Kerala

ഹിന്ദുഐക്യമല്ല നവോത്ഥാന സമിതിയുടെ ലക്ഷ്യം; സുഗതന് മറുപടിയുമായി വെള്ളാപള്ളി

സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. സുഗതന്‍ വെറും കടലാസ് പുലിയാണ്. സുഗതന് പാര്‍ലമെന്ററി മോഹമാണ്. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ഏതറ്റം വരെയും എസ്.എന്‍.ഡി.പി പോകും.

ഹിന്ദുഐക്യമല്ല നവോത്ഥാന സമിതിയുടെ ലക്ഷ്യം; സുഗതന് മറുപടിയുമായി വെള്ളാപള്ളി
X

തിരുവനന്തപുരം: നവോത്ഥാന സമിതി വിടാനുള്ള സമിതി ജോയിന്റ് കണ്‍വീനറും ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി.പി സുഗതന്റെ നീക്കത്തിനെതിരേ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സുഗതന്‍ പോയത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും നവോത്ഥാന സമിതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദുഐക്യമല്ല നവോത്ഥാന സമിതി ലക്ഷ്യം വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. സുഗതന്‍ വെറും കടലാസ് പുലിയാണ്. സുഗതന് പാര്‍ലമെന്ററി മോഹമാണ്. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ഏതറ്റം വരെയും എസ്.എന്‍.ഡി.പി പോകും. പിന്നാക്ക സമുദായത്തിനായല്ലാതെ വേറെ ആര്‍ക്ക് വേണ്ടിയാണ് താന്‍ വാദിക്കേണ്ടതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

നവോത്ഥാന സമിതിയില്‍ നിന്നും പിന്മാറുകയാണെന്ന് ഹിന്ദു പാര്‍ലമെന്റ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. 94 ഹിന്ദുസംഘടനകളുടെ കേന്ദ്രസമിതിയാണ് ഹിന്ദു പാര്‍ലമെന്റ്. പിന്മാറുകയാണെങ്കിലും ഹിന്ദു പാര്‍ലമെന്റ് അംഗങ്ങളായ ഏതെങ്കിലും സമുദായങ്ങള്‍ക്ക് അവരുടെ സ്വന്തം തീരുമാനമനുസരിച്ച് നവോത്ഥാനസമിതിയില്‍ തുടരാന്‍ തടസ്സമുണ്ടാവില്ലെന്നും അംഗസംഘടനകള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. എന്നാല്‍ സുഗതന്റേത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും അത് നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ തുടര്‍പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുമുണ്ടാക്കില്ലെന്നും കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു.

നവോത്ഥാന മൂല്യസംരക്ഷണസമിതിയുടെ രൂപീകരണയോഗത്തില്‍ ഹിന്ദു പാര്‍ലമെന്റിനെ പ്രതിനിധീകരിച്ച് 94 സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. നവോത്ഥാന മൂല്യസംരക്ഷണസമിതിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിലപാടുകളെ പുതിയ സര്‍ക്കുലറില്‍ തള്ളിപ്പറഞ്ഞിട്ടില്ല. കണ്‍വീനര്‍ പുന്നല ശ്രീകുമാറിന് പക്ഷേ പരോക്ഷവിമര്‍ശനവുമുണ്ട്. പുന്നലയോടുള്ള അഭിപ്രായഭിന്നതയാണ് പിന്മാറ്റത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കുലര്‍.

ശബരിമല വിഷയത്തിന്റെ തുടക്കത്തില്‍ സന്നിധാനത്ത് യുവതികളെ തടയുന്നതിന് നേതൃത്വം നല്‍കിയ നേതാവ് കൂടിയാണ് സുഗതന്‍. പിന്നീടാണ് അദ്ദേഹം നിലപാടില്‍ മാറ്റം വരുത്തി നവോത്ഥാനസമിതിയുമായി ചേര്‍ന്നത്. വനിതാമതിലിലും പങ്കാളിയായി. വനിതാമതില്‍ രൂപീകരണ തീരുമാനമുണ്ടായതോടെ ഹിന്ദു പാര്‍ലമെന്റിന്റെ ഭാഗമായ 12 മുന്നാക്ക സംഘടനകള്‍ നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് പിന്മാറിയതാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.

Next Story

RELATED STORIES

Share it