Kerala

മൂന്നര വയസുകാരന്റെ ആരോഗ്യനില വിലയിരുത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘം

കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.ബാലകൃഷ്ണന്‍, പീഡിയാട്രിക് വിഭാഗം അഡീഷണല്‍ പ്രഫസര്‍ ഡോ. വീരേന്ദ്രകുമാര്‍, ന്യൂറോളജി വിഭാഗം അസോ. പ്രഫസര്‍ ഡോ. ഹാരിസ് എന്നീ വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്.

മൂന്നര വയസുകാരന്റെ ആരോഗ്യനില വിലയിരുത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘം
X

തിരുവനന്തപുരം: ഇതര സംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിൽസയിലുള്ള മൂന്നര വയസുകാരന്റെ ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.ബാലകൃഷ്ണന്‍, പീഡിയാട്രിക് വിഭാഗം അഡീഷണല്‍ പ്രഫസര്‍ ഡോ. വീരേന്ദ്രകുമാര്‍, ന്യൂറോളജി വിഭാഗം അസോ. പ്രഫസര്‍ ഡോ. ഹാരിസ് എന്നീ വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഈ സംഘം രാത്രി ഏഴ് മണിയോടെ രാജഗിരി ആശുപത്രിയിലെത്തും. കൂടാതെ സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലിസ് ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ആശുപത്രിയുമായി ബന്ധപ്പെടുകയും കുട്ടിയുടെ ചികിൽസയ്ക്കും സുരക്ഷയ്ക്കുമാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി മന്ത്രി ആശുപത്രി അധികൃതരുമായും സംസാരിച്ചിരുന്നു. ആരോഗ്യ നില മോശമായതിനാല്‍ മറ്റാശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്തായാലും പ്രത്യേക മെഡിക്കല്‍ സംഘം കുട്ടിയുടെ ആരോഗ്യ നില വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

കുട്ടിയുടെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it