാസ്സാക്കുന്നത്. നവലിബറല്‍ സാമ്പത്തിക നയത്തിന്റെ വര്‍ത്തമാനകാലത്ത് ഇന്ത്യന്‍ ബാങ്കിങ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ധന വിപണിയിലെ കഴുത്തറപ്പന്‍ മൽസരങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങള്‍ വച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുന്നത്.

സര്‍ഫാസി നിയമം ബാങ്കുകള്‍ക്ക് കിട്ടാനുള്ള കടം തിരിച്ചു പിടിക്കാന്‍ വിപുലമായ അധികാരങ്ങള്‍ നല്‍കുന്നു. മുന്‍കാലങ്ങളില്‍ കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ സിവില്‍ നിയമമനുസരിച്ച് സിവില്‍ കോടതികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ സിവില്‍ കോടതികളിലെ നടപടികളുടെ കാലദൈര്‍ഘ്യം ആഗോളികരണത്തിന്റെ കാലത്ത് ബാങ്കുകളുടെ മൽസരശേഷിയെ ബാധിക്കുമെന്നതിനാലാണ് സര്‍ക്കാര്‍ വിപുലമായ അധികാരം ബാങ്കുകള്‍ക്ക് നല്‍കിയത്. ഇതനുസരിച്ച് ബാങ്കുകള്‍ നല്‍കിയ വായ്പ തിരിച്ചടക്കുന്നതില്‍ 60 ദിവസത്തെ കാലതാമസം വരുത്തിയാല്‍ വായ്പക്ക് ഈടായി നല്‍കിയ വസ്തുവിന്മേല്‍ ബാങ്കിന് നടപടികള്‍ സ്വീകരിക്കാം. മൂന്നു സാധ്യതകളാണ് ഇതുപ്രകാരം ബാങ്കിനുള്ളത്. ബാങ്കിന് നേരിട്ട് വസ്തു ഏറ്റെടുക്കാം അല്ലെങ്കില്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രറ്റ് കോടതിയെ സമീപിച്ച് വസ്തു ജപ്തി ചെയ്യാം അതുമല്ലെങ്കില്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യുണല്‍ വഴി നടപടികള്‍ സ്വീകരിക്കാം. ഇതില്‍ എതായിരുന്നാലും പഴയ സിവില്‍ നടപടിക്രമങ്ങള്‍ പോലെ പരിശോധനകള്‍ ഒന്നുമില്ലാതെ വളരെ പെട്ടെന്ന് തന്നെ ബാങ്കുകള്‍ക്ക് വസ്തു ജപ്തി ചെയ്ത് കടം തിരിച്ചു പിടിക്കാനാവും.

ജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ച് ആവശ്യകാര്‍ക്ക് വായ്പ നല്‍ക്കുകയാണ് മുതലാളിത്ത ബാങ്കിങ് രീതി. വലിയ കോര്‍പ്പറേറ്റുകള്‍ മുതല്‍ സാധാരണക്കാര്‍ വരെ ബാങ്ക് വായ്പ സ്വീകരിക്കാറുണ്ട്. എന്നാല്‍ കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപാ വരുന്ന വായ്പകള്‍ എഴുതി തള്ളാന്‍ യാതൊരു മടിയും കാണിക്കാത്ത ബാങ്കുകള്‍ വീടുനിര്‍മ്മാണം, വിദ്യാഭ്യാസം, ചികിൽസ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ പരിഹരിക്കാനായി വായ്പയെടുക്കുന്ന സാധാരണക്കാരുടെ നേരെ ഈ നിയമം ഉപയോഗിക്കുവാന്‍ വലിയ താല്‍പ്പര്യമാണ് കാണിക്കുന്നത്. തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്താനായി സാധാരണക്കാരന്‍ എടുക്കുന്ന വായ്പ്പകളും ബാങ്കുകളുടെ അമിതാധികാരപ്രയോഗത്തിനു വിധേയമാകാറുണ്ട്. ഇവിടെ സാധാരണക്കാരുടെ വായ്പകള്‍ പിടിച്ചെടുക്കുകയും കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളുകയും ചെയ്യുന്നതിലൂടെ ബാങ്കുകള്‍ കോര്‍പ്പറേറ്റുകളുടെ മൂലധന സമാഹരണത്തിനുള്ള ഏജൻസികൾ ആവുകയാണ്.

കേരളത്തിന്റെ പ്രത്യേക സാമ്പത്തിക-സാമൂഹ്യ പശ്ചാത്തലത്തില്‍ സര്‍ഫാസി നിയമത്തിന്റെ പ്രയോഗം വലിയ സാമൂഹ്യ ദുരന്തത്തിലേക്കാവും നയിക്കുക. ഇവിടെ ഏറവും അധികം ബാധിക്കപ്പെടുക ദരിദ്ര വിഭാഗങ്ങളാണ്. കേരളത്തിലെ ബാങ്ക് വായ്പകള്‍ പരിശോധിച്ചാല്‍ അതില്‍ നല്ലൊരു പങ്കും സ്വന്തമായി സ്ഥലം വാങ്ങുന്നതിനും വീടുവെക്കുന്നതിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ചികിൽസാ ചെലവിനും വിവാഹ ചിലവുകള്‍ക്കും മറ്റും ആണെന്ന് കാണാം. തങ്ങളുടെ ചെറുകിട വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കു മൂലധനമായി ബാങ്ക് വായ്പ സ്വീകരിക്കുന്നവരും ഉണ്ട്. പക്ഷെ കോര്‍പ്പറേറ്റു ഭീമന്മാരുടെ വായ്പയുമായി തട്ടിച്ചു നോക്കുമ്പോള്‍ ചെറുകിട വ്യവസായ വായ്പകള്‍ തീരെ ചെറുതാണ്. ഇത്തരക്കാര്‍ക്ക് നേരെയാണ് ബാങ്കുകള്‍ സര്‍ഫാസി നിയമം ഉപയോഗിക്കുന്നത്. സ്വന്തം ഭൂമിയില്‍ നിന്നും കിടപ്പാടത്തില്‍ നിന്നും തെരുവിലേക്ക് ആട്ടിയിറക്കപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്.

ഈ നിയമത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന വായ്പാ തട്ടിപ്പാണ് മറ്റൊരു പ്രശ്‌നം. ദരിദ്രരാണ് കൂടുതലും ഈ തട്ടിപ്പിന് ഇരയാകുന്നവര്‍. പ്രത്യേകിച്ച് ദരിദ്ര ദലിത് വിഭാഗങ്ങള്‍. ഭൂപരിഷ്‌കരണത്തട്ടിപ്പിലൂടെ 3 സെന്റ് 5 സെന്റ് കോളനികളില്‍ തളച്ചിടപ്പെട്ട ദലിതര്‍ക്കു വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കുകള്‍ വലിയ താല്പര്യം കാണിക്കാറില്ല. അവരുടെ കൈവശമുള്ള ഭൂമി മതിയായ ഈടാവുകയില്ല അല്ലെങ്കില്‍ തിരിച്ചടക്കാനുള്ള ശേഷിയില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് വായ്പ നിഷേധിക്കുകയാണ് പതിവ്. ഈ സാഹചര്യം മുതലെടുത്ത് രംഗത്തെത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ വായ്പ ശരിയാക്കി തരാമെന്നു പറഞ്ഞ് അവരുടെ വിശ്വാസം നേടിയെടുക്കുകയും വായ്പ ലഭിക്കാനായുള്ള തന്ത്രമെന്ന നിലയില്‍ ഭൂമി താൽകാലികമായി ഈ ക്രിമിനല്‍ സംഘത്തിലെ ആരുടെയെങ്കിലും പേരില്‍ തീറാധാരം രജിസ്‌റ്റര്‍ ചെയ്തു വാങ്ങിക്കുകയും ആ തീറാധാരം പണയപ്പെടുത്തി വായ്പയെടുക്കുകയും ചെയ്യും. വായ്പാ തുക ഈ ക്രിമിനല്‍ സംഘം വീതിച്ചെടുക്കുകയും ഒരു വിഹിതം പറ്റിക്കപ്പെട്ട യദാര്‍ഥ വസ്തുവുടമക്ക് നല്‍കുകയും ചെയ്യും. കിട്ടിയ വിഹിതത്തിനാനുപാതികമായി ഒരു തുക തിരിച്ചടച്ചാല്‍ മതിയെന്നും അതും നേരിട്ട് ബാങ്കില്‍ പോകേണ്ട തങ്ങളുടെ കയ്യില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്നും അവര്‍ പറഞ്ഞുവിശ്വസിപ്പിക്കുന്നതനുസരിച്ചു വഞ്ചനക്ക് ഇരയായ വസ്തുവുടമ അയാളുടെ വിഹിതം ഈ ക്രിമിനലുകളെ എല്‍പ്പിച്ചിരിക്കും. അവസാനം ബാങ്കില്‍ നിന്നും ജപ്തി നടപടി വരുമ്പോള്‍ മാത്രമാണ് താന്‍ വഞ്ചിക്കപ്പെട്ടെന്നു അയാള്‍ തിരിച്ചറിയുക. സര്‍ഫാസി നിയമത്തിന്റെ വേഗതക്കും കാര്‍ക്കശ്യത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ അപമാനിതനായി ഹതാശനായി തന്റെ ഭൂമിയില്‍ നിന്ന്, കിടപ്പാടത്തില്‍ നിന്ന് ഇറങ്ങികൊടുക്കേണ്ടിവരികയും ചെയ്യും. എറണാകുളം ജില്ലയില്‍ പനമ്പുകാട് എന്ന പ്രദേശത്ത് 14 ഓളം കുടുംബങ്ങളാണ് ക്ലബ്ബിങ് വായ്പ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വായ്പാ തട്ടിപ്പിന് ഇരയായി ജപ്തി ഭീഷണി നേരിടുന്നത്. അതില്‍ ഭൂരിപക്ഷവും ദലിതരാണ്.

ഈ നിയമം കേന്ദ്ര നിയമമായതിനാല്‍ തങ്ങള്‍ക്കു ഒന്നും ചെയ്യാനില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും അതിനു നേതൃത്വം നല്‍കുന്ന രാഷ്ട്രീയ നേതാക്കന്മാരുടെയും നിലപാട്. എന്നാല്‍ ഈ നിയമം ജനങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ ഭേദഗതി ചെയ്യുന്നതിനും സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികള്‍ നിറുത്തിവെക്കാനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇവരാരും തയ്യാറാവുന്നില്ല. മാത്രമല്ല വായ്പാ തട്ടിപ്പിനിരയായവര്‍ക്ക് അവരുടെ നഷ്ടപ്പെട്ട ഭൂമി വീണ്ടെടുത്തു നല്‍കാനും വായ്പാ തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

Next Story

RELATED STORIES

Share it