Kerala

സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ദിവസത്തെ ശമ്പളം: സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 2019 ജനുവരി 8, 9 തിയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കോടതി റദ്ദാക്കിയത്

സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ദിവസത്തെ ശമ്പളം: സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി
X

കൊച്ചി: കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സമര ദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി പുറപ്പെടുവിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ജി ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി അനുവദിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 2019 ജനുവരി 8, 9 തിയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കോടതി റദ്ദാക്കിയത്. ഇത്തരത്തിലുള്ള അവധികളില്‍ ശമ്പളം നല്‍കുന്ന തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.രണ്ടു മാസത്തിനുള്ളില്‍ ജീവനക്കാരുടെ ഹാജര്‍ പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഹരജി രണ്ടു മാസം കഴിഞ്ഞ് പരിഗണിക്കും. ഈ ഉത്തരവ് സര്‍ക്കാരിന്റെ പോളിസിയുടെ ഭാഗമാണെന്ന വാദം കോടതി അംഗീകരിച്ചില്ല. സമര ദിനത്തിലെ അവധിക്ക് ശമ്പളം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്നു ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. സമരത്തില്‍ പങ്കെടുത്തവരില്‍ പലരും രജിസ്റ്ററില്‍ ഒപ്പിട്ടു ശമ്പളം കൈപ്പറ്റിയിട്ടുണ്ടെന്നും ഹരജിക്കാരന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it