Kerala

പോളിങ് ബൂത്തുകളിലെത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട്; ക്രമീകരണങ്ങള്‍ ഇങ്ങനെ

പോളിങ് ബൂത്തുകളിലെത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട്; ക്രമീകരണങ്ങള്‍ ഇങ്ങനെ
X

കോട്ടയം: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളിലെത്താന്‍ കഴിയാത്തവരെ ആബ്‌സന്റീ വോട്ടര്‍മാരായി പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തപാല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.80 വയസു പിന്നിട്ടവര്‍, ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍, കൊവിഡ് ബാധിതര്‍, കൊവിഡ് ക്വാറന്റൈനില്‍ കഴിയുന്നവര്‍, അവശ്യസേവന വിഭാഗങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് തപാല്‍വോട്ടു ചെയ്യാന്‍ കഴിയുക.

ആദ്യത്തെ നാലുവിഭാഗങ്ങളിലുള്ളവര്‍ക്ക് താമസസ്ഥലത്ത് എത്തിച്ചുനല്‍കുന്ന ബാലറ്റ് പേപ്പറില്‍ വോട്ടു ചെയ്യാം. അവശ്യസേവന വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് തപാല്‍വോട്ട് ചെയ്യുന്നതിനായി ഓരോ മണ്ഡലത്തിലും പ്രത്യേക വോട്ടിങ് കേന്ദ്രം സജ്ജമാക്കും.

80 വയസ് പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍, കൊവിഡ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ തപാല്‍ വോട്ട് ചെയ്യുന്ന വിധം

തപാല്‍വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വോട്ടര്‍ വരണാധികാരിയെ അറിയിക്കുന്നതാണ് ആദ്യപടി. ഇതിനായി 12 ഡി എന്ന ഫോറത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കണം. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഈ ഫോറം മാര്‍ച്ച് 17നു മുന്‍പ് ഇത്തരം വോട്ടര്‍മാര്‍ക്ക് എത്തിച്ചുനല്‍കി പൂരിപ്പിച്ച് തിരികെ വാങ്ങും.

ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുണ്ടെന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം കൂടി ഇതോടൊപ്പം നല്‍കേണ്ടതാണ്. കൊവിഡ് രോഗികളും ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ കഴിയുന്നവരും അതുസംബന്ധിച്ച് നിര്‍ദിഷ്ഠ ഫോറത്തിലുള്ള സാക്ഷ്യപത്രവും 12 ഡി ഫോറത്തിനൊപ്പം ബിഎല്‍ഒയെ ഏല്‍പ്പിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഫോറം 12 ഡി സമര്‍പ്പിച്ചവര്‍ക്ക് വരണാധികാരി തപാല്‍ ബാലറ്റ് പേപ്പര്‍ അനുവദിക്കും.

ഇതോടൊപ്പം വോട്ടര്‍പട്ടികയില്‍ ഇവരുടെ പേരിനു നേരെ പോസ്റ്റല്‍ ബാലറ്റ് എന്നതിന്റെ ചുരുക്കെഴുത്തായ പിബി എന്ന് മാര്‍ക്ക് ചെയ്യും. ഇത്തരത്തില്‍ മാര്‍ക്ക് ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ഈ വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തില്‍ എത്തി വോട്ടു ചെയ്യാനാവില്ല. തപാല്‍ ബാലറ്റുകള്‍ വോട്ടര്‍ക്ക് നല്‍കുന്നതിന് പ്രത്യേക പോളിങ് സംഘങ്ങളെ വരണാധികാരിമാര്‍ നിയോഗിച്ചിട്ടുണ്ട്. മുന്‍കൂട്ടി അറിയിച്ചശേഷമായിരിക്കും ഇവര്‍ വോട്ടര്‍മാരുടെ പക്കലെത്തുക. ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം തപാല്‍ ബാലറ്റ് പേപ്പറും ഫോറം 13 എയിലുള്ള സത്യപ്രസ്താവന, ഫോറം 13 ബി എന്ന ചെറിയ കവര്‍, ഫോറം 13 സി എന്ന വലിയ കവര്‍ എന്നിവയും നല്‍കുന്നതാണ്.

സ്വകാര്യത ഉറപ്പാക്കി വോട്ടുചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുമായാണ് ഉദ്യോഗസ്ഥര്‍ എത്തുക. പോസ്റ്റല്‍ ബാലറ്റില്‍ ആരുടെയും സ്വാധീനത്തിന് വിധേയമല്ലാതെതന്നെ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ശരി ചിഹ്നമോ ഗുണന ചിഹ്നമോ രേഖപ്പെടുത്തി വോട്ടുചെയ്യാം. പോളിങ് ഉദ്യോാഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ വോട്ടു രേഖപ്പെടുത്താന്‍ കഴിയൂ. ബാലറ്റ് പേപ്പറും അനുബന്ധ രേഖകളും കൈപ്പറ്റി പിന്നീട് നേരിട്ടോ ദൂതന്‍മുഖേനയോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാന്‍ കഴിയില്ല.

തപാല്‍ ബാലറ്റ് പേപ്പര്‍ മടക്കി 13 ബി എന്ന ചെറിയ കവറില്‍ ഇട്ട് ഒട്ടിച്ച് കവറിനു മുകളില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കണം. 13 എയിലുളള സത്യപ്രസ്താവന പൂരിപ്പിച്ച് വീട്ടിലെത്തുന്ന പോളിംഗ് ഓഫിസറെക്കൊണ്ടുതന്നെ സാക്ഷ്യപ്പെടുത്തണം. തപാല്‍ ബാലറ്റ് അടങ്ങിയ 13 ബി എന്ന കവറും 13 എ എന്ന സത്യപ്രസ്താവനയും 13 സി എന്ന വലിയ കവറില്‍ ഇട്ട് ഒട്ടിച്ച് ഈ കവറിനു മുകളിലും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി അപ്പോള്‍തന്നെ പോളിങ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം.

ആശുപത്രിയില്‍ ചികില്‍സയിലുള്ള കൊവിഡ് രോഗികള്‍ വോട്ടു ചെയ്യുമ്പോള്‍ 13എയിലുള്ള സത്യപ്രസ്താവന അവരെ ചികില്‍സിക്കുന്ന ഡോക്ടര്‍ക്ക് സാക്ഷ്യപ്പെടുത്താവുന്നതാണ്. പോളിങ് സംഘം എത്തുന്നതായി അറിയിക്കുമ്പോള്‍ വോട്ടര്‍മാര്‍ പേന, കവറുകള്‍ ഒട്ടിക്കുന്നതിനുള്ള പശ, വോട്ടുചെയ്യുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കരുതിവയ്ക്കണം. മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വോട്ടുചെയ്ത ശേഷം കൈകള്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് ശുചീകരിക്കണം. അന്ധര്‍ക്കും വോട്ടുരേഖപ്പെടുത്താന്‍ കഴിയാത്തവിധം ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കും മുതിര്‍ന്ന ഒരാളുടെ സഹായത്തോടെ വോട്ടുചെയ്യാവുന്നതാണ്.

അവശ്യസേവന വിഭാഗങ്ങളിലെ ആബ്‌സന്റി വോട്ടര്‍മാര്‍ക്കുള്ള ക്രമീകരണങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ അവശ്യസേവന വിഭാഗങ്ങളിലെ ജീവനക്കാരെ ആബ്‌സെന്റീ വോട്ടര്‍മാരായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ആരോഗ്യം, പോലിസ്, അഗ്‌നിരക്ഷാസേന, ജയില്‍, എക്‌സൈസ്, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, ട്രഷറി, വനം, വ്യോമഗതാഗതം, ഷിപ്പിങ് എന്നീ വകുപ്പുകളിലെയും ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, തപാല്‍, കെഎസ്ആര്‍ടിസി എന്നീ സ്ഥാപനങ്ങളിലെയും മില്‍മ, ആംബുലന്‍സ് സര്‍വീസ് എന്നിവിടങ്ങളിലെയും ജീവനക്കാര്‍, തിരഞ്ഞെടുപ്പ് കവറേജിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ നിയോഗിക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഈ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് ജോലി ചെയ്യേണ്ടിവരുന്നതുമൂലം പോളിംഗ് ബൂത്തില്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കാണ് തപാല്‍ വോട്ടുചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ആദ്യപടിയായി ഇത്തരം ഓഫീസുകളില്‍ ഒരു നോഡല്‍ ഓഫിസറെ നിശ്ചയിക്കണം.

തപാല്‍ ബാലറ്റ് മുഖാന്തിരം വോട്ടു ചെയ്യാന്‍ താത്പര്യമുള്ള ജീവനക്കാരുടെ 12 ഡി ഫോറം നോഡല്‍ ഓഫിസര്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷം അതത് ജീവനക്കാര്‍തന്നെ അതത് വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റില്‍നിന്നും 12 ഡി ഫോറം ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍നിന്നും സ്ഥാപനങ്ങളിലെ നോഡല്‍ ഓഫിസര്‍മാര്‍ക്ക് ഫോറം ലഭ്യമാക്കും. ഈ ഫോറം കൃത്യമായി പൂരിപ്പിച്ച് മാര്‍ച്ച് 17ന് മുമ്പ് സമര്‍പ്പിക്കണം.

മാര്‍ച്ച് 17ന് ശേഷം ഇത്തരം അപേക്ഷകള്‍ പരിശോധിക്കുന്ന വരണാധികാരി സ്വീകാര്യമായ ഫോറങ്ങള്‍ സമര്‍പ്പിച്ചവര്‍ക്ക് തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പട്ടിക തയ്യാറാക്കും. തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്ന മുറയ്ക്ക് വോട്ടര്‍ പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പിയില്‍ ഇവരുടെ പേരിനു നേര്‍ക്ക് പിബി എന്ന് മാര്‍ക്ക് ചെയ്യും. ഇങ്ങനെ രേഖപ്പെടുത്തിയശേഷം ഈ വിഭാഗത്തില്‍ പെടുന്ന വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാനാവില്ല.

ഓരോ മണ്ഡലത്തിലും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ണയിക്കുന്ന ഒരു കേന്ദ്രത്തില്‍ തപാല്‍ വോട്ടുചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഇവര്‍ക്കായി ഏര്‍പ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് മൂന്നു ദിവസം മുന്‍പ് വോട്ടിംഗ് പൂര്‍ത്തിയാകുന്ന രീതിയില്‍ തുടര്‍ച്ചയായി മൂന്നുദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഇതേ കേന്ദ്രത്തില്‍ വോട്ടിംഗ് സൗകര്യമുണ്ടാവും. 12 ഡി ഫോറത്തില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് വോട്ടിങ് കേന്ദ്രം സംബന്ധിച്ച വിവരം ഫോണില്‍ മെസേജായി ലഭിക്കും.

ഫോണ്‍ നമ്പര്‍ കുറിക്കാത്തവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫിസര്‍ മുഖേന അറിയിപ്പ് നല്‍കും. ഇതിനു പുറമെ അതത് സ്ഥാപനങ്ങളിലെ നോഡല്‍ ഓഫിസര്‍മാര്‍ വഴിയും മാധ്യമങ്ങളിലൂടെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റ് മുഖേനയും വോട്ടിംഗ് കേന്ദ്രം, വോട്ടിങ് ദിവസം സമയം എന്നിവ സംബന്ധിച്ച അറിയിപ്പു നല്‍കും. ഇതോടൊപ്പംതന്നെ സ്ഥാനാര്‍ഥികള്‍ക്കും വോട്ടിങ് സംബന്ധിച്ച വിവരം നല്‍കും. എല്ലാ തപാല്‍ വോട്ടിങ് കേന്ദ്രത്തിലും നിയോഗിക്കുന്ന ഗസറ്റഡ് ഓഫിസര്‍ക്കായിരിക്കും 13 എയിലുള്ള വോട്ടറുടെ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിന്റെ ചുമതല.

സ്വകാര്യത ഉറപ്പാക്കി സജ്ജമാക്കുന്ന ബൂത്തില്‍ തപാല്‍ വോട്ടുരേഖപ്പെടുത്തിയശേഷം 13 ബി എന്ന കവറിലിട്ട് ഒട്ടിച്ചശേഷം കവറിനു മുകളില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക. തുടര്‍ന്ന് ഈ കവറും 13 എ എന്ന സത്യപ്രസ്താവനയും 13 സി എന്ന വലിയ കവറില്‍ ഇട്ട് ഒട്ടിച്ച് ഈ കവറിനു മുകളിലും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി പോളിങ് ബൂത്തില്‍ സജ്ജമാക്കിയിട്ടുള്ള പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയാകും.

Next Story

RELATED STORIES

Share it