Latest News

ബ്ലേഡ് മാഫിയയുടെ ഭീഷണി; വിവാഹത്തില്‍ നിന്ന് പിന്‍മാറി വരന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വധു

എട്ടു പേര്‍ക്കെതിരേ കേസ്, ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് എഫ്‌ഐആര്‍

ബ്ലേഡ് മാഫിയയുടെ ഭീഷണി; വിവാഹത്തില്‍ നിന്ന് പിന്‍മാറി വരന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വധു
X

തിരുവനന്തപുരം: വര്‍ക്കലയില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതിശ്രുത വധു ഗുരുതരാവസ്ഥയില്‍. വധുവിന്റെ മാതാവ് പണം നല്‍കാനുണ്ടെന്നു പറഞ്ഞാണ് വരനെ ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തിയത്. തിരുവനന്തപും കല്ലമ്പലം സ്വദേശിനിയുമായി നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ വരന്റെ വീട്ടിലെത്തിയാണ് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. എട്ടു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

പയ്യന്‍ കല്യാണ മണ്ഡപത്തില്‍ വന്നാല്‍ കാലുവെട്ടുമെന്നും ഇല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും സംഘം വരന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കല്ലമ്പലം സ്വദേശിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞ ജൂലൈയിലാണ് മരിച്ചത്. വിവിധ ആവശ്യങ്ങള്‍ക്കായി മൂന്നു വര്‍ഷം മുന്‍പ് മാതാവ് ബ്ലേഡ് സംഘത്തില്‍ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. അധിക പലിശ ആവശ്യപ്പെട്ട് നിരവധി തവണ ഇതേ സംഘം ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് വധുവിന്റെ മാതാവ് പറയുന്നു.

മുതല്‍ തിരിച്ചടച്ചെങ്കിലും പലിശ ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നു. യുവതിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ തുടര്‍ച്ചയായി വീട്ടിലെത്തി ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച കൊല്ലത്ത് പ്രതിശ്രുത വരന്റെ വീട്ടിലും ഗുണ്ടാസംഘമെത്തി. വിവാഹത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ജനുവരി ഒന്നിന് നിശ്ചയിച്ച കല്യാണത്തില്‍ നിന്ന് യുവാവ് പിന്മാറി. ഇതിന്റെ വിഷമത്തില്‍ പെണ്‍കുട്ടി അമിതമായി ഗുളികകള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. കല്ലമ്പലം സ്വദേശി സുനില്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it