Kerala

സ്‌കൂട്ടര്‍ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്; അനന്തു കൃഷ്ണനെതിരേ പല ജില്ലകളില്‍ നിന്നും രണ്ടായിരത്തിലധികം പരാതികള്‍

സ്‌കൂട്ടര്‍ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്;   അനന്തു കൃഷ്ണനെതിരേ  പല ജില്ലകളില്‍ നിന്നും രണ്ടായിരത്തിലധികം പരാതികള്‍
X

കൊച്ചി: പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കഴിഞ്ഞ ദിവസമാണ് സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ അറസ്റ്റിലാവുന്നത്. അനന്തുവിനെതിരേ പല ജില്ലകളില്‍ നിന്നും രണ്ടായിരത്തിലധികം പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മൂവാറ്റുപുഴയില്‍ നിന്ന് മാത്രം 1200 പരാതികള്‍ വന്നതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.

ഇതിന് പിന്നാലെയാണ് എറണാകുളത്തെ മറ്റ് പ്രദേശങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും ഇയാളുടെ തട്ടിപ്പിനിരയായ നിരവധി പേര്‍ രംഗത്ത് വരുന്നത്. അനന്തു ഏറ്റവുമധികം തട്ടിപ്പ് നടത്തിയിരിക്കുന്നത് എറണാകുളം ജില്ലയിലാണെന്നാണ് നിഗമനം. പറവൂര്‍ മേഖലയില്‍ നിന്ന് മാത്രം ആയിരത്തിലധികം പരാതികളാണ് ലഭിച്ചിരിക്കുന്നത്.

നിലവില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംസ്ഥാന വ്യാപകമായി നടത്തിയ തട്ടിപ്പ് എന്ന നിലയിലാണ് മൂവാറ്റുപുഴ പോലീസില്‍ നിന്ന് അന്വേഷണം മാറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തീരുമാനമായിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് വൈകാതെ പുറത്തിറങ്ങും.

നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അനന്തു കൃഷ്ണന്‍ ഉള്ളത്. അനന്തുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനന്തുവിനെതിരേ പരാതി വന്നിട്ടുണ്ട്. എന്‍ജിഒകള്‍ രൂപീകരിച്ച് ജനപ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. ആയിരം കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.







Next Story

RELATED STORIES

Share it