Kerala

പാലായിലെ തോൽവി: രോഷം പൂണ്ട് യു.ഡി.എഫ് നേതാക്കള്‍; പൊട്ടിത്തെറിച്ച് മുസ്ലീം ലീഗ്

പി.ജെ ജോസഫും ജോസ് കെ.മാണിയും തമ്മിലുള്ള തര്‍ക്കം തോല്‍വിക്ക് കാരണമായെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. തര്‍ക്കം പരിഹരിക്കുന്നതിനിടെ പ്രചാരണം നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാലായിലെ തോൽവി: രോഷം പൂണ്ട് യു.ഡി.എഫ് നേതാക്കള്‍; പൊട്ടിത്തെറിച്ച് മുസ്ലീം ലീഗ്
X

തിരുവനന്തപുരം: പാലായിലെ കനത്ത തോല്‍വിയില്‍ രോഷം പൂണ്ട് യുഡിഎഫ് നേതൃത്വം. തോല്‍വിക്ക് കാരണം കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിച്ചു. ചേരിപ്പോര് വോട്ടര്‍മാരെ കോപാകുലരാക്കി. വോട്ടര്‍മാരെ പരിഹസിച്ചാല്‍ തിരിച്ചടി കിട്ടും. നടക്കാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും സിപിഎമ്മിനേയും ബിജെപിയേയും വെല്ലുവിളിക്കുന്നു. എല്‍ഡിഎഫിന് മേനി നടിക്കാന്‍ ഒന്നുമില്ല. യുഡിഎഫ് തോല്‍വി സാങ്കേതികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ ജോസഫും ജോസ് കെ.മാണിയും തമ്മിലുള്ള തര്‍ക്കം തോല്‍വിക്ക് കാരണമായെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. തര്‍ക്കം പരിഹരിക്കുന്നതിനിടെ പ്രചാരണം നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലെ അനൈക്യത്തിന് ജനങ്ങള്‍ നല്‍കിയ താക്കീതാണ് പാലാ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മുന്നണി പരിശോധിക്കും, വരുന്ന ഉപതിരഞ്ഞെടുപ്പുകളെ ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.

യോജിപ്പിലെത്തുന്നില്ലെങ്കില്‍ കേരളാ കോൺഗ്രസിനെ പുറത്താക്കണെമന്ന് കെ.മുരളീധരന്‍ എം.പി ആഞ്ഞടിച്ചു. പാലായിലേത് കെ.എം മാണിയുടെ ആത്മാവിന് മുറിവേല്‍പ്പിക്കുന്ന തോല്‍വിയെന്നും മുരളി പറഞ്ഞു. ഇരന്നുവാങ്ങിയ തോല്‍വിയെന്ന് യുഡിഎഫ് നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞു. ബിജെപി എല്‍ഡിഎഫിന് വോട്ടുമറിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. യുഡിഎഫ് നേതാക്കളുടെ മനോനില മാറണമെന്ന് വി.എം സുധീരന്‍ പ്രതികരിച്ചു.

പാലായിലെ തോല്‍വിയില്‍ കേരള കോണ്‍ഗ്രസിലെ പോരിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും രംഗത്തെത്തി. മുന്നണിക്കകത്തെ പാര്‍ട്ടികള്‍ തമ്മില്‍ മല്‍സരം പാടില്ലെന്നും പാലായിലെ തോല്‍വി രാഷ്ട്രീയപരാജയമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തോല്‍വിക്ക് കാരണം യുഡിഎഫിന്റെ പ്രചാരണത്തിലുണ്ടായ വീഴ്ച്ചയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് ചൂണ്ടിക്കാട്ടി. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ അതിരുവിട്ടാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കും. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it