Kerala

ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അറസ്റ്റ്; കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പോലിസിന്റെ കൈയേറ്റം (വീഡിയോ)

ഹര്‍ത്താല്‍ അടിച്ചമര്‍ത്താന്‍ പോലിസ് നീക്കം ആരംഭിച്ചതോടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ തെരുവിലിറങ്ങി. പെണ്‍കുട്ടികളും കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും അടക്കമുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി.

ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അറസ്റ്റ്; കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പോലിസിന്റെ കൈയേറ്റം (വീഡിയോ)
X

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്ത് സംയുക്തസമിതി ആഹ്വാനംചെയ്ത ഹര്‍ത്താലിനെതിരേ പോലിസിന്റെ വ്യാപക അതിക്രമം. ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സമാധാനപരമായി പ്രകടനം നടത്തിയ സമരാനുകൂലികളെ പോലിസ് വ്യാപകമായി അറസ്റ്റുചെയ്തുനീക്കി.

പാലക്കാട് 25 പേരും കണ്ണൂരില്‍ 60 പേരും ഇടുക്കിയില്‍ അഞ്ചുപേരും കൊല്ലത്ത് 25 പേരും പത്തനംതിട്ടയില്‍ 40 പേരും അറസ്റ്റിലായിട്ടുണ്ട്. തൃശൂരില്‍ നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടൂരില്‍ എസ്ഡിപിഐ അടൂര്‍ മേഖലാ പ്രസിഡന്റും ബിഎസ്പി അടൂര്‍ മണ്ഡലം പ്രസിഡന്റും കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറിയും അടക്കമുള്ളവരാണ് അറസ്റ്റിലായത്.


ഹര്‍ത്താല്‍ അടിച്ചമര്‍ത്താന്‍ പോലിസ് നീക്കം ആരംഭിച്ചതോടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ തെരുവിലിറങ്ങി. പെണ്‍കുട്ടികളും കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും അടക്കമുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് അരങ്ങേറിയത്. നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലുള്ളത്. പാലക്കാടും കോഴിക്കോടും സമരസമിതി പ്രവര്‍ത്തകര്‍ക്കുനേരേ പോലിസ് ലാത്തിവീശി. തിരുവനന്തപുരത്ത് ഏജീസ് ഓഫിസ് മാര്‍ച്ചിനുനേരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂര്‍ നരയംപാറയില്‍ പോലിസ് വീടുകളില്‍ക്കയറി ഭീകരത സൃഷ്ടിക്കുകയാണ്.


കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ടാണ് പോലിസ് വീടുകളില്‍ കയറിയിറങ്ങുന്നത്. ഇതിനെതിരേയും പ്രതിഷേധം ശക്തമാവുകയാണ്. കണ്ണൂരില്‍ റോഡ് ഉപരോധിച്ചവരെ പോലിസ് ബലം പ്രയോഗിച്ചുനീക്കി. അതിനിടെ, കോഴിക്കോട് സമരത്തിനിടെ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി.


കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പ്രതിഷേധക്കാരാണെന്ന് പറഞ്ഞ് വഴിയിലുള്ളവരെയെല്ലാം അറസ്റ്റുചെയ്യാനുള്ള പോലിസിന്റെ നീക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. പോലിസിനെതിരേ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി പ്രകടനം നടത്തിയ പെണ്‍കുട്ടികളെ പോലിസ് അറസ്റ്റുചെയ്തുനീക്കി.


പെണ്‍കുട്ടികളെ വലിച്ചിഴച്ചുകൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പോലിസിന്റെ കൈയേറ്റമുണ്ടായി. പോലിസ് മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ സ്വകാര്യബസ്സുകളൊന്നും സര്‍വീസ് നടത്തുന്നില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഏതാനും സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

Next Story

RELATED STORIES

Share it