Kerala

വാവ സുരേഷിന്റെ ചികില്‍സയ്ക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്; ആന്റിവെനം നല്‍കിയത് നാലുതവണ

തീവ്രപരിചരണവിഭാഗത്തില്‍നിന്ന് വാവ സുരേഷിനെ ഉടന്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. വാവ സുരേഷിനെ പ്രവേശിപ്പിക്കുന്ന പ്രത്യേക മുറിയുടെ വാടകയും മറ്റു ചികില്‍സാ ചെലവുമെല്ലാം ആരോഗ്യവകുപ്പ് സൗജന്യമായാണ് നല്‍കുന്നത്.

വാവ സുരേഷിന്റെ ചികില്‍സയ്ക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്; ആന്റിവെനം നല്‍കിയത് നാലുതവണ
X

തിരുവനന്തപുരം: പാമ്പുപിടിത്തത്തിനിടെ അണലിയുടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം. തീവ്രപരിചരണവിഭാഗത്തില്‍നിന്ന് വാവ സുരേഷിനെ ഉടന്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. വാവ സുരേഷിനെ പ്രവേശിപ്പിക്കുന്ന പ്രത്യേക മുറിയുടെ വാടകയും മറ്റു ചികില്‍സാ ചെലവുമെല്ലാം ആരോഗ്യവകുപ്പ് സൗജന്യമായാണ് നല്‍കുന്നത്. വാവ സുരേഷിനു സൗജന്യചികില്‍സ നല്‍കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ ചികില്‍സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യചികില്‍സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദിന് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

വാവ സുരേഷിനേയും ഡോക്ടര്‍മാരേയും വിളിച്ച് കാര്യങ്ങളന്വേഷിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എം എസ് ഷര്‍മദിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികില്‍സ ഏകോപിപ്പിച്ചത്. മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍കുറുപ്പ്, മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. അരുണ, ക്രിട്ടിക്കല്‍ കെയര്‍ അസോ. പ്രഫസര്‍ ഡോ. അനില്‍ സത്യദാസ്, ഹെമറ്റോളജി വിഭാഗം അഡീ. പ്രഫസര്‍ ഡോ. ശ്രീനാഥ് എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. വിഷത്തിന്റെ തീവ്രതകൂടിയതിനാല്‍ നാലുതവണയാണ് വിഷം നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക് വെനം നല്‍കിയത്. ഇതോടൊപ്പം അവശ്യമരുന്നുകളും പ്ലാസ്മയും നല്‍കി.

വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരികരക്തസ്രാവമുണ്ടാവാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വാവ സുരേഷ് അത്യാസന്ന നിലയിലാണെന്നും എപ്പോള്‍ വേണമെങ്കിലും മരണത്തിനു കീഴടങ്ങാമെന്നും മറ്റുമുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍, സമൂഹമാധ്യമങ്ങളിലും നവമാധ്യമങ്ങളില്‍ വരുന്ന തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ആരും പോവരുതെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വാവ സുരേഷ് തന്നെ അറിയിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാമ്പപുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമികപരിശോധനയില്‍തന്നെ വലതുകൈയില്‍ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കണ്ടു. രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങള്‍ കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it