Kerala

ഈവർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്; കേരളത്തിൽ ഭാഗികമായി ദൃശ്യമാവും

ജോയിന്റ് ഡയറക്ടര്‍ ശ്രീലത കെ പറഞ്ഞു. രാവിലെ 10.15 മുതല്‍ 1.15 വരെയുള്ള മൂന്ന് മണിക്കൂര്‍ സമയമാകും കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമാകുക.

ഈവർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്; കേരളത്തിൽ ഭാഗികമായി ദൃശ്യമാവും
X

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമാകുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ സൂര്യഗ്രഹണം വ്യക്തമായി അനുഭവപ്പെടുമെന്ന് കേരള സ്റ്റേറ്റ് സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയം ജോയിന്റ് ഡയറക്ടര്‍ ശ്രീലത കെ പറഞ്ഞു. രാവിലെ 10.15 മുതല്‍ 1.15 വരെയുള്ള മൂന്ന് മണിക്കൂര്‍ സമയമാകും കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമാകുക. 11.40തോടുകൂടി പാരമ്യതയില്‍ എത്തും.

കേരളത്തില്‍ 35 % സൂര്യനെ ചന്ദ്രബിംബം മറയ്ക്കുന്നതായാണ് അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് ശേഷം 3:15 ആകുമ്പോള്‍ ദൃശ്യം പൂര്‍ണമായും മാറും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പ്ലാനറ്റോറിയത്തില്‍ സൂര്യഗ്രഹണം കാണാന്‍ പ്രവേശനമുണ്ടാകില്ലെന്നും ശ്രീലത കെ പറഞ്ഞു. പകരം കേരള സ്റ്റേറ്റ് സയന്‍സ് ആന്റ് ടെക്‌നോജി മ്യൂസിയത്തിന്റെ ഫേസ് ബുക്ക് പേജ് വഴിയും ഔദ്യോഗിക യൂ ട്യൂബ് ചാനല്‍ വഴിയും ലൈവായി സൂര്യഗ്രഹണം വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ശ്രീലത വ്യക്തമാക്കി. സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേര്‍രേഖയില്‍ വരികയും ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുമ്പോഴുമാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നാണ് അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്.

അതേസമയം, ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഞായറാഴ്ച സൂര്യഗ്രഹണത്തിന്റെ നേര്‍ക്കാഴ്ചക്കായി ഒരുങ്ങി. ഈ പ്രതിഭാസത്തെ അഗ്‌നി വളയം എന്ന് വിളിക്കാറുണ്ട്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മൂടാതെ സൂര്യപ്രകാശത്തിന്റെ ഒരു സ്വര്‍ണ്ണ വളയം ദൃശ്യമാകും.

മധ്യ ആഫ്രിക്കയില്‍ ഞായറാഴ്ച 03.50 ജിഎംടിക്കാണ് ഗ്രഹണത്തിന്റെ കാഴ്ചകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് എത്യോപ്യ, യെമന്‍, ഒമാന്‍, പാകിസ്ഥാന്‍, ഇന്ത്യയുടെ ചില ഭാഗങ്ങള്‍, ചൈന എന്നിവയിലൂടെ കിഴക്കോട്ട് നീങ്ങുമെന്ന് നാസ പറയുന്നു. സൂര്യഗ്രഹണത്തിന്റെ പരമാവധി കാഴ്ചകള്‍ പ്രതീക്ഷിക്കുന്ന തായ്വാനിലെ ചിയായ് സിറ്റിയില്‍ ഒരു പാര്‍ക്കില്‍ പൊതു പരിപാടി നടത്തുന്നുണ്ട്. അവസാന വാര്‍ഷിക ഗ്രഹണം 2019 ഡിസംബറിലായിരുന്നു.

Next Story

RELATED STORIES

Share it