Kerala

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും പൂരത്തിന് ആരംഭം കുറിച്ചാണ് ഇന്ന് കൊടിയേറ്റം നടക്കുന്നത്. തിരുവമ്പാടിയില്‍ 11.15നും 11.45നും മധ്യേയാണ് കൊടിയേറ്റം. പാറമേക്കാവില്‍ 12.05നും കൊടിയേറും. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും.

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും
X

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും പൂരത്തിന് ആരംഭം കുറിച്ചാണ് ഇന്ന് കൊടിയേറ്റം നടക്കുന്നത്. തിരുവമ്പാടിയില്‍ 11.15നും 11.45നും മധ്യേയാണ് കൊടിയേറ്റം. പാറമേക്കാവില്‍ 12.05നും കൊടിയേറും. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. പാരമ്പര്യ അവകാശികളായ കാനാട്ടുകര താഴത്തുപുരയ്ക്കല്‍ സുന്ദരനും സുശിത്തുമാണ് കൊടിമരം തയ്യാറാക്കിയത്.

10 കോലും ആറ് വിരലുമാണ് തിരുവമ്പാടി കൊടിമരത്തിന്റെ ഉയരം. ആല്‍, മാവ് എന്നിവയുടെ ഇലകളും ദര്‍ഭപ്പുല്ലുംകൊണ്ട് അലങ്കരിച്ച കൊടിമരത്തില്‍ പൂജിച്ച കൊടിക്കൂറ കെട്ടി ദേശക്കാരാണ് കൊടിയേറ്റച്ചടങ്ങ് നിര്‍വഹിക്കുക. മുകളില്‍നിന്ന് 13 വിരല്‍ താഴെയാണ് കൊടിക്കൂറ കെട്ടുന്നത്. കൊടിയേറ്റിനുശേഷം മണികണ്ഠനാലില്‍ പാറമേക്കാവും നടുവിലാലില്‍ തിരുവമ്പാടിയും കൊടികള്‍ ഉയര്‍ത്തും. ആചാരവെടിയും മുഴക്കും. തിരുവമ്പാടിയില്‍നിന്ന് പൂരം പുറപ്പാട് ഉച്ചയ്ക്കുശേഷം മൂന്നിന് ആരംഭിക്കും.

തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച് നടുവില്‍മഠത്തില്‍ ആറാട്ട്. തുടര്‍ന്ന് അഞ്ചാനകളുടെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്. വടക്കുന്നാഥ ക്ഷേത്രകൊക്കര്‍ണിയില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ആറാട്ടും നടക്കും. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതിക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതിക്ഷേത്രം, ചൂരക്കാട്ടുകര ഭഗവതിക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നീ ഘടകക്ഷേത്രങ്ങളിലും തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഇന്ന് കൊടിയേറും. 13, 14 തിയ്യതികളിലാണ് തൃശൂര്‍ പൂരം.

Next Story

RELATED STORIES

Share it