Kerala

യൂനിവേഴ്‌സിറ്റി കോളജ് തിരഞ്ഞെടുപ്പ്; കെഎസ്‌യു സ്ഥാനാര്‍ഥികളുടെ മുഴുവന്‍ പത്രികകളും തള്ളി

ജനറല്‍ സീറ്റില്‍ അടക്കം എട്ട് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് തള്ളിയത്. സൂക്ഷ്മപരിശോധനയില്‍ കണ്ടെത്തിയ പിഴവുകളെ തുടര്‍ന്നാണ് പത്രികകള്‍ തള്ളിയതെന്നാണ് വിശദീകരണം. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ മല്‍സരിക്കാന്‍ കെഎസ്‌യു പത്രിക നല്‍കുന്നത്. പത്രിക തള്ളിയതിനെതിരേ കോടതിയെ സമീപിക്കുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു. ഈമാസം 27നാണ് യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ തിരഞ്ഞെടുപ്പ്.

യൂനിവേഴ്‌സിറ്റി കോളജ് തിരഞ്ഞെടുപ്പ്; കെഎസ്‌യു സ്ഥാനാര്‍ഥികളുടെ മുഴുവന്‍ പത്രികകളും തള്ളി
X

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച മുഴുവന്‍ നാമനിര്‍ദേശ പത്രികകളും തള്ളി. ജനറല്‍ സീറ്റില്‍ അടക്കം എട്ട് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് തള്ളിയത്. സൂക്ഷ്മപരിശോധനയില്‍ കണ്ടെത്തിയ പിഴവുകളെ തുടര്‍ന്നാണ് പത്രികകള്‍ തള്ളിയതെന്നാണ് വിശദീകരണം. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ മല്‍സരിക്കാന്‍ കെഎസ്‌യു പത്രിക നല്‍കുന്നത്. പത്രിക തള്ളിയതിനെതിരേ കോടതിയെ സമീപിക്കുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു. ഈമാസം 27നാണ് യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ തിരഞ്ഞെടുപ്പ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ചൊവ്വാഴ്ചയായിരുന്നു. എട്ട് സ്ഥാനാര്‍ഥികളെയാണ് കെഎസ്‌യു മല്‍സരത്തിനിറക്കിയത്. എന്നാല്‍, ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി പത്രികകള്‍ തള്ളിക്കളയുകയായിരുന്നു. കോളജില്‍നിന്ന് ലഭിച്ച സര്‍ക്കുലര്‍ പ്രകാരമാണ് നാമനിര്‍ദേശപത്രിക തയ്യാറാക്കിയതെന്ന് കെഎസ്‌യു പറയുന്നു. പത്രിക സ്വീകരിച്ചതിന് പിന്നാലെ എസ്എഫ്‌ഐയുടെ ഇടപെടലിനെ തുടര്‍ന്നാണ് തങ്ങളുടെ പത്രിക തള്ളിയതെന്ന് കെഎസ്‌യു യൂനിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രന്‍ ആരോപിച്ചു. ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സന്‍ എന്നി ചുമതലകളിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ ദി (The) എന്ന പദം ചേര്‍ക്കണമെന്നാണ് എസ്എഫ്‌ഐ പറയുന്നത്. എന്നാല്‍, കോളജില്‍നിന്ന് ലഭിച്ച സര്‍ക്കുലറില്‍ ഇക്കാര്യം പറഞ്ഞിട്ടുമില്ല. ഈ സര്‍ക്കുലര്‍ പ്രകാരമാണ് നമനിര്‍ദേശപത്രിക തയ്യാറാക്കിയതെന്നും കെഎസ്‌യു പറയുന്നു.

കോളജില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പാടില്ല എന്നതാണ് എസ്എഫ്‌ഐയുടെ നയമെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നും കെഎസ്‌യു വ്യക്തമാക്കി. എസ്എഫ്‌ഐ പ്രവര്‍ത്തകനും യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയുമായ അഖിലിനെ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഈ കേസില്‍ കോളജ് യൂനിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത്, സെക്രട്ടറി നസിം എന്നിവരെ പോലിസ് അറസ്റ്റുചെയ്യുകയും ചെയ്തു. ഈ സംഭവത്തിനുശേഷം എസ്എഫ്‌ഐയ്‌ക്കെതിരേ പ്രതിഷേധവുമായി കോളജിലെ എസ്എഫ്‌ഐ അനുകൂലികളായ ഭൂരിഭാഗം വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു. മറ്റ് വിദ്യാര്‍ഥിസംഘടനകള്‍ക്ക് കോളജില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കാത്ത എസ്എഫ്‌ഐയുടെ നിലപാടിനെതിരേയും വ്യാപകവിമര്‍ശനമുയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് 20 വര്‍ഷത്തിനുശേഷം കെഎസ്‌യു കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി രംഗത്തുവന്നത്.

Next Story

RELATED STORIES

Share it