Kerala

ലൈഫ് മിഷൻ അഴിമതി: സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിലേക്ക്

സിബിഐ അന്വേഷണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിൽ അഡ്വക്കേറ്റ് ജനറൽ സി പി സുധാകര പ്രസാദിനോട് സർക്കാർ നിയമോപദേശം തേടിയിരുന്നു.

ലൈഫ് മിഷൻ അഴിമതി: സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിലേക്ക്
X

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിക്കും. സിബിഐ അന്വേഷണത്തിനെതിരേ അപ്പീൽ പോവാൻ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിലാണ് സിബിഐ കേസെടുത്തത്.

സിബിഐ അന്വേഷണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിൽ അഡ്വക്കേറ്റ് ജനറൽ സി പി സുധാകര പ്രസാദിനോട് സർക്കാർ നിയമോപദേശം തേടിയിരുന്നു. ഏകപക്ഷീയമായ ഇത്തരം നടപടിയെ ചോദ്യം ചെയ്യാനാവുമെന്ന നിയമോപദേശമാണ് ലഭിച്ചത്. ഇതേത്തുടർന്ന് ഹൈക്കോടതിയിൽ ഉടൻ ഹരജി നൽകാനും ധാരണയായിട്ടുണ്ട്. സ്വമേധയാ അന്വേഷണം ആരംഭിച്ച സിബിഐ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടാണ് ഹരജി നൽകുക.

ഡൽഹി സ്പെഷ്യൽ പോലിസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് രാജ്യത്തെ അഴിമതി കേസുകൾ സിബിഐ അന്വേഷിക്കുന്നത്. ഇതിന് സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. എന്നാൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സിബിഐക്ക് മുൻകൂട്ടി നൽകിയിട്ടുണ്ട്. ഈ അനുമതി പിൻവലിക്കാൻ കേരളത്തിന് കഴിയുമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിക്കാതെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്.

Next Story

RELATED STORIES

Share it