Kerala

ഉറങ്ങിയത് അറിയാതെ വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവം: അധ്യാപികയ്‌ക്കെതിരേ അച്ചടക്കനടപടി

വാണിയംകുളം പത്തംകുളം സ്‌കൂളിലെ യുകെജി അധ്യാപികയും ക്ലാസ് ടീച്ചറുമായ സുമയോട് അഞ്ചുദിവസം ജോലിയില്‍നിന്ന് മാറിനില്‍ക്കാന്‍ എഇഒ നിര്‍ദേശം നല്‍കി. പ്രാഥമികാന്വേഷണത്തിന് പിന്നാലെയാണ് സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ നടപടിയുണ്ടായിരിക്കുന്നത്.

ഉറങ്ങിയത് അറിയാതെ വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവം: അധ്യാപികയ്‌ക്കെതിരേ അച്ചടക്കനടപടി
X

പാലക്കാട്: ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ഥിനി ക്ലാസ് മുറിയിലുണ്ടെന്ന് അറിയാതെ മുറിപൂട്ടി സ്‌കൂള്‍ അധികൃതര്‍ പോയ സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരേ അച്ചടക്കനടപടി. വാണിയംകുളം പത്തംകുളം സ്‌കൂളിലെ യുകെജി അധ്യാപികയും ക്ലാസ് ടീച്ചറുമായ സുമയോട് അഞ്ചുദിവസം ജോലിയില്‍നിന്ന് മാറിനില്‍ക്കാന്‍ എഇഒ നിര്‍ദേശം നല്‍കി. പ്രാഥമികാന്വേഷണത്തിന് പിന്നാലെയാണ് സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ നടപടിയുണ്ടായിരിക്കുന്നത്. കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് മനപൂര്‍വമല്ലാത്ത വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമികനിഗമനം. സംഭവത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപകനോടും ക്ലാസ് ടീച്ചറോടും ഒറ്റപ്പാലം എഇഒ വിശദീകരണം തേടിയിരുന്നു. ഇവരുടെ ഭാഗം കേട്ട ശേഷമാവും കൂടുതല്‍ നടപടി ആവശ്യമുണ്ടോ എന്ന കാര്യം തീരുമാനിക്കുക.

തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താതെ വന്നതോടെയാണ് മാതാപിതാക്കള്‍ അന്വേഷണം നടത്തിയത്. വൈകീട്ട് അഞ്ചുമണിയോടെ സ്‌കൂളിലെത്തിയപ്പോള്‍ കുട്ടി ക്ലാസ് മുറിയിലിരുന്ന് ഉറങ്ങുകയായിരുന്നു. ക്ലാസില്‍ കുട്ടി ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ ക്ലാസ്മുറിയും സ്‌കൂളും അടച്ച് അധികൃതര്‍ പോവുകയായിരുന്നു. ഇതിനിടെ മറ്റ് ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. സംഭവമറിഞ്ഞെത്തിയ സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട് മാപ്പുപറഞ്ഞു പ്രശ്‌നം അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിദ്യാഭ്യാസവകുപ്പ് അധ്യാപികയ്‌ക്കെതിരേ നടപടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ പരാതി നല്‍കിയിട്ടില്ല.

Next Story

RELATED STORIES

Share it