നവംബര്‍ 16 ന് ജനാധിപത്യ കേരളം വാളയാറിലേക്ക്; നീതിക്കായ് പൊരുതുന്ന കുടുംബത്തിനുള്ള ഐക്യദാര്‍ഢ്യ യാത്ര

ദലിത് ബാലികമാരെയും യുവതികളെയും ക്രൂരമായി ബലാല്‍സംഗം ചെയ്തതിന് ശേഷം കെട്ടി തൂക്കി കൊല ചെയ്യുന്നത് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ജാതിഭ്രാന്തന്മാര്‍ ചെയ്യുന്നുണ്ട്. ഇതേ ജാതിഭ്രാന്തിന്‍റെയും കാമഭ്രാന്തിന്‍റെയും ഇരകള്‍ തന്നെയാണ് വാളയാര്‍, അട്ടപ്പള്ളത്ത് കൊല ചെയ്യപ്പെട്ട 11 ഉം 9 ഉം വയസ്സുള്ള രണ്ട് ബാലികമാർ.

നവംബര്‍ 16 ന് ജനാധിപത്യ കേരളം വാളയാറിലേക്ക്; നീതിക്കായ് പൊരുതുന്ന കുടുംബത്തിനുള്ള ഐക്യദാര്‍ഢ്യ യാത്ര

പാലക്കാട്: നീതിക്കായ് പൊരുതുന്ന കുടുംബത്തിനുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനാധിപത്യ കേരളം വാളയാറിലേക്ക്. ദലിത്- ആദിവാസി- സ്ത്രീ പൗരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നവംബര്‍ 16 ന് ഐക്യദാർഢ്യ യാത്ര സംഘടിപ്പിക്കുന്നത്. വ്യാജമായി കെട്ടിച്ചമച്ച കുറ്റപത്രം തള്ളി, കൊലക്കുറ്റം ചുമത്തുന്ന പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാണ് ആവശ്യം.

ദലിത് ബാലികമാരെയും യുവതികളെയും ക്രൂരമായി ബലാല്‍സംഗം ചെയ്തതിന് ശേഷം കെട്ടി തൂക്കി കൊല ചെയ്യുന്നത് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ജാതിഭ്രാന്തന്മാര്‍ ചെയ്യുന്നുണ്ട്. ഇതേ ജാതിഭ്രാന്തിന്‍റെയും കാമഭ്രാന്തിന്‍റെയും ഇരകള്‍ തന്നെയാണ് വാളയാര്‍, അട്ടപ്പള്ളത്ത് കൊല ചെയ്യപ്പെട്ട 11 ഉം 9 ഉം വയസ്സുള്ള രണ്ട് ബാലികമാർ. എന്നാല്‍ വാളയാര്‍ കേസില്‍ വന്ന വിധി, നമ്മുടെ കുരുന്ന് ബാല്യങ്ങളുടെയും സ്ത്രീകളുടെയും ദലിത്- ആദിവാസി വിഭാഗങ്ങളുടെയും ജീവന് യാതൊരു സംരക്ഷണവും ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്ന സന്ദേശമാണ് ഭരണകൂടം നല്‍കിയിരിക്കുന്നത്.

കൊല്ലപ്പെട്ട 9 വയസ്സുകാരി ബാലികയ്ക്ക് തൂങ്ങിമരിക്കാനുള്ള ഉയരമില്ല എന്ന പ്രതിഭാഗത്തിന്‍റെ വാദം കൂടി കണക്കിലെടുത്താണ് ആത്മഹത്യാപ്രേരണ (305) കോടതി തള്ളിയത്. എങ്കിലും, തികച്ചും യുക്തിരഹിതമായി പ്രോസിക്യൂഷനും, പ്രതിഭാഗവും, കോടതിയും പരസ്പരം കണ്ണിറുക്കി മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ത്തു. ഈ വാദം തന്നെയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നത്.

നിലവിലുള്ള കുറ്റപത്രത്തെ ആസ്പദമാക്കി അപ്പീല്‍ പോയാല്‍ ഇരകള്‍ക്ക് നീതി കിട്ടില്ല എന്നുറപ്പാണ്. അപ്പീലില്‍ നീതികിട്ടുമെന്ന പ്രചാരണം ജനങ്ങളെ കബളിപ്പിക്കാനാണ്. വ്യാജമായി കെട്ടിച്ചമച്ച കുറ്റപത്രം തള്ളി, കൊലക്കുറ്റം ചുമത്തുന്ന പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐയ്ക്ക് വിടണം. എം.ഗീതാനന്ദന്‍, സെലീന പ്രാക്കാനം, സി. ജെ. തങ്കച്ചന്‍, വിഎസ് രാധാകൃഷ്ണന്‍, സിഎസ് മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഐക്യദാർഢ്യ യാത്രയെന്ന് പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ എം ഗീതാനന്ദൻ അറിയിച്ചു.

RELATED STORIES

Share it
Top