Latest News

അള്‍ട്രാവയലറ്റ് സാങ്കേതികവിദ്യയിലൂടെ ചകിരിച്ചോറിന്റെ ഗുണമേന്മ ഉയര്‍ത്തി കുസാറ്റ് ഗവേഷകര്‍

അള്‍ട്രാവയലറ്റ് സാങ്കേതികവിദ്യയിലൂടെ ചകിരിച്ചോറിന്റെ ഗുണമേന്മ ഉയര്‍ത്തി കുസാറ്റ് ഗവേഷകര്‍
X

കൊച്ചി: ചെടി വളര്‍ത്തലിന് വിദേശരാജ്യങ്ങളില്‍ വലിയ ആവശ്യകതയുള്ള ചകിരിച്ചോറിന്റെ വൈദ്യുത ചാലകത കുറയ്ക്കാന്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് കുസാറ്റ് ഗവേഷകര്‍. പരിസ്ഥിതി വകുപ്പിലെ ഗവേഷക കെ എസ് ഉമാലക്ഷ്മിയും സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയിലെ അസിസ്റ്റന്റ് പ്രഫ. ഡോ അബേഷ് രഘുവരനും ചേര്‍ന്നാണ് അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായി നടപ്പാക്കിയത്. കണ്ടെത്തല്‍ അന്താരാഷ്ട്ര ജേര്‍ണലായ ബയോറിസോഴ്‌സ് ടെക്‌നോളജി റിപോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചു.

കയര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിര്‍ണായക സ്ഥാനമെടുത്ത ചകിരിച്ചോര്‍, ഒരുകാലത്ത് ഉപയോഗശൂന്യ വസ്തുവായി കണക്കാക്കിയിരുന്നതാണ്. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചകിരിച്ചോറിലെ കൂടുതലുള്ള ഉപ്പുരസം വിദേശരാജ്യങ്ങളില്‍ നിരസിക്കപ്പെടാന്‍ കാരണമായിരുന്നു. പതിറ്റാണ്ടുകളായി കയര്‍ മേഖല നേരിടുന്ന ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ ശാസ്ത്രീയ പരിഹാരം ലഭിച്ചിരിക്കുന്നത്.

അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് ചകിരിച്ചോറിലെ ഉപ്പുരസം കുറയ്ക്കാനാകുകയും, വൈദ്യുത ചാലകത 27.4 ശതമാനം വരെ കുറയ്ക്കാനാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഇതുവഴി ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ ഉയര്‍ത്തി വിദേശ കയറ്റുമതി കൂടുതല്‍ എളുപ്പമാക്കാനാകും. രാസവസ്തുക്കള്‍ ഉപയോഗിക്കാത്തതിനാല്‍ സാങ്കേതികവിദ്യ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാണ്. നിലവില്‍ വൈദ്യുത ചാലകത കുറയ്ക്കാന്‍ കുറഞ്ഞത് ആറുതവണ വെള്ളം ഉപയോഗിച്ച് കഴുകേണ്ടിവരുന്നു. പുതിയ രീതിയില്‍ ഒരുതവണ വെള്ളം നല്‍കിയ ശേഷം ഒരു മണിക്കൂര്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിപ്പിച്ചാല്‍ മതിയാകുന്നതാണ് പ്രധാന നേട്ടം.

ഇപ്പോള്‍ പ്രചാരത്തിലുള്ള കാല്‍സിയം നൈട്രേറ്റ് ബഫറിംഗ് രീതിയില്‍ പിഎച്ച് നിലയില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുവെങ്കിലും, പുതിയ അള്‍ട്രാവയലറ്റ് സാങ്കേതികവിദ്യയില്‍ പിഎച്ച് നില സ്ഥിരത പുലര്‍ത്തുന്നുവെന്നതും ഗവേഷണത്തിന്റെ പ്രത്യേകതയാണ്.

Next Story

RELATED STORIES

Share it