Kerala

ലോക്ക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് പാലക്കാട് ബിജെപി നേതാവിന്റെ യോഗം

പാലക്കാട് നഗരസഭയിലെ കൊപ്പം വാര്‍ഡിലാണ് ബിജെപി സംസ്ഥാന സമിതി അംഗവും മീഡിയാ സെല്ലിന്റെ ചുമതലയും വഹിക്കുന്ന വി എസ് മിനിമോള്‍ എന്ന മിനി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് 20 ഓളം പേര്‍ പങ്കെടുത്ത യോഗം സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി കെ കൃഷ്ണകുമാറിന്റെ ഭാര്യയാണ് മിനിമോള്‍. കൃഷ്ണകുമാറിന്റെ സ്വന്തം വാര്‍ഡുമാണിത്.

ലോക്ക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച്  പാലക്കാട് ബിജെപി നേതാവിന്റെ യോഗം
X

പാലക്കാട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണും നിരോധനാജ്ഞയും പൂര്‍ണമായും കാറ്റില്‍പ്പറത്തി പാലക്കാട് ജില്ലയില്‍ ബിജെപി സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിച്ചത് വിവാദമാവുന്നു. പാലക്കാട് നഗരസഭയിലെ കൊപ്പം വാര്‍ഡിലാണ് ബിജെപി മീഡിയാ സെല്ലിന്റെ ചുമതല വഹിക്കുന്ന സംസ്ഥാന സമിതി അംഗം വി എസ് മിനിമോള്‍ എന്ന മിനി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിച്ചത്. 20 ഓളം പേര്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി കെ കൃഷ്ണകുമാറിന്റെ ഭാര്യയാണ് മിനിമോള്‍. കൃഷ്ണകുമാറിന്റെ സ്വന്തം വാര്‍ഡുമാണിത്.

ലോക്ക് ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ കര്‍ശന പരിശോധനയും സുരക്ഷാക്രമീകരണങ്ങളുമാണ് പോലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെയെല്ലാം മറികടന്നാണ് ഒരു ചെറിയ ഹാളില്‍ 20 ഓളം പേര്‍ ഒരുമിച്ചിരുന്നുകൊണ്ട് മണിക്കൂറോളം നീണ്ടുനിന്ന യോഗം നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 'നമോ കിറ്റ് വിതരണവും സാമൂഹിക ബോധവല്‍ക്കരണവും' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. മിനിമോള്‍തന്നെ ഇതിന്റെ ചിത്രങ്ങളും വീഡിയോയും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

യോഗത്തില്‍ പങ്കെടുത്തവര്‍ സാമൂഹിക അകലം പാലിച്ചിരുന്നില്ല എന്നതും മാസ്‌കോ മറ്റ് സുരക്ഷാക്രമീകരണങ്ങളോ സ്വീകരിച്ചിരുന്നില്ല എന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും മറ്റ് ആശുപത്രി ആവശ്യങ്ങള്‍ക്കുമായി പുറത്തിറങ്ങുന്നവരെ കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് പോലിസ് കടത്തിവിടുന്നത്. പൊതുസ്ഥലത്ത് അനാവശ്യമായി ഒരാളെ പോലും നില്‍ക്കാന്‍ പോലിസ് അനുവദിക്കാറില്ല. നിയമലംഘകര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികളുമെടുക്കുന്നുണ്ട്. പള്ളിയില്‍ ആളുകളെത്തുന്നുണ്ടോയെന്നുപോലും പോലിസ് നിരന്തരം പരിശോധന നടത്തിവരുന്നുണ്ട്. ബിജെപി നേതാവിന്റെ യോഗം നടക്കുന്നതിന് 50 മീറ്റര്‍ അകലെ മോയന്‍ ഗേള്‍സ് സ്‌കൂളിന് മുന്നില്‍ പോലിസിന്റെ പരിശോധനയും നടക്കുന്നുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ കേസെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പോലിസിന്റെ മൂക്കിന് താഴെ ബിജെപി ആളുകളെ സംഘടിപ്പിച്ച് പരിപാടി ആസൂത്രണം ചെയ്തതാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. പോലിസിന്റെ ഒത്താശയോടുകൂടിയാണ് ബിജെപി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന വിമര്‍ശനം ശക്തമാണ്. ബിജെപി സംസ്ഥാന സമിതി അംഗമായ മിനിമോള്‍ നേരത്തെ തന്നെ വിവാദങ്ങളില്‍ ഇടംപിടിച്ച വ്യക്തിയാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട അക്രമം റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ ചാനലുകളുടെ സംപ്രേക്ഷണത്തിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മിനിമോളായിരുന്നു.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് മിനിമോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാനലുകള്‍ക്ക് മന്ത്രാലയം 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, കൊപ്പത്ത് നമോ കിറ്റ് വിതരണമെന്ന പേരില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകളെ സംഘം ചേര്‍ക്കുകയും അതിലൂടെ രോഗബാധ പടരാന്‍ കാരണമാവുകയും ചെയ്തതിന് കാരണമായ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം മിനിമോള്‍ക്കെതിരേ കേസെടുക്കണമെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ ചട്ടങ്ങളും നിയമവ്യവസ്ഥയും സര്‍ക്കാരിനെയും വെല്ലുവിളിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും മുനിസിപ്പല്‍ പ്രസിഡന്റ് എ എം റഫീഖ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it