Kerala

പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: കേന്ദ്ര ഓഫിസുകള്‍ക്ക് മുന്നില്‍ 24ന് എസ് ഡിപിഐ ഏകദിന ഉപവാസം

24ന് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കുന്ന ഉപവാസ സമരത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളും നേതാക്കളും ഉപവസിക്കും. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുമ്പില്‍ ഉപവാസസമരം നടത്തും.

പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: കേന്ദ്ര ഓഫിസുകള്‍ക്ക് മുന്നില്‍ 24ന് എസ് ഡിപിഐ ഏകദിന ഉപവാസം
X

തിരുവനന്തപുരം: കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവച്ച ബിജെപി സര്‍ക്കാരിനെതിരേ പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഡിസംബര്‍ 24 ന് കേന്ദ്ര ഓഫിസുകള്‍ക്ക് മുന്നില്‍ ഏകദിന ഉപവാസം നടത്താന്‍ എസ് ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. 24ന് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കുന്ന ഉപവാസ സമരത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളും നേതാക്കളും ഉപവസിക്കും. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുമ്പില്‍ ഉപവാസസമരം നടത്തും.

ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ രാജ്യത്തിന്റെ വിഭവങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുകയാണ്. വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങളെത്തുടര്‍ന്ന് ജനജീവിതം ദുസ്സഹമായിരിക്കുന്നു. ഇടിവെട്ടിയവനെ പാമ്പ് കടിച്ചതുപോലെ കടന്നുവന്ന കൊവിഡ് മഹാമാരി രാജ്യത്തെ ജനകോടികളെ അരപ്പട്ടിണിയില്‍നിന്ന് മുഴുപ്പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഈ ഗുരുതരപ്രതിസന്ധിക്കിടെയാണ് കാര്‍ഷിക മേഖലയെ സമ്പൂര്‍ണമായി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അത്യന്തം പ്രതിലോമകരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകര്‍ തലസ്ഥാന നഗരിയില്‍ നടത്തുന്ന സമരം ഒരുമാസം പിന്നിട്ടിരിക്കുന്നു. കോര്‍പറേറ്റ് തീട്ടൂരത്തിനു മുന്നില്‍ മുട്ടുമടക്കിയ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. രാജ്യത്തെ രക്ഷിക്കുന്നതിനുവേണ്ടി കര്‍ഷകര്‍ തുടങ്ങിവച്ച പ്രക്ഷോഭത്തെ പിന്തുണയ്‌ക്കേണ്ടത് രാജ്യസ്‌നേഹികളുടെ ബാധ്യതയാണ്. കര്‍ഷക പോരാട്ടത്തിന് ശക്തമായ പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍പ്പിച്ച് ശക്തമായി രംഗത്തിറങ്ങാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരിക്കുകയാണ്.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി കെ ഉസ്മാന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, ഇ എസ് കാജാ ഹുസൈന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it