കുടിവെള്ളത്തിലും വര്‍ഗീയത കലര്‍ത്തി മുതലെടുപ്പ് നടത്താന്‍ സംഘപരിവാര്‍ നീക്കം

കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂരില്‍ അയല്‍വാസികളായ ഹൈന്ദവര്‍ക്ക് നല്‍കിവന്ന കുടിവെള്ളം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മുസ്‌ലിം കുടുംബം നിര്‍ത്തിവച്ചുവെന്ന തരത്തിലാണ് സംഘപരിവാരം പ്രചരിപ്പിക്കുന്നത്.

കുടിവെള്ളത്തിലും വര്‍ഗീയത കലര്‍ത്തി മുതലെടുപ്പ് നടത്താന്‍ സംഘപരിവാര്‍ നീക്കം

കോഴിക്കോട്: മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ മലപ്പുറം ജില്ലയില്‍ കുടിവെള്ളത്തില്‍ പോലും വര്‍ഗീയത കലര്‍ത്തി മുതലെടുപ്പ് നടത്താനുള്ള സംഘപരിവാര നീക്കം പൊളിച്ച് നാട്ടുകാര്‍. കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂരില്‍ അയല്‍വാസികളായ ഹൈന്ദവര്‍ക്ക് നല്‍കിവന്ന കുടിവെള്ളം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മുസ്‌ലിം കുടുംബം നിര്‍ത്തിവച്ചുവെന്ന തരത്തിലാണ് സംഘപരിവാരം പ്രചരിപ്പിക്കുന്നത്. ഉഡുപ്പി- ചിക്മംഗളൂര്‍ എംപിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ ഉള്‍പ്പടെയുള്ള നേതാക്കളും ബിജെപി, സംഘപരിവാര മാധ്യമങ്ങളുമാണ് മലപ്പുറത്തിന്റെ മതസാഹോദര്യത്തിനുള്ളില്‍ വിഷം കലക്കാന്‍ ശ്രമിക്കുന്നത്. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചവര്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്നും തുടര്‍ന്ന് സേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്‌തെന്നുമാണ് ശോഭ കരന്തലജെ ട്വീറ്റ് ചെയ്തത്.


എന്നാല്‍, അത്തരം ഒരാരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് നാട്ടുകാരും സ്ഥലത്തെ ജനപ്രതിനിധികളും പറയുന്നു. കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂരില്‍ കുടിവെള്ള ദൗര്‍ലഭ്യമുള്ള പ്രദേശത്തെ 20 ഓളം വരുന്ന ഹൈന്ദവമത വിശ്വാസികള്‍ക്ക് കുടിവെള്ളം കൊടുത്തുപോരുന്നത് സമീപത്തെ ഒരു ഇസ്‌ലാംമത വിശ്വാസികളായ വീട്ടുകാരാണ്. വൈദ്യുതി ചാര്‍ജോ മറ്റേതെങ്കിലും തരത്തില്‍ പണമോ ഈടാക്കിയല്ല ഇത് ചെയ്തുവരുന്നത്.


എന്നാല്‍, പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തെന്ന പേരില്‍ ഇനി കുടിവെള്ളം തരില്ലെന്നു വീട്ടുകാര്‍ പറഞ്ഞുവെന്നാണ് സംഘപരിവാരം പ്രചരിപ്പിക്കുന്നത്. ഇതെത്തുടര്‍ന്ന് തങ്ങള്‍ കുടിവെള്ളം വിതരണം ചെയ്യുന്നുവെന്ന ബാനര്‍ സ്ഥാപിച്ച വാഹനത്തിലെത്തി കഴിഞ്ഞദിവസം സേവാഭാരതി പ്രവര്‍ത്തകര്‍ പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്തു. എന്നാല്‍, കുടിവെള്ളമെടുക്കരുതെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് വീട്ടുകാരും ആരോപണം കെട്ടിച്ചമച്ചതാണെന്ന് സ്ഥലത്തെ സാമൂഹിക, രാഷ്ട്രീയപ്രവര്‍ത്തകരും ഒരുപോലെ പറയുന്നു.


മലപ്പുറത്തെ ഹൈന്ദവ മതവിശ്വാസികളോട് ജില്ല വിട്ടുപോവാന്‍ പറയുന്നു എന്ന രീതിയിലാണ് കുപ്രചാരണം നടക്കുന്നത്. കേരളത്തില്‍ മറ്റൊരു കശ്മീര്‍ നടപ്പാക്കാനുള്ള ആദ്യപടികളെന്ന നിലയ്ക്കാണ് ശോഭ കരന്തലജെ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചില ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മതസാഹോദര്യവും പൊതുസമാധാനവും മികച്ച രീതിയില്‍ പുലരുന്ന മലപ്പുറത്തെ കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പഞ്ചായത്തില്‍ ഇത്തരമൊരു പരാതി കിട്ടിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇതുസംബന്ധിച്ച് പഞ്ചായത്തിലും പോലിസിലും പരാതി നല്‍കണമെന്നും സത്യാവസ്ഥ വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കണമെന്നും വാര്‍ഡ് മെംബറോട് അഭ്യര്‍ഥിച്ചതായി എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് മുസ്തഫ വളാഞ്ചേരി പറഞ്ഞു.

RELATED STORIES

Share it
Top