Kerala

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ വിമാനത്താവളത്തിൽ കുടുങ്ങി

അമേരിക്കയ്ക്കു പുറമെ ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മെഷീനുകൾക്ക് പണമടച്ച് കരാറായെങ്കിലും അതും അവിടെ കുടുങ്ങി.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇറക്കുമതി ചെയ്ത  ഉപകരണങ്ങൾ വിമാനത്താവളത്തിൽ കുടുങ്ങി
X

തിരുവനന്തപുരം: തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ പ്രവർത്തനം തുടങ്ങുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലേക്ക് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങൾ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. അമേരിക്കയ്ക്കു പുറമെ ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മെഷീനുകൾക്ക് പണമടച്ച് കരാറായെങ്കിലും അതും അവിടെ കുടുങ്ങി.

സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ ആഗോള ചരക്കുനീക്കം നിലച്ചിരിക്കുകയാണ്. ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കിന്റെ (ജിവിഎൻ) അംഗത്വം കഴിഞ്ഞ ദിവസം ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചിരുന്നു. ജിവിഎന്‍ സ്ഥാപകൻ ഡോ. റോബർട്ട് ഗാലോ, സ്ഥാപക പ്രസിഡന്റ് ഡോ. വില്യംഹോൾ, പ്രസിഡന്റ് ക്രിസ്റ്റ്യൻ ബെഷോ എന്നിവർ കഴിഞ്ഞ ഫെബ്രുവരിയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിന് ഇവിടെ വന്നിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം ജൂണിൽ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കഴിഞ്ഞ ദിവസം റിസർച്ച് കൗൺസിൽ യോഗം ചേർന്ന് 18 തസ്തികകൾക്ക് അംഗീകാരം നൽകി. സയന്റിസ്റ്റുകളുടെയും അനുബന്ധ ജീവനക്കാരുടെയും തസ്തികകൾക്കാണ് അംഗീകാരം നൽകിയത്. സയന്റിസ്റ്റ് എഫ് പൊസിഷനിൽ രണ്ടുപേരെ നിയമിക്കണം. ഇതിൽ ഒരാളെ നേരത്തെ തന്നെ ഇന്റർവ്യൂ നടത്തി നിയമിച്ചിരുന്നു. അമേരിക്കയിൽ സ്ഥിരം താമസമാക്കിയ കേരളീയനായ ഒരാളാണ് അത്. ഇതേ തസ്തികയിൽ ഒരാളെ കൂടി നിയമിക്കാൻ ഇന്നലെ തീരുമാനമായി. അതിനു പുറമെ 8 സയന്റിസ്റ്റുകളെയും 4 സയന്റിസ്റ്റികളെയും മറ്റു ടെക്‌നിക്കൽ ഓഫീസർമാരെയും അസിസ്റ്റന്റുമാരെയുമാണ് നിയമിക്കുക. ഇതിനായി ഉടൻതന്നെ പരസ്യം നൽകും. ഇവർക്കു പുറമെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ തസ്തികയിലേക്കും ആളെ നിയമിക്കേണ്ടതുണ്ട്. നേരത്തെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ആവശ്യമായ ജീവനക്കാരെ കിട്ടാൻ പ്രയാസമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള സ്ഥാപനത്തിന്റെ മേൽനോട്ടത്തിന് 14 അംഗ റിസർച്ച് കൗൺസിലിനെ നിയമിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മുൻ ഡയറക്ടർ ഡോ.എൻ കെ ഗാംഗുലിയാണ് കൗൺസിൽ ചെയർമാൻ. വെല്ലൂർ മെഡിക്കൽകോളേജിലെ ക്രിനിക്കൽ വൈറോളജി ആൻഡ് മൈക്രോ ബയോളജി പ്രഫ.ഡോ.ടി ജേക്കബ് ജോൺ, ഇന്റർനാഷണൽ സെന്റർ ഫോർ ജെനിറ്റിക് എൻഡിനീയറിങ് ബയോടെക്‌നോളജിയിലെ ഡോ.നവീൻ ഖന്ന, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മൈക്രോ ബയോളജി ആൻഡ് സെൽ ബയോളജി വിഭാഗം മേധാവി ഡോ.സൗമുത്ര ദാസ്, സിംഗപ്പൂർ എമർജിംഗ് ഇൻഫെക്ഷ്യസ് ഡിസീസ് പ്രോഗ്രാം ഡ്യൂക് ഡോ.സുഭാഷ് വാസുദേവൻ, മേരിലാന്റിലെ ബാൽറ്റിമോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ വൈറോളജിയിലെ ഡോ. ശ്യാമസുന്ദരൻ, മധുര അരവിന്ദ് മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.കെ ധർമലിംഗം, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മോളിക്യുലാർ ബയോഫിസിക്‌സ് സയന്റിസ്റ്റ് മഞ്ചു ബൻസാൾ, മുംബൈ ടാറ്റ മെമ്മോറിയൽ ക്യാൻസർ സെന്ററിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.അമിത് ദത്ത, ആർജിപി ഗ്രൂപ്പ് ഇന്റർനാഷണൽ സെന്റർ ഫോർ ജെനിറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്‌നോളജിയിലെ മോളിക്യുലാർ മെഡിസിൻ വിഭാഗം പ്രഫ.എസ് സ്വാമിനാഥൻ, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിങിലെ വൈറസ് റിസർച്ച് വകുപ്പ് മേധാവി ഡോ.ജി അരുൺ കുമാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബയോകെമിസ്ട്രി വിഭാഗം പ്രഫ.പി എൻ രംഗരാജൻ, ഹൈദരാബാദ് സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്‌സ് ഡയറക്ടർ ഡോ. ദേബാഷിഷ് മിത്ര, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ചിലെ പ്രഫ.എസ് മൂർത്തി ശ്രീനിവാസുല എന്നിവരാണ് അംഗങ്ങൾ. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഒരംഗമാണ്. നിലവിൽ ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

Next Story

RELATED STORIES

Share it