Kerala

പ്രവാസികള്‍ക്കുള്ള കൊവിഡ് പരിശോധന പിന്‍വലിക്കുക; 20 മന്ത്രി മന്ദിരങ്ങളിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തും

തീരുമാനം നടപ്പാക്കുന്നത് 24 വരെ ദീര്‍ഘിപ്പിച്ച നടപടി കേവലം പ്രതിഷേധം തണുപ്പിക്കുന്നതിനു വേണ്ടി മാത്രമാണെന്നു സംശയിക്കുന്നു.

പ്രവാസികള്‍ക്കുള്ള കൊവിഡ് പരിശോധന പിന്‍വലിക്കുക; 20 മന്ത്രി മന്ദിരങ്ങളിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തും
X

തിരുവനന്തപുരം: വിദേശത്തു നിന്നു മടങ്ങിവരുന്ന പ്രവാസികളുടെ യാത്രാനുമതിയ്ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ മന്ത്രിസഭാ തീരുമാനം പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നാളെ സംസ്ഥാനത്തെ 20 മന്ത്രി മന്ദിരങ്ങളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും. തീരുമാനം നടപ്പാക്കുന്നത് 24 വരെ ദീര്‍ഘിപ്പിച്ച നടപടി കേവലം പ്രതിഷേധം തണുപ്പിക്കുന്നതിനു വേണ്ടി മാത്രമാണെന്നു സംശയിക്കുന്നു.

തീരുമാനം പൂര്‍ണമായി പിന്‍വലിച്ച് പ്രവാസികളോടും കുടുംബങ്ങളോടും നീതി കാണിക്കണം. മന്ത്രി മന്ദിരങ്ങളിലേക്കുള്ള മാര്‍ച്ച് രാവിലെ 11 ന് പാളയത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടക്കുന്ന മാര്‍ച്ചിന് മൂവാറ്റുപുഴ അഷറഫ് മൗലവി നേതൃത്വം നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തുളസീധരന്‍ പള്ളിക്കല്‍, റോയി അറയ്ക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി പി മൊയ്തീന്‍ കുഞ്ഞ്, ജില്ലാ പ്രസിഡന്റുമാരായ സിയാദ് കണ്ടല, ജോണ്‍സണ്‍ കണ്ടച്ചിറ, അന്‍സാരി ഏനാത്ത്, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം, പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി തുടങ്ങിയവര്‍ വിവിധ മന്ത്രിമാരുടെ വസതികളിലേക്ക് നടക്കുന്ന മാര്‍ച്ചിനു നേതൃത്വം നല്‍കും.

'പ്രവാസികള്‍ നാടിന്റെ നട്ടെല്ല്, പ്രവാസികളെ ഇനിയും പ്രയാസപ്പെടുത്തരുത്, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പാര്‍ട്ടി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കോവിഡ് രോഗവ്യാപനം ഭീതിവിതയ്ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന വഞ്ചനയും ക്രൂരതയും അവസാനിപ്പിക്കുക, മടങ്ങിവരാനാഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും ഉടന്‍ നാട്ടിലെത്തിക്കുക, അതിനായി ഷെഡ്യൂള്‍ തയ്യാറാക്കുക, പ്രവാസികളില്‍ നിന്നും ഈടാക്കുന്ന അമിത വിമാനക്കൂലി പിന്‍വലിക്കുക, കൊവിഡ് രോഗം ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുക, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ആഹാരവും ചികില്‍സയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പാര്‍ട്ടി പ്രക്ഷോഭപരിപാടികളിലൂടെ ഉന്നയിക്കുന്നത്. സര്‍ക്കാര്‍ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭങ്ങള്‍ ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനം. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി മണ്ഡലംതലങ്ങളില്‍ പ്രതിഷേധവും സെക്രട്ടറിയേറ്റിനു മുമ്പില്‍ സംസ്ഥാന നേതാക്കളുടെ ഉപവാസവും സംസ്ഥാനത്തെ നോര്‍ക്ക ഓഫിസുകളിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it