Kerala

സാമ്പത്തിക സംവരണ ബില്‍: ഭരണഘടനയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സും കൂട്ടുനിന്നെന്ന് വി ടി ബല്‍റാം

ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.

സാമ്പത്തിക സംവരണ ബില്‍:  ഭരണഘടനയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സും കൂട്ടുനിന്നെന്ന് വി ടി ബല്‍റാം
X

കോഴിക്കോട്: മുന്നോക്ക വിഭാഗക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനായി ബിജെപി കൊണ്ടു വന്ന ബില്ലിനെ പിന്തുണച്ച കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. ബ്രാഹ്മണ്യത്തിനെതിരായ പോരാട്ടമായ സംവരണ കാര്യം വരുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.

അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവര്‍ണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിലാണ് എല്ലാവര്‍ക്കും ഒരേ ശബ്ദമുള്ളതെന്നും ബല്‍റാം വിമര്‍ശിച്ചു. ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ത്ത മൂന്ന് പേരില്‍ ഒരാളായ ഇ ടി മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലിനെ കോണ്‍ഗ്രസും സിപിഐഎമ്മും അടക്കം പിന്തുണച്ചിരുന്നു.323 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ മൂന്ന് പേര്‍ മാത്രമാണ് എതിര്‍ത്തത്. മുസ്‌ലിം ലീഗും എഐഎംഇഐഎം എംപി അസദുദ്ദീന്‍ ഉവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തു. അണ്ണാ ഡിഎംകെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. ബില്‍ ഭരണഘടനയ്‌ക്കെതിരാണെന്നും നിയമ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു മൂവരും ബില്ലിനെ എതിര്‍ത്തത്.സംവരണം മുന്നോക്ക വിഭാഗക്കാരും പിന്നോക്ക വിഭാഗക്കാരും തമ്മിലുള്ള അകലം കുറയ്ക്കാനുള്ളതാണെന്നും ദാരിദ്ര നിര്‍മാര്‍ജനം സര്‍ക്കാരിന്റെ ജോലിയാണെന്നും മുസ്ലിം ലീഗ് എംപി ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയിരുന്നു.

ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടണമെന്ന് ആവശ്യമുയര്‍ത്തിക്കൊണ്ടായിരുന്നു കോണ്‍ഗ്രസ് പിന്തുണച്ചത്. സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നെന്ന് കോണ്‍ഗ്രസ് എംപി കെവി തോമസ് വ്യക്തമാക്കിയിരുന്നു.എന്നാല്‍ നിയമം തിരക്കിട്ട് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയാണ് പ്രശ്‌നമെന്നും കെ വി തോമസ് പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.

ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവര്‍ണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ ശബ്ദം

ശ്രീ ഇ ടി മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു എന്നതില്‍ ഏറെ അഭിമാനം തോന്നുന്നു.

Next Story

RELATED STORIES

Share it