Kerala

ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്കുവരെ നീട്ടി

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും നിരോധനാജ്ഞ നീട്ടണമെന്ന പോലിസ് മേധാവിയുടെ റിപോര്‍ട്ടിനെ അനുകൂലിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്കുവരെ നീട്ടി
X

പത്തനംതിട്ട: ശബരിമലയിലും പരിസരത്തും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ മകരവിളക്കുവരെ നീട്ടി. ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ട് പരിഗണിച്ച് ജില്ലാ കലക്ടര്‍ പി ബി നൂഹാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും നിരോധനാജ്ഞ നീട്ടണമെന്ന പോലിസ് മേധാവിയുടെ റിപോര്‍ട്ടിനെ അനുകൂലിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ പ്രദേശങ്ങളിലും അവിടേക്കുള്ള വഴിയിലും നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചത്.

മകരജ്യോതി ദര്‍ശനത്തിനു തീര്‍ഥാടകര്‍ കൂട്ടംകൂടുന്നതിനും കാത്തിരിക്കുന്നതിനും പ്രത്യേക ഇളവുകളില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് 14ന് അര്‍ധരാത്രി വരെ നിരോധനാജ്ഞ നീട്ടിയയെന്നു ജില്ലാ കലക്ടര്‍ പി ബി നൂഹ് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. തീര്‍ഥാടകരുടെ സമാധാന ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമസഞ്ചാരം എന്നിവയെ നിരോധനാജ്ഞയില്‍നിന്ന് ഒഴിവാക്കി. തീര്‍ഥാടകര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടായോ ദര്‍ശനത്തിനെത്തുന്നതിനും ശരണം വിളിക്കുന്നതിനും തടസ്സമില്ല.

എന്നാല്‍, മകരജ്യോതി ദര്‍ശനത്തിന് അയ്യപ്പന്‍മാര്‍ തടിച്ചുകൂടുന്നതിനും കാത്തിരിക്കുന്നതിനും ഉത്തരവില്‍ ഇളവുകളൊന്നും പറയുന്നില്ല. അക്രമസംഭവങ്ങളില്‍ നിരവധി സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതായും ഇനിയും അക്രമമുണ്ടാവാന്‍ സാധ്യതയുള്ളതായും അടൂര്‍ ഡിവൈഎസ്പി, തഹസില്‍ദാര്‍ എന്നിവരും റിപോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ തീര്‍ഥാടകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താനും ക്രമസമാധാനം നിലനിര്‍ത്താനുമാണ് നിരോധനാജ്ഞ നീട്ടുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it