Kerala

കോണ്‍ഗ്രസുകാരുടെ നിലപാട് മൈദാമാവ് പോലെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കോണ്‍ഗ്രസുകാരുടെ ഒരു പ്രചരണം ഫേസ്ബുക്കില്‍ വ്യാപകമായി കാണാനിടയായ സാചര്യത്തിലാണ് ഇത്തരമൊരു പ്രതികരണമെന്നും കടകംപള്ളി വ്യക്തമാക്കുന്നു. അദാനിക്ക് വിമാനത്താവളം വിട്ടുകൊടുത്തപ്പോള്‍ കേരളം ഭരിച്ചത് ഇടതുപക്ഷമല്ലേ എന്നാണ് ചോദ്യം.

കോണ്‍ഗ്രസുകാരുടെ നിലപാട് മൈദാമാവ് പോലെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
X

തിരുവനന്തപുരം: നിലപാട് വ്യതിയാനത്തിൽ കോൺഗ്രസുകാരെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോണ്‍ഗ്രസുകാരുടെ നിലപാട് മൈദാമാവ് പോലെ ആണെന്നൊരു തമാശയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മന്ത്രിയുടെ പരിഹാസം. മൈദാമാവ് ഓരോരുത്തര്‍ക്കും അത് ഓരോരീതിയില്‍ ഉപയോഗിക്കാം. കേന്ദ്രനേതൃത്വം നല്ലവണ്ണം വെള്ളം ചേര്‍ത്ത് ദോശ ചുടും. കെപിസിസി ഇതേ മൈദാമാവ് കട്ടിയില്‍ കുഴച്ച് പൊറോട്ട ചുടും. ചില നേതാക്കള്‍ കാരവും പഞ്ചസാരയും ചേര്‍ത്ത് ബോണ്ട ഉണ്ടാക്കും. ഇങ്ങനെ ഒരേ വിഷയത്തില്‍ തന്നെ പലപല നിലപാട് ആയിരിക്കും അവര്‍ എടുക്കുകയെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.

എങ്ങനെ വീണാലും പൂച്ച നാല് കാലില്‍ എന്ന് പറയുന്ന പോലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ ഏതേലും ഒന്ന് കാണിച്ച് ഇതാണ് ഞങ്ങളുടെ നിലപാടെന്ന് പറഞ്ഞു രക്ഷപ്പെടാനും സാധിക്കും. കോണ്‍ഗ്രസുകാരുടെ ഒരു പ്രചരണം ഫേസ്ബുക്കില്‍ വ്യാപകമായി കാണാനിടയായ സാചര്യത്തിലാണ് ഇത്തരമൊരു പ്രതികരണമെന്നും കടകംപള്ളി വ്യക്തമാക്കുന്നു. അദാനിക്ക് വിമാനത്താവളം വിട്ടുകൊടുത്തപ്പോള്‍ കേരളം ഭരിച്ചത് ഇടതുപക്ഷമല്ലേ എന്നാണ് ചോദ്യം.

കേന്ദ്രസര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണ പദ്ധതി കൊണ്ട് വന്നപ്പോള്‍ മുതല്‍ അതിശക്തമായി ഇടതുപക്ഷ സര്‍ക്കാര്‍ അതിനെ എതിര്‍ക്കുകയും വിയോജിപ്പ്‌ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് പിന്തിരിയണമെന്നും വികസനം സിയാല്‍ മാതൃകയില്‍ ആക്കണമെന്നുമുള്ള സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന അവഗണിച്ചു ടെണ്ടര്‍ വിളിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. രണ്ടുതവണ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചെങ്കിലും അനുകൂല സമീപനം സ്വീകരിക്കുവാന്‍ കേന്ദ്രം തയ്യാറായില്ല. കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലുമുള്ള സംസ്ഥാനത്തിന്റെ പരിചയം കണക്കിലെടുത്ത് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാനത്തെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം രൂപീകൃതമാകുന്നതിനു മുമ്പ് തിരുവിതാംകൂര്‍ രാജാവ് കൈമാറിയ ഭൂമിയും സംസ്ഥാനം രൂപീകൃതമായശേഷം സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഭൂമിയും ഉള്‍പ്പെടുന്നതിനാലും സ്വകാര്യവല്‍ക്കരിക്കുന്നപക്ഷം നല്‍കിയ ഭൂമിയുടെ പരിഗണന നല്‍കുമെന്ന് 2003ല്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നതും പരിഗണിച്ചാണ് സര്‍ക്കാര്‍ ഇപ്രകാരമൊരു ആവശ്യം മുന്നോട്ടുവച്ചത്.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ അധീനതയിലുള്ള ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മുഖേന നടപ്പാക്കണമെന്നും വിമാനത്താവളത്തിന് ഏറ്റെടുത്ത് നല്‍കിയ ഭൂമിയുടെ വിലയ്ക്ക് തത്തുല്യമായ ഓഹരി സംസ്ഥാനത്തിന് നല്‍കണമെന്ന നിര്‍ദ്ദേശവും കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഉണ്ടാകാത്തതിനാല്‍ വിമാനത്താവള നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 'തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്' എന്ന ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുകയുണ്ടായി. ബിഡിനുള്ള നടപടിക്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന എസ്പിവിക്ക് പരിധിയില്ലാത്ത റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിമിതമായ 10 ശതമാനം റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ നല്‍കാനാണ് കേന്ദ്രം സമ്മതിച്ചത്.

തുടര്‍ന്ന് നടന്ന ടെണ്ടറില്‍ വിമാനത്താവള നടത്തിപ്പില്‍ പ്രായോഗിക പരിജ്ഞാനം ഇല്ലാത്ത അദാനി ഗ്രൂപ്പ്‌ നടത്തിപ്പ് അവകാശം നേടുകയായിരുന്നു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്ന കാലത്ത് മുന്‍പരിചയം നിര്‍ബന്ധമായിരുന്നു. ഇതിന് പുറമെ മുന്‍പരിചയമുള്ള ഒരു കമ്പനിയെ ഒഴിവാക്കുകയും ചെയ്തു. അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത നിരക്ക് തന്നെ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുപറഞ്ഞിട്ടും അവരെ തന്നെ തിരഞ്ഞെടുത്ത എഎഐയുടെ നടപടി പൊതുതാല്‍പര്യത്തിന് വിരുദ്ധവും നിയമങ്ങളുടെ ലംഘനവുമാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നമ്മുടെ സ്വന്തം വിമാനത്താവളം സ്വകാര്യ കുത്തകകളുടെ കൈയില്‍ അകപ്പെടാതെ ഇരിക്കാന്‍ ഏതറ്റം വരെ പോകാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ കോണ്‍ഗ്രസും യുഡിഎഫും മൈദാമാവ് നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു വിഭിന്നമായി സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്ന നിലപാട് ആയിരുന്നു തിരുവനന്തപുരം എംപി ആയിരുന്ന ശശി തരൂര്‍ സ്വീകരിച്ചത്. സ്വകാര്യവല്‍ക്കരണ നീക്കം വിമാനത്താവളത്തിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വവും അനുയായികളും ഇങ്ങനെ പുകമറ സൃഷ്ടിച്ചു ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ തയ്യാറാകണം. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമാണോ എതിരാണോ കോണ്‍ഗ്രസ് നിലപാടെന്ന് വ്യക്തമാക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും തയ്യാറാവണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it