Kerala

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ ആക്രമണം: വിദ്യാര്‍ഥിയ്ക്ക് കുത്തേറ്റു

സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു. എസ്എഫ്‌ഐയുടെ പീഡനത്തെ തുടര്‍ന്ന് അടുത്തിടെ കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ ആക്രമണം: വിദ്യാര്‍ഥിയ്ക്ക് കുത്തേറ്റു
X

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിയ്ക്ക് കുത്തേറ്റു.മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. അഖിലിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ അഖിലും എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. ഇന്നലെ കോളജ് കാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകരെത്തി തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

അവിടെയിരുന്ന് പാടെരുതെന്നും ക്ലാസില്‍ പോവാനും മോശം വാക്കുകളുപയോഗിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നും സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ഥികള്‍ സംഘടിച്ച് എസ്എഫ്‌ഐക്കെതിരേ പ്രകടനം നടത്തുകയും യൂനിയന്‍ ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ സംഘടിച്ചെത്തിയ എസ്എഫ്‌ഐക്കാര്‍ അഖിലിനെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്‌ഐക്കാര്‍ തടഞ്ഞ് ഗേറ്റ് പൂട്ടിയിട്ടു. സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. സംഘര്‍ഷത്തിനു പിന്നില്‍ എസ്എഫ്‌ഐക്കാരാണെന്നും കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അവര്‍ സമ്മതിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

എസ്എഫ്‌ഐ അനുഭാവികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികളാണ് പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്എഫ്‌ഐ നേതൃത്വത്തിനെതിരെയാണ് പ്രതിഷേധം. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു.മാധ്യമങ്ങള്‍ പിന്തിരിയാതിരുന്നതോടെ പ്രിന്‍സിപ്പലിനെ സ്ഥലത്തെത്തിച്ച് ഇതേ ആവശ്യം ആവര്‍ത്തിച്ചു.വിദ്യാര്‍ഥി സംഘര്‍ഷമോ ഒരാള്‍ക്ക് കുത്തേറ്റതോ താന്‍ അറിഞ്ഞില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രിന്‍സിപ്പല്‍ മറുപടി നല്‍കിയത്.എസ്എഫ്‌ഐയുടെ പീഡനത്തെ തുടര്‍ന്ന് അടുത്തിടെ കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

Next Story

RELATED STORIES

Share it