Kerala

ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി കല്ലാര്‍ ഡാം തുറന്നു

ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി കല്ലാര്‍ ഡാം തുറന്നു
X

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമാവുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് പുലര്‍ച്ചെ 2.30 മുതല്‍ ഉയര്‍ത്തിയത്. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ കരകളിലുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കല്ലാര്‍ റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 824.48 മീറ്ററും റെഡ് അലര്‍ട്ട് ലെവല്‍ 823.50 മീറ്ററുമാണ്.

ജലനിരപ്പ് റെഡ് ലെവല്‍ എത്തിയ സാഹചര്യത്തിലും ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലുമാണ് ഡാമിന്റെ ഷട്ടര്‍ 10 സെ.മീ വീതം ഉയര്‍ത്തി 10 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ വെള്ളം ഒഴുകിയെത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. നീരൊഴുക്ക് വര്‍ധിച്ചതോടെ ഇടുക്കി ഉള്‍പ്പടെ പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തൃശൂര്‍ ജില്ലയിലെ ഡാമുകളില്‍ ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പിച്ചി, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. കരുവന്നൂര്‍, കുരുമാലി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തൃശൂരില്‍ രാത്രിയില്‍ മഴ പെയ്‌തെങ്കിലും ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. ജലനിരപ്പ് ഏഴുമീറ്റര്‍ കടന്നാല്‍ മാത്രമാണ് ചാലക്കുടിപ്പുഴയില്‍ അപകട മുന്നറിയിപ്പ് നല്‍കുക. എന്നാല്‍ ഇപ്പോള്‍ മൂന്നര മീറ്റര്‍ മാത്രമാണ് ജലനിരപ്പ്.

Next Story

RELATED STORIES

Share it