Kerala

പുഴുവരിച്ചതും വിഷം കലർന്നതുമായ മീനുകൾ വിപണിയിൽ; നടപടി കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഇപ്പോള്‍ ട്രോളിങ് നിരോധനമാണ്. മല്‍സ്യലഭ്യത പകുതിയായി കുറയുന്ന സമയമാണിത്. ഇതിന്റെ മറവിലാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് മാരകമായ രാസപദാർത്ഥങ്ങൾ ചേർത്ത ടണ്‍ കണക്കിന് മീനുകള്‍ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്.

പുഴുവരിച്ചതും വിഷം കലർന്നതുമായ മീനുകൾ വിപണിയിൽ; നടപടി കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
X

തിരുവനന്തപുരം: മാരകരാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മല്‍സ്യം സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി പിടികൂടിയ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന മല്‍സ്യങ്ങളുടെ ഗുണനിലവാര പരിശോധനയില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യവകുപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

ഇന്ന് വര്‍ക്കല പുന്നമൂട് ചന്തയില്‍ നടത്തിയ പരിശോധനയില്‍ 110 കിലോ അഴുകിയ മൽസ്യം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ ഫുഡ്‌സേഫ്റ്റി- ഫിഷറീസ് വിഭാഗങ്ങള്‍ ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച അറുപത് കിലോ ചൂര മീനും അഴുകിയ 50കിലോ കൊഴിയാള മൽസ്യവും പിടിച്ചെടുത്തത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ചന്തയില്‍ പരിശോധന നടത്തുന്നത്. അമോണിയ, ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ വില്‍പ്പന വ്യാപകമെന്ന് പരാതിയെ തുടര്‍ന്നാണ് പരിശോധന.

നഗരസഭ ആരോഗ്യവിഭാഗത്തിന്റെ എച്ച്‌ഐ സന്തോഷ്, ഫുഡ് സേഫ്റ്റി ഓഫിസര്‍ വിജയകുമാര്‍, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ സുശീല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൽസ്യത്തിൽ രാവസവസ്തു ചേര്‍ത്തു വില്‍ക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭ ജെഎച്ച്‌ഐമാരായ രാജേഷ്, ഉദയകുമാര്‍, ബിനുകുമാര്‍, ബിജു തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ മാരക രാസപദാര്‍ഥങ്ങള്‍ അടങ്ങിയ 1500 കിലോ മീനാണ് പിടിച്ചെടുത്തത്. കേരളത്തില്‍ വില്‍പ്പനയ്ക്കെത്തിക്കുന്നതിനിടെയാണ് ഇവ പിടിയിലായത്. ഇതോടെയാണ് പരിശോധന കര്‍ശനമാക്കുവാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം ലഭിച്ചത്. ഇതിനു പിന്നാലെ കോഴഞ്ചേരിയിലെ മാർക്കറ്റിൽ നിന്നും നൂറ് കിലോയോളം പഴകിയ മീനുകൾ പിടികൂടി.

സംസ്ഥാനത്ത് ഇപ്പോള്‍ ട്രോളിങ് നിരോധനമാണ്. മല്‍സ്യലഭ്യത പകുതിയായി കുറയുന്ന സമയമാണിത്. ഇതിന്റെ മറവിലാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് മീനുകള്‍ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്. പിടിച്ചെടുക്കുന്ന മീനുകള്‍ ഏത് സംസ്ഥാനത്ത് നിന്നാണോ വന്നത് അവിടേയ്ക്ക് തിരിച്ചയക്കുകയാണ് പതിവ്. കാര്യമായ ശിക്ഷാനടപടികള്‍ ഇല്ലാത്തത് ക്രമക്കേടുകള്‍ക്ക് ആക്കം കൂട്ടുകയാണ്. മീന്‍ മാര്‍ക്കറ്റുകളിലും മൽസ്യം കയറ്റിവരുന്ന ലോറികളിലും ഭക്ഷ്യവകുപ്പ് നിരന്തരം പരിശോധന നടത്തുന്നുണ്ടെങ്കിലും ക്രമക്കേടുകള്‍ വ്യാപകമാണ്.

ഫോര്‍മാലിനും അമോണിയയും അടങ്ങിയ മീനുകള്‍ ടണ്‍ കണക്കിനാണ് സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ പിടിച്ചെടുത്തത്. മീനുകളില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി മൽസ്യമാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍, ചെക്ക് പോയിന്റുകള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) പുറത്തിറക്കിയ ക്വിക്ക് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ചാണ് മീനുകളില്‍ ഫോര്‍മാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്നു പരിശോധിച്ചത്.

കൊച്ചിയിലെ വലിയ മൽസ്യമാര്‍ക്കറ്റുകളായ ചമ്പക്കര, വൈപ്പിന്‍ എന്നിവിടങ്ങളില്‍ നടന്ന പ്രാഥമിക പരിശോധനയില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയതായി കണ്ടെത്തിയിട്ടില്ലെന്നു ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു. വിവിധതരം മത്സ്യങ്ങളുടെ സാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്കായി കാക്കനാട് ഭക്ഷ്യസുരക്ഷ വകുപ്പിനു കീഴിലുള്ള റീജ്യനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ഫലം കൂടി വന്നാലേ ഔദ്യോഗികമായ സ്ഥിരീകരണമുണ്ടാകൂ. നിരന്തര പരിശോധനയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാസവസ്തുക്കളുടെ സാന്നിദ്ധ്യം കുറഞ്ഞുവരുന്നുണ്ടെന്നു ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും ദിവസങ്ങളിലും മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും പരിശോധന തുടരും. മൽസ്യത്തിൽ ഉപയോഗിക്കുന്ന ഐസ് നിര്‍മാണ യൂനിറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it