Kerala

ബിജെപി അധ്യക്ഷ പദവി: പ്രഖ്യാപനത്തിന് കാതോർത്ത് സംസ്ഥാന നേതൃത്വം

ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനായിരുന്നു അധ്യക്ഷ സ്ഥാനത്തേയ്ക്ക് മുന്‍തൂക്കമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്‍ നടനും എംപിയുമായ സുരേഷ് ഗോപിയും ഇടം നേടിയിട്ടുണ്ട്.

ബിജെപി അധ്യക്ഷ പദവി: പ്രഖ്യാപനത്തിന് കാതോർത്ത് സംസ്ഥാന നേതൃത്വം
X

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ് ബിജെപി ദേശീയ നേതൃത്വം. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനായിരുന്നു അധ്യക്ഷ സ്ഥാനത്തേയ്ക്ക് മുന്‍തൂക്കമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്‍ നടനും എംപിയുമായ സുരേഷ് ഗോപിയും ഇടം നേടിയിട്ടുണ്ട്.

ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയതോടെയാണ് നേതൃസ്ഥാനത്തേയ്ക്ക് താരം എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍, താൽപര്യമില്ലെന്ന് അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചെന്നാണ് ലഭിക്കുന്ന വിവരം. ലോക്‌സഭാ തിരഞ്ഞടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാനും സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നതാണ്. താൽപര്യമില്ലെന്നറിയിച്ച് പിന്മാറിയ അദ്ദേഹത്തിന് അവസാനം തൃശ്ശൂരില്‍ മത്സരിക്കേണ്ടിവന്നു. ഇതോടെ സുരേഷ് ഗോപി തന്നെ വരുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. എന്നാല്‍ പ്രഖ്യാപനം വരാത്തതില്‍ നേതൃത്വങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും ഉയരുന്നുണ്ട്.

പി എസ് ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി പോയതോടെയാണ് അധ്യക്ഷസ്ഥാനത്തില്‍ ഒഴിവുവന്നത്. ഇതോടെ നേതൃസ്ഥാനത്തേയ്ക്ക് ആര് എന്ന ചര്‍ച്ചകളും സജീവമായി. സുരേഷ് ഗോപിക്കു പുറമേ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഒടുവിലത്തെ സാധ്യതാപ്പട്ടികയിലുള്ളത്. അവസാനവാക്ക് അമിത് ഷായുടേതാണെങ്കിലും ആര്‍എസ്എസിന്റെ താല്‍പര്യംകൂടി പരിഗണിച്ചേ തീരുമാനമുണ്ടാകൂ. കെ സുരേന്ദ്രന് വേണ്ടി വി മുരളീധരനാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നീക്കങ്ങള്‍ നടത്തുന്നത്. ആര്‍എസ്എസ് പിന്തുണയോടെ എം ടി രമേശിന് വേണ്ടിയും നീക്കങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരനും വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രമന്ത്രിയുടെ സ്വാധീനം സുരേന്ദ്രന് ഗുണം ചെയ്യുമെന്നാണ് മുരളീധര വിഭാഗത്തിന്റെ പ്രതീക്ഷ. എന്നാല്‍ ആര്‍എസ്എസ് പിന്തുണയോടെയാണ് എം ടി രമേശിനു വേണ്ടിയുള്ള വടംവലി. ശോഭ സുരേന്ദ്രന്റെ പേരും ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. പുതിയ അധ്യക്ഷനെച്ചൊല്ലി ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചാല്‍ സമവായമെന്ന നിലയില്‍ കുമ്മനത്തെ പരിഗണിച്ച് ഗ്രൂപ്പിന് തടയിടാനും സാധ്യത കൂടുതലാണ്.

Next Story

RELATED STORIES

Share it