Kerala

'എടപ്പാള്‍ ഓട്ട'ത്തിന് ശേഷം അവതരിപ്പിക്കുന്ന 'കൊട്ടാരക്കര ഓട്ടം'; യുവമോര്‍ച്ച പ്രതിഷേധത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

'എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ, ഇനി തല്ലരുതേ, ഇനി അവനെ പോയി തല്ല്', 'കൈ വയ്യ സാറേ, അടിക്കരുതേ, ഒത്തിരി അടിച്ചു സാറേ. ഇനി അടിക്കരുതേ.' എന്നൊക്കെയാണ് പ്രവര്‍ത്തകര്‍ പോലിസിനോട് അപേക്ഷിക്കുന്നത്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്.

എടപ്പാള്‍ ഓട്ടത്തിന് ശേഷം അവതരിപ്പിക്കുന്ന കൊട്ടാരക്കര ഓട്ടം; യുവമോര്‍ച്ച പ്രതിഷേധത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
X

കൊല്ലം: കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കരയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ഓഫിസിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രളയം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തിനിടെ പരിഹാസത്തിന് കാരണമായ 'എടപ്പാള്‍ ഓട്ട'ത്തിന് ശേഷം വീണ്ടും സമാനമായ സംഭവമെന്ന് വിശേഷിപ്പിച്ച പുതിയ പ്രതിഷേധത്തിന് 'കൊട്ടാരക്കര ഓട്ടം' എന്നാണ് സോഷ്യല്‍ മീഡിയ നല്‍കിയ പേര്.

പ്രതിഷേധക്കാരില്‍ പോലിസിന്റെ ലാത്തി അടിയേറ്റ് വീണ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തുന്ന പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ, ഇനി തല്ലരുതേ, ഇനി അവനെ പോയി തല്ല്', 'കൈ വയ്യ സാറേ, അടിക്കരുതേ, ഒത്തിരി അടിച്ചു സാറേ. ഇനി അടിക്കരുതേ.' എന്നൊക്കെയാണ് പ്രവര്‍ത്തകര്‍ പോലിസിനോട് അപേക്ഷിക്കുന്നത്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. ഇന്ധന വിലക്കയറ്റത്തിന്റെ പേരില്‍ സമരം ചെയ്യുന്ന യുവമോര്‍ച്ചയുടെ ഇരട്ടത്താപ്പിനെയും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി വര്‍ധിപ്പിച്ചിട്ടും സമരം ചെയ്യാത്ത യുവമോര്‍ച്ചയാണ് നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. പലയിടങ്ങളിലും തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാലാണ് ഇപ്പോള്‍ നികുതി കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രം ഇന്ധന നികുതി കുറച്ചിട്ടും സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രകടനം. ക്യാംപ് ഓഫിസിന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് പോലിസ് തടഞ്ഞിരുന്നു. പക്ഷേ, പ്രവര്‍ത്തകര്‍ക്കിടയില്‍നിന്ന് പോലിസിന് നേരേ തുടര്‍ച്ചയായി കല്ലേറുണ്ടായതോടെ ബാരിക്കേഡ് മാറ്റി, പോലിസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരേ ലാത്തിവീശുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ പല ഭാഗത്തേക്കായി ചിതറി ഓടുകയായിരുന്നു. അതിനിടെയാണ് ചിലര്‍ അടിയേറ്റ് നിലത്തുവീണത്. ഇവരെ നേരിടുന്നതിനിടയിലാണ് പോലിസിനോട് പ്രവര്‍ത്തകര്‍ അടിക്കരുതേ എന്ന് അപേക്ഷിച്ചത്. പ്രതിഷേധക്കാരില്‍ പലരെയും പോലിസ് അറസ്റ്റുചെയ്ത് നീക്കി.

Next Story

RELATED STORIES

Share it