Kerala

'ആ ഒരൊറ്റ 'നോ' യില്‍ അട്ടിമറിക്കപ്പെട്ടത് വര്‍ഷങ്ങളുടെ കാത്തിരിപ്പ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വി ടി ബല്‍റാം

ഇത്രയും കാലം കേള്‍വിശക്തി അനുഭവിച്ച കുട്ടികള്‍ ബധിരതയിലേക്ക് തിരിച്ചുപോകേണ്ടി വരുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. അതൊന്നും സര്‍ക്കാരിനെ അലട്ടുന്നതായി കാണുന്നില്ല. സിപിഎം നേതാക്കളുടെയും ഭരണാധികാരികളുടേയും ഈ പതിവ് മനുഷ്യപ്പറ്റില്ലായ്മയാണ് ശൈലജ ടീച്ചറുടെ നല്ല പ്രവൃത്തിയെ ഇത്ര വലിയ ഒരു ആഘോഷമാക്കി മാറ്റുന്നത്.

ആ ഒരൊറ്റ നോ യില്‍ അട്ടിമറിക്കപ്പെട്ടത് വര്‍ഷങ്ങളുടെ കാത്തിരിപ്പ്;  മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വി ടി ബല്‍റാം
X

കോഴിക്കോട്: 'ശ്രുതിതരംഗം' പദ്ധതിയുടെ നടത്തിപ്പില്‍ സര്‍ക്കാരിന്റെ വീഴ്ച്ചയെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ഒരു പദ്ധതിയാണ് കേള്‍വി ശക്തി ഇല്ലാത്ത കുട്ടികള്‍ക്ക് 5 ലക്ഷത്തോളം രൂപ ചെലവ് വരുന്ന കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നല്‍കുന്ന 'ശ്രുതിതരംഗം' പദ്ധതി.


അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.എം കെ മുനീറിന്റേയും പ്രത്യേക താത്പര്യത്തിലാണ് പദ്ധതി ആരംഭിച്ചത്. പ്രശസ്ത ഗായകന്‍ കെ.ജെ.യേശുദാസ് ഇതിന്റെ പ്രചാരകന്‍ എന്ന നിലയില്‍ കടന്നുവന്നതോടെ പദ്ധതി ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. പദ്ധതിയില്‍ അപേക്ഷ നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ നിഷേധ നിലപാട് മൂലം സാമ്പത്തിക സഹായം ലഭിക്കാതിരുന്നതിനേയാണ് വി ടി ബല്‍റാം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചത്.

ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഒരു നവജാത ശിശുവിന്റെ ചികിത്സാക്കാര്യത്തില്‍ നടത്തിയ ഇടപെടലിനെ പ്രത്യേകം അഭിനന്ദിച്ചു തുടങ്ങിയ കുറിപ്പില്‍ മുഖ്യമന്ത്രിയുടേയും സിപിഎം നേതാക്കളുടേയും മനുഷ്യപറ്റില്ലായ്മയും വിമര്‍ശിക്കുന്നുണ്ട്. 'ശ്രുതിതരംഗം' പദ്ധതിക്ക് കീഴില്‍ ആകെ പ്രയോജനം കിട്ടിയ 832 പേരില്‍ 626 പേരും യുഡിഎഫ് സര്‍ക്കാരിന്റെ നാല് വര്‍ഷ കാലത്തേതാണ്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തിനുള്ളില്‍ സഹായം കിട്ടിയത് 208 പേര്‍ക്ക് മാത്രമാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.


വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഒരു നവജാത ശിശുവിന്റെ ചികിത്സാക്കാര്യത്തില്‍ നടത്തിയ ഇടപെടലിനെ പ്രത്യേകം അഭിനന്ദിക്കുന്നു. 'ഹൃദ്യം' എന്ന പദ്ധതിയും അതീവ ഗുണകരമാണ്. ഇക്കഴിഞ്ഞ ദിവസം എന്റെ മണ്ഡലത്തിലെ ഒരു കുഞ്ഞിന് ഈ പദ്ധതിയിലുള്‍പ്പെടുത്തി എറണാകുളം ലിസി ആശുപത്രിയില്‍ത്തന്നെ ചികിത്സ നല്‍കാന്‍ കഴിഞ്ഞു എന്നതും ഒരു ജനപ്രതിനിധി എന്ന നിലയില്‍ സംതൃപ്തി നല്‍കിയ കാര്യമാണ്.

എന്നാല്‍ ഇനി പറയാനുള്ളത് സര്‍ക്കാരിനോടുള്ള ഒരു വിമര്‍ശനമാണ്. സിപിഎം സര്‍ക്കാരും പ്രത്യേകിച്ച് അതിന്റെ തലവനായ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനാതീതരാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് ഇവിടെ വച്ച് വായന നിര്‍ത്താം.

ഇക്കഴിഞ്ഞ ദിവസം ഞാന്‍ അംഗമായ നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ട്രാന്‍സ്ജന്‍ഡറുകളുടേയും ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത ഒരു വിഷയമാണ് പറയാന്‍ പോവുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ഒരു പദ്ധതിയാണ് കേള്‍വി ശക്തി ഇല്ലാത്ത കുട്ടികള്‍ക്ക് 5 ലക്ഷത്തോളം രൂപ ചെലവ് വരുന്ന കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നല്‍കുന്ന 'ശ്രുതിതരംഗം' പദ്ധതി. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.എം കെ മുനീറിന്റേയും പ്രത്യേക താത്പര്യത്തിലാണ് പദ്ധതി ആരംഭിച്ചത്. പ്രശസ്ത ഗായകന്‍ കെ.ജെ.യേശുദാസ് ഇതിന്റെ പ്രചാരകന്‍ എന്ന നിലയില്‍ കടന്നുവന്നതോടെ പദ്ധതി ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു.

മലപ്പുറം ജില്ലയിലെ ഒരു രക്ഷിതാവ് തന്റെ കുട്ടിക്ക് ഈ ശസ്ത്രക്രിയ ചെയ്യാന്‍ വേണ്ടി അപേക്ഷ സമര്‍പ്പിച്ചു (പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല). സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധന നടത്തി ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സ്‌റ്റേറ്റ് ലെവല്‍ കമ്മിറ്റി രക്ഷിതാവില്‍ നിന്ന് ഒരു സത്യവാങ്മൂലം കൂടി കൂടുതലായി ആവശ്യപ്പെട്ടു. ഇത് സമയത്ത് അറിയാന്‍ കഴിയാതെ പോയ രക്ഷിതാവ് കുറച്ച് നാളുകള്‍ കാത്തിരുന്നതിന് ശേഷം സ്വന്തം നിലക്ക് പണം കണ്ടെത്തി കുട്ടിക്ക് ശസ്ത്രക്രിയ ചെയ്യുകയും കേള്‍വിശക്തി നേടുകയും ചെയ്തു. പിന്നീടാണ് സത്യവാങ്ങ്മൂലം ഹാജരാക്കണമെന്ന രേഖാമൂലമുള്ള അറിയിപ്പ് രക്ഷിതാവിന് ലഭിക്കുന്നത്. തനിക്കര്‍ഹതയുള്ള പദ്ധതിയായതിനാല്‍ രക്ഷിതാവ് ചികിത്സാച്ചെലവായ 5 ലക്ഷം രൂപ റീഇമ്പേഴ്‌സ് ചെയ്ത് കിട്ടുമോ എന്നാരാഞ്ഞ് സര്‍ക്കാരിന് അപേക്ഷ നല്‍കി. എന്നാല്‍ ശ്രുതിതരംഗം പദ്ധതിയില്‍ റീഇമ്പേഴ്‌സ്‌മെന്റ് അനുവദിക്കില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് ഉദ്യോഗസ്ഥര്‍ നിവേദനം നിരാകരിച്ചു. തുടര്‍ന്നാണ് രക്ഷിതാവ് നിയമസഭാ സമിതിക്ക് മുമ്പാകെ പരാതിയുമായി എത്തുന്നത്.

നിയമസഭാ സമിതികള്‍ക്ക് പരാതികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും റിപ്പോര്‍ട്ട് തേടാനുമൊക്കെ അധികാരമുണ്ടെങ്കിലും ഏതെങ്കിലും നടപടികള്‍ നേരിട്ട് എടുക്കാനോ തീര്‍പ്പ് കല്‍പ്പിക്കാനോ കഴിയില്ല, സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കാനേ അധികാരമുള്ളൂ. ആ നിലയില്‍ വിഷയത്തിന്റെ മെറിറ്റ് മനസ്സിലാക്കി പാവപ്പെട്ട ആ രക്ഷിതാവിനെ സഹായിക്കാന്‍ വേണ്ടി സാമൂഹിക നീതി വകുപ്പിനോട് ശുപാര്‍ശ ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി ശുപാര്‍ശ നിരസിക്കുകയായിരുന്നു. ഇതൊരു പ്രത്യേക കേസായി പരിഗണിക്കണമെന്ന നിലപാടില്‍ സമിതിയും ഉറച്ചുനിന്നു. വര്‍ഷങ്ങളാണ് ഈ നടപടിക്രമങ്ങള്‍ക്കിടയില്‍ കടന്നുപോയത്. നിയമസഭാ സമിതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശത്തേത്തുടര്‍ന്ന് അവസാനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യം അംഗീകരിക്കാന്‍ തയ്യാറായി. എന്നാല്‍ കഴിഞ്ഞുപോയ കാര്യമായതുകൊണ്ടും കീഴ് വഴക്കമില്ലാത്തതുകൊണ്ടും ക്യാബിനറ്റിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിലേ പണം അനുവദിക്കാന്‍ കഴിയൂ. ആ നിലയിലുള്ള നിര്‍ദ്ദേശമടങ്ങുന്ന ഫയല്‍ ഉചിതമാര്‍ഗേണ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാമെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ നിയമസഭാസമിതിയോട് സമ്മതിച്ചു. ഈ ഫയലും മാസങ്ങളാണ് ഉദ്യോഗസ്ഥതലത്തില്‍ വച്ചു താമസിപ്പിച്ചത്. എന്നാല്‍ ഒടുവില്‍ 2018 ഓഗസ്റ്റ് മാസത്തില്‍ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അനുകൂല ശുപാര്‍ശയോടെ കാബിനറ്റില്‍ വക്കാന്‍ വേണ്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ഈ ഫയലില്‍ ദൗര്‍ഭാഗ്യവശാല്‍ അവസാന നിമിഷം മുഖ്യമന്ത്രി എതിരായി ഉത്തരവിടുകയായിരുന്നു. ഫയല്‍ കാബിനറ്റില്‍ വക്കേണ്ടതില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. തന്റെ മകന്റെ ചികിത്സക്കായി ചെലവായ പണത്തിന് വേണ്ടി പാവപ്പെട്ട ഒരു രക്ഷിതാവ് വര്‍ഷങ്ങളായി നടത്തിവന്ന പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ 'നോ' യില്‍ അട്ടിമറിക്കപ്പെട്ടത്.

സ്വന്തക്കാര്‍ക്ക് കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ ലക്ഷങ്ങള്‍ സഹായമായി അനുവദിക്കാന്‍ മടിയില്ലാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നത് എല്ലാവര്‍ക്കുമറിയാം. എല്‍ ഡി എഫ് ഘടകകക്ഷി നേതാവായിരുന്ന ഉഴവൂര്‍ വിജയനും സിപിഎം എംഎല്‍എ ആയിരുന്ന രാമചന്ദ്രന്‍ നായര്‍ക്കുമൊക്കെ വേണ്ടി ഇങ്ങനെ പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങളാണ് നല്‍കിയത്. എന്നിട്ടും എല്ലാ അര്‍ഹതയുമുണ്ടായിട്ടും നിയമസഭാ സമിതിയുടെയും ഉദ്യോഗസ്ഥരുടേയുമെല്ലാം അനുകൂല ശുപാര്‍ശ ഉണ്ടായിട്ടും ഒരു പാവപ്പെട്ട രക്ഷിതാവിന് മാത്രം ഒരു സഹായവും ചെയ്യില്ല എന്ന വാശി എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

ശ്രുതിതരംഗം പദ്ധതി തന്നെ ഇന്നത്തെ സര്‍ക്കാര്‍ ഏതാണ്ട് നിര്‍ജ്ജീവമാക്കിയിരിക്കുകയാണ്. ഈ പദ്ധതിക്ക് കീഴില്‍ ആകെ പ്രയോജനം കിട്ടിയ 832 പേരില്‍ 626 പേരും യുഡിഎഫ് സര്‍ക്കാരിന്റെ നാല് വര്‍ഷ കാലത്തേതാണ്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തിനുള്ളില്‍ സഹായം കിട്ടിയത് 208 പേര്‍ക്ക് മാത്രം. ഒരിക്കല്‍ ശസ്ത്രക്രിയ ചെയ്തവര്‍ക്ക് നാലഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഉപകരണങ്ങള്‍ മാറ്റി വക്കുന്നതടക്കമുള്ള തുടര്‍ചികിത്സയും വേണം. ഇതിനും ഏതാണ്ട് രണ്ട് ലക്ഷം വരെ ചെലവുണ്ട്. പദ്ധതിയിലുള്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ ഇക്കാര്യത്തിനായി സര്‍ക്കാരിനെ ആവര്‍ത്തിച്ച് സമീപിച്ചിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നറിയുന്നു. ഇത്രയും കാലം കേള്‍വിശക്തി അനുഭവിച്ച കുട്ടികള്‍ ബധിരതയിലേക്ക് തിരിച്ചുപോകേണ്ടി വരുമോ എന്ന ആശങ്കയാണ് ഇതുമൂലം നിലനില്‍ക്കുന്നത്. അതൊന്നും സര്‍ക്കാരിനെ അലട്ടുന്നതായി കാണുന്നില്ല.

സിപിഎം നേതാക്കളുടെയും ഭരണാധികാരികളുടേയും ഈ പതിവ് മനുഷ്യപ്പറ്റില്ലായ്മയാണ് ശൈലജ ടീച്ചറുടെ നല്ല പ്രവൃത്തിയെ ഇത്ര വലിയ ഒരു ആഘോഷമാക്കി മാറ്റുന്നത്.Next Story

RELATED STORIES

Share it